കോഴിക്കോട്: കോഴിക്കോട് ബാലുശേരി കോട്ട ക്ഷേത്രത്തിലും സ്വർണ മോഷണം. വഴിപാട് സ്വർണം മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കൈവശപ്പെടുത്തിയെന്ന് കണ്ടെത്തൽ. പിന്നാലെ സ്വർണം ഇന്ന് തന്നെ ഹാജരാക്കണമെന്ന് ദേവസ്വം നിർദേശം നൽകിയിട്ടുണ്ട്. സ്ഥലം മാറി പോയ എക്സിക്യുട്ടീവ് ഓഫീസർ മാസങ്ങൾ കഴിഞ്ഞിട്ടും വഴിപാട് സ്വർണ ഉരുപ്പടികൾ പുതിയ ഉദ്യോഗസ്ഥർക്ക് കൈമാറാതെ വന്നതോടെയാണ് ദേവസ്വം ബോർഡിന്റെ ഇടപെടൽ.
ബാലുശേരി കോട്ട ക്ഷേത്രത്തിൽ നിന്നും കാണാതായ വഴിപാട് സ്വർണം ഇന്ന് ഹാജരാക്കണമെന്ന് മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർക്ക് അധികൃതരുടെ നിർദേശം. 2023 ൽ ബാലുശേരി കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നും സ്ഥലം മാറിപ്പോയ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി.ടി. വിനോദ് , വഴിപാടായി ലഭിച്ച സ്വർണ ഉരുപ്പടികൾ അധികൃതർക്ക് കൈമാറിയിരുന്നില്ല. സാധാരണ ഒരു ഉദ്യോഗസ്ഥൻ സ്ഥലം മാറുമ്പോൾ അവിടുത്തെ ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തിയ ഉരുപ്പടികൾ എന്നിവ പുതിയതായി ചുമതലയേറ്റ ഉദ്യോഗസ്ഥന് കൈമാറണം. എന്നാൽ വഴിപാട് സ്വർണം സൂക്ഷിച്ച ലോക്കറിന്റെ താക്കോൽ വിനോദ് കൈവശം വെക്കുകയായിരുന്നു.
ഇതിനിടെ രണ്ട് എക്സിക്യൂട്ടീവ് ഓഫീസർമാർ ചുമതലയേറ്റിട്ടും ലോക്കർ തുറന്ന് സ്വർണ ഉരുപ്പടികൾ കൈമാറാൻ വിനോദ് തയ്യാറായില്ല. പുതിയതായി ചുമതലയേറ്റ എക്സിക്യൂട്ടീവ് ഓഫീസർ ദിനേശ്, സംഭവത്തിൽ അധികൃതർക്ക് പരാതി നൽകി. ഇതോടെ സെപ്തംബർ 18 ന് വിനോദ് ക്ഷേത്രത്തിലെത്തി താക്കോൽ കൈമാറുകയും, ലോക്കറിൽ സൂക്ഷിച്ച ഉരുപ്പടികൾ എടുത്ത് നൽകുകയും ചെയ്തു. എന്നാൽ പരിശോധനയിൽ വഴിപാടായി ലഭിച്ച മുഴുവൻ സ്വർണവും ഇല്ലെന്ന് കണ്ടെത്തി. ബാക്കി സ്വർണം ഇന്ന് കൈമാറണമെന്നാണ് നിർദേശം.
ബാക്കിയുള്ള സ്വർണ ഉരുപ്പടികൾ ഇന്ന് ഹാജരാക്കിയില്ലെങ്കിൽ, വിനോദിനെതിരെ കേസുമായി മുന്നോട്ട് പോകാനാണ് ദേവസ്വത്തിന്റെ തീരുമാനം. ആരോപണവിധേയനായ എക്സിക്യൂട്ടീവ് ഓഫീസറെ 2024 മേയ് 29 ന് കൊയിലാണ്ടി പിഷാരികാവ് ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബാലുശേരി കോട്ടയില്‍ പരദേവതക്ക് ചാര്‍ത്തുന്നത് അകത്തെ ലോക്കറിലും വഴിപാട് സ്വർണം പുറത്തെ ലോക്കറിലുമാണ് സൂക്ഷിക്കാറുള്ളത്. ഇവ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാത്തതിനു പിന്നിലും ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.