• Fri. Oct 30th, 2026

24×7 Live News

Apdin News

ബാലറ്റ് പേപ്പര്‍ വന്നിട്ടും കോണ്‍ഗ്രസിന് വട്ടപ്പൂജ്യം

Byadmin

Oct 30, 2026


തെരഞ്ഞെടുപ്പുകളില്‍ നിരന്തരം പരാജയപ്പെടുന്നത് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്രിമം കാണിക്കുന്നതു കൊണ്ടാണെന്ന് കോണ്‍ഗ്രസ് വാദിച്ചുകൊണ്ടിരിക്കുന്നത് അത്യന്തം ബാലിശമാണെന്ന് തെളിയിക്കുന്നതാണ് ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒഡിഷ, മഹാരാഷ്‌ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ എംഎല്‍സി തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പ് ഇവിഎമ്മിനു പകരം ബാലറ്റ് രീതിയിലേക്ക് മാറിയാല്‍ തങ്ങള്‍ ജയിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ നാല് സംസ്ഥാനങ്ങളില്‍ എംഎല്‍സി തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് രീതിയില്‍ നടത്തിയിട്ടും ഒരൊറ്റ സീറ്റില്‍ പോലും ജയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ബിജെപി പതിവുപോലെ വന്‍ വിജയം നേടുകയും ചെയ്തു. രാജ്യത്ത് ആറ് സംസ്ഥാനങ്ങളില്‍ മാത്രമാണ് എംഎല്‍സി സംവിധാനമുള്ളത്.

രാജ്യസഭയ്‌ക്ക് സമാനമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 30 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ നിയമനിര്‍മാണ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അര്‍ഹതയുള്ളൂ. എന്നാല്‍ ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കുള്ള കുറഞ്ഞ പ്രായപരിധി 25 വയസ്സാണ്. നിയമനിര്‍മാണ കൗണ്‍സില്‍ അംഗങ്ങള്‍ (എംഎല്‍സിമാര്‍) ആറ് വര്‍ഷത്തേക്കാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും മൂന്നിലൊന്ന് അംഗങ്ങള്‍ വിരമിക്കുന്നു. നിയമനിര്‍മാണ കൗണ്‍സില്‍ തെരഞ്ഞെടുപ്പുകള്‍ മുന്‍ഗണനാ വോട്ടിങ് രീതിയിലൂടെയാണ് നടത്തുന്നത്. മുനിസിപ്പാലിറ്റികള്‍, ജില്ലാ ബോര്‍ഡുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന വോട്ടര്‍മാരാണ് എംഎല്‍സിമാരില്‍ മൂന്നിലൊന്ന് പേരെ തിരഞ്ഞെടുക്കുന്നത്.

തങ്ങള്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ബി ജെ പി ഉജ്വല വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള കര്‍ണാടകയില്‍ ഒരൊറ്റ സീറ്റില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസ്സിനായില്ല. 11 സീറ്റുകളിലേക്കാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ആറ് സീറ്റു ബിജെപി നിലനിര്‍ത്തിയപ്പോള്‍ സമാജ്വാദി പാര്‍ട്ടി അഞ്ച് സീറ്റു നേടി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചു. മീററ്റിലെ ബിരുദധാരികളുടെ മണ്ഡലവും അധ്യാപക മണ്ഡലവും, ബറേലിമൊറാദാബാദ് അധ്യാപക മണ്ഡലവും, ലഖ്നൗ അധ്യാപക മണ്ഡലവും, ആഗ്ര ബിരുദധാരികളുടെ മണ്ഡലവും, ഗോരഖ്പൂര്‍ഫൈസാബാദ് അധ്യാപക മണ്ഡലവും പാര്‍ട്ടി നിലനിര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധീകരിക്കുന്ന വാരാണസിയിലെ അധ്യാപക മണ്ഡലത്തില്‍ എസ്പി ജയിച്ചത് ഉയര്‍ത്തിക്കാട്ടി ബിജെപിക്ക് തിരിച്ചടിയാണെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ശുദ്ധ ഭോഷ്‌കാണ്. കഴിഞ്ഞ തവണയും ഇവിടെ ജയിച്ചത് എസ്പി സ്ഥാനാര്‍ത്ഥികളായിരുന്നു. ഇപ്പോഴത്തെ നിലയനുസരിച്ച് 100 അംഗങ്ങളുള്ള ഉത്തര്‍പ്രദേശ് നിയമനിര്‍മാണ കൗണ്‍സിലില്‍ ബിജെപിക്ക് 79 സീറ്റുകളും എസ്പിക്ക് 10 സീറ്റുകളുമുണ്ട്.

ഇപ്പോഴത്തെ എംഎല്‍സി വിജയത്തോടെ അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുമെന്ന് ഉറപ്പായി. കര്‍ണാടക എംഎല്‍സി തെരഞ്ഞെടുപ്പിലും ബിജെപി-ജെഡിഎസ് സഖ്യം വന്‍ വിജയം നേടി. നാല് സിറ്റിങ് സീറ്റില്‍ ഒരെണ്ണത്തില്‍ പോലും ജയിക്കാന്‍ ഭരണകക്ഷിയായിരുന്നിട്ടും കോണ്‍ഗ്രസിന് കഴിയാത്തത് കനത്ത തിരിച്ചടിയാണ്.

ബിജെപിയും സഖ്യകക്ഷിയായ ജെഡിഎസും ചേര്‍ന്ന് നാലു സീറ്റുകളും സ്വന്തമാക്കി. ബിജെപി മൂന്ന് സീറ്റുകളിലും ജെഡിഎസ് ഒരു സീറ്റിലും വിജയിച്ചു. കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടികളിലൊന്ന് ലഭിച്ചത് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സ്വന്തം ജില്ലയായ കലബുറഗിയിലെ വടക്കുകിഴക്കന്‍ അധ്യാപക മണ്ഡലത്തില്‍ നിന്നാണ്. ബിജെപി സ്ഥാനാര്‍ഥിയാണ് ഇവിടെ ജയിച്ചത്. കര്‍ണാടകയിലെ ജനവികാരം കോണ്‍ഗ്രസിന് എതിരാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളായ രാഹുലും ഖാര്‍ഗെയും നടത്തുന്ന അവകാശവാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല.

ഈ ഫലങ്ങള്‍ ബിജെപി-ജെഡിഎസ് സഖ്യത്തിന് കൂടുതല്‍ കരുത്തേകുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാണ്. മഹാരാഷ്‌ട്രയിലെയും ഒഡിഷയിലെയും എംഎല്‍സി തെരഞ്ഞെടുപ്പുകളിലും ബിജെപിയും സഖ്യകക്ഷികളുമാണ് നേട്ടം കൈവരിച്ചത്. ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പ് നടത്തിയിട്ടും പരാജയപ്പെട്ടത് കോണ്‍ഗ്രസിന്റെ മുഖം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസിനെ പ്രധാനമന്ത്രി മോദി പരിഹസിക്കുകയും ചെയ്തു. എന്നിട്ടും എല്ലാവരുടെയും തല്ലുകൊള്ളുന്ന കവലച്ചട്ടമ്പിയെ പോലെ കോണ്‍ഗ്രസ് വെല്ലുവിളി തുടരുകയാണ്! പരാജയം ശീലമായ കോണ്‍ഗ്രസിന് ലജ്ജ എന്ന വികാരം പോലും നഷ്ടമായിരിക്കുകയാണല്ലോ.

By admin