അഫ്‌ഗാനിസ്ഥാനിലെ ബാഗ്രാം സൈനികത്താവളം അമേരിക്കക്ക് സൈനിക ആവശ്യത്തിന് വേണമെന്നാവർത്തിച്ച് ട്രംപ്. ദിവസങ്ങൾക്ക് മുമ്പ് ട്രംപിന്റെ ആവശ്യം താലിബാൻ പ്രതിനിധി തള്ളിക്കളഞ്ഞിരുന്നു. പിന്നാലെയാണ് ട്രംപ് ഭീഷണിയുടെ സ്വരത്തിൽ വീണ്ടും ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
സോവിയറ്റ് യൂണിയൻ സഹായത്തോടെ നിർമിക്കപ്പെട്ട ബാഗ്രാം എയർബേസ് അഫ്ഗാൻ അധിനിവേശ കാലത്ത് അമേരിക്കൻ സേനയുടെ പ്രധാന കേന്ദ്രമായിരുന്നു. നൂറുകണക്കിന് അഫ്‌ഗാനികളെ അമേരിക്കൻ സൈന്യം ഇവിടെ തടവിൽ പാർപ്പിച്ച് പീഡിപ്പിച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എയർബേസിൽ നിന്നും അധികം അകലെ അല്ലാതെ ചൈനയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളുണ്ട് എന്നതാണ് യുഎസിന് താവളത്തിൽ തലപര്യം ഉണ്ടാവാൻ കാരണമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ അമേരിക്കയുമായി സാമ്പത്തികമായും, സാങ്കേതികമായും , നയതന്ത്രപരമായും ബന്ധങ്ങൾ ആവാമെന്നും അമേരിക്കൻ സൈന്യത്തിന്റെ സാന്നിധ്യം അനുവദിക്കാൻ ആവില്ലെന്നുമാണ് താലിബാൻ നിലപാട്.