• Thu. Dec 4th, 2025

24×7 Live News

Apdin News

ബാബറി മസ്ജിദ് പുനർനിർമിക്കുമെന്ന് പ്രതിജ്ഞ; ബംഗാൾ എംഎൽഎ ഹുമയൂൺ കബീറിനെ സസ്‌പെൻഡ് ചെയ്ത് ടിഎംസി

Byadmin

Dec 4, 2025



കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ബാബറി മസ്ജിദിന്റെ ഒരു പകർപ്പ് നിർമ്മിക്കുമെന്ന് പ്രതിജ്ഞയെടുത്ത തൃണമൂൽ കോൺഗ്രസ് (ടിഎംസി) പാർട്ടി എംഎൽഎ ഹുമയൂൺ കബീറിനെ സസ്‌പെൻഡ് ചെയ്തു. വിവാദപരമായ പരാമർശം നടത്തുന്നതിനെതിരെ ടിഎംസി നേതൃത്വം കബീറിന് മുന്നറിയിപ്പ് നൽകിയിരുന്നതായി മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.

“മുർഷിദാബാദിൽ നിന്നുള്ള ഞങ്ങളുടെ എംഎൽഎമാരിൽ ഒരാൾ പെട്ടെന്ന് ബാബറി മസ്ജിദ് പണിയുമെന്ന് പ്രഖ്യാപിച്ചത് ശ്രദ്ധയിൽപ്പെട്ടു. എന്തുകൊണ്ടാണ് പെട്ടെന്ന് ഇങ്ങനെയൊരു പ്രഖ്യാപനമെന്ന് മനസിലാവുന്നില്ല. ഞങ്ങൾ നൽകിയ മുന്നറിയിപ്പ് അദ്ദേഹം പാലിച്ചില്ല. അതിനാൽ ടിഎംസിയുടെ തീരുമാനപ്രകാരം ഞങ്ങൾ എംഎൽഎ ഹുമയൂൺ കബീറിനെ സസ്‌പെൻഡ് ചെയ്യുന്നു,” ടിഎംസി നേതാവും കൊൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കീമിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

ഹുമയൂൺ കബീറിന്റെ പ്രസ്താവനയിൽ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മസ്ജിദ് നിർമ്മാണ നീക്കവുമായി അവർക്കും അവരുടെ പാർട്ടിക്കും ബന്ധമില്ലെന്നും ഈ സന്ദേശം എംഎൽഎയെ അറിയിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.

By admin