ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുട്ടിയുടെ അമ്മാവന്‍ ഹരികുമാര്‍, അമ്മ ശ്രീതു എന്നിവരാണ് കേസിലെ പ്രതികള്‍. ഹരികുമാര്‍ കുട്ടിയെ കിണറ്റില്‍ എറിഞ്ഞപ്പോള്‍ ശ്രീതു തടഞ്ഞില്ലെന്ന് കുറ്റപത്രത്തില്‍ പറഞ്ഞു.
കഴിഞ്ഞ ജനുവരി 30ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ബാലരാമപുരത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ വീണുമരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
കോട്ടുകാല്‍കോണം വാറുവിളാകത്ത് വീട്ടിലാണ് ശ്രീതുവും മകള്‍ ദേവേന്ദുവും അമ്മയും സഹോദരന്‍ ഹരികുമാറും താമസിച്ചിരുന്നത്. സംഭവ ദിവസം പുലര്‍ച്ചെ ഹരികുമാര്‍ രണ്ട് വയസുകാരിയായ ദേവേന്ദുവിനെ കിണറ്റിലെറിയുകയായിരുന്നു. ഇത് കണ്ടിട്ടും ശ്രീതു തടഞ്ഞില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.