• Sat. Nov 1st, 2025

24×7 Live News

Apdin News

ബാലഗോകുലത്തിന്റെ സുകൃതം കേരളം സുവര്‍ണ യാത്ര നവംബര്‍ ഒന്നിന് തുടങ്ങുന്നു, കന്യാകുമാരിയില്‍ തുടക്കം, ഗോകര്‍ണത്ത് സമാപനം

Byadmin

Oct 31, 2025



തിരുവനന്തപുരം:കേരളപ്പിറവിയില്‍ ആദര്‍ശ ബാല്യത്തിലൂടെ അമൃത ഭാരത സങ്കല്പവുമായി ബാലഗോകുലം. പുതുതലമുറയെ പഴിച്ചും ശപിച്ചും തള്ളിക്കളയുന്നവര്‍ക്കിടയിലേക്ക് ആശയ ദാരിദ്ര്യവും ആദര്‍ശ ക്ഷയവും മാറ്റുന്ന ആവിഷ്‌കാരവുമായി ബാലഗോകുലത്തിന്റെ കുട്ടികളിറങ്ങുന്നു.

‘സുകൃതം കേരളം സുവര്‍ണ യാത്ര’ എന്നാണ് ഈ കലാ യാത്രയുടെ പേര്.ബാലഗോകുലത്തിന്റെ സുവര്‍ണജയന്തി വര്‍ഷം കൂടിയാണിത്. ബാലഗോകുലം കന്യാകുമാരിമുതല്‍ ഗോകര്‍ണം വരെ അവതരിപ്പിക്കുന്ന നൃത്ത സംഗീത നാടകത്തിന്റെ തുടക്കം നവംബര്‍ 1ന് സാഗരസംഗമ പുണ്യഭൂമിയായ കന്യാകുമാരിയില്‍ കേന്ദ്ര മന്ത്രി എല്‍.മുരുകന്‍ ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് ഡിസംബറിലെ സ്‌കൂള്‍ അവധിക്കാലത്ത് എല്ലാ ജില്ലകളിലും വിവിധ കേന്ദ്രങ്ങളിലും ഇത് അവതരിപ്പിക്കും. ഗോകര്‍ണത്ത് ജനുവരി 12 ന്, സ്വാമി വിവേകാനന്ദ ജന്മദിനത്തില്‍ സമാപിക്കും.പ്രസിദ്ധ കവി പി.കെ. ഗോപി എഴുതിയ കവിതയ്‌ക്ക് പ്രമുഖ നൃത്തനാടക സംവിധായകന്‍ കനകദാസ് മാതാ പേരാമ്പ്ര തയാറാക്കി സംവിധാനം ചെയ്യുന്നതാണ് നാടകം. സംഗീതം സുരേന്ദ്രന്‍ മാസ്റ്റര്‍. യുവത്വം ഇവിടെ ശക്തി കൊള്ളുകയാണ്, സംസ്‌കാരം ഉയിരാളുകയാണ്, പുതിയ ലോകം രൂപം കൊള്ളുകയാണ് എന്നാണ് സന്ദേശം.

ഓരോ ജില്ലയിലും നിന്ന് ബാലഗോകുല അംഗങ്ങളുടെ രണ്ടു സംഘത്തെ ഈ നൃത്തശില്പം അഭ്യസിപ്പിക്കുകയാണ്. അവരാണ് അവതരിപ്പിക്കുന്നത് . അര മണിക്കൂറാണ് പരിപാടി. ആദര്‍ശവും ലക്ഷ്യവും കലയിലൂടെ ജനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ഇതിന്റെ രീതി.
ഇവിടെ ആത്മീയ സാംസ്‌കാരികതയില്‍ അടിയുറച്ച യുവജനത വളര്‍ന്നു വരുന്നുണ്ട്. അവരാണ് സമൂഹത്തെ അപകടവഴികളില്‍ നിന്ന് നേര്‍വഴി നടത്താന്‍ പോകുന്നത്. അതാണ് 2047ലെ അമൃത ഭാരതത്തിലേക്കുള്ള വഴികാട്ടികളെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ പറഞ്ഞു.

ലോകബാല്യത്തിന് തണലൊരുക്കാന്‍ കേരളം കണ്ടെത്തിയ ജീവിതമാതൃകയാണ് ഗോകുലമെന്ന് ആര്‍. പ്രസന്നകുമാര്‍ പറഞ്ഞു. വഴിതെറ്റുന്ന ബാല്യത്തിനു വഴിവിളക്കാവാന്‍, വഴിപിഴയ്‌ക്കുന്ന കൗമാരത്തിനു വകതിരിവേകാന്‍ വലിച്ചെറിഞ്ഞ മൂല്യങ്ങളെ തിരിച്ചറിവോടെ തിരിച്ചെടുക്കാന്‍
പ്രകൃതിയും സംസ്‌കൃതിയും രാഷ്‌ട്രവും കാത്തുസൂക്ഷിക്കുമെന്നു ദൃഢപ്രതിജ്ഞയെടുക്കാന്‍
ഭാര്‍ഗവഭൂമിയുടെ ആര്‍ഷചൈതന്യസ്മൃതിയാല്‍ സ്വയം നവീകരിക്കാന്‍
രാസലഹരിയുടെ കാളിയഫണങ്ങളില്‍ നിന്ന് നാടിനെ വീണ്ടെടുക്കാന്‍
കളിയില്‍ കുടുക്കി പ്രാണനെടുക്കുന്ന മൊബൈല്‍ കെണികളില്‍നിന്ന് കുട്ടികളെ മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ‘സുകൃതം കേരളം സുവര്‍ണ യാത്ര’യെന്ന് ബാലഗോകുലം അധ്യക്ഷന്‍ വിശദീകരിച്ചു.

 

By admin