
മുംബൈ: ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ബന്ധുക്കളായ ഉദ്ധവ് താക്കറെയും രാജ് താക്കറെയും 20 വർഷത്തിനുശേഷം ഒന്നിച്ചപ്പോള്‍ നഷ്ടമായതെല്ലാം തിരിച്ചുപിടിക്കാമെന്ന ഉദ്ധവ് താക്കരെയുടെ സ്വപ്നം വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തകര്‍ന്നു. 2019ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റകക്ഷിയും സഖ്യകക്ഷിയുമായ ബിജെപിയെ ചതിച്ച് മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി ബദ്ധശത്രുവായ ശരത് പവാറുമായി കൂട്ടുകൂടിയത് ഉദ്ധവ് താക്കറെയുടെ ഏറ്റവും വലിയ രാഷ്‌ട്രീയവഞ്ചനയായിരുന്നു. അതിന് ശേഷം അച്ഛന്‍ ബാല്‍ താക്കറെ ഉദ്ധവിനെ ഏല്‍പിച്ച ശിവസേന എന്ന സാമ്രാജ്യം പടിപടിയായി തകരുകയായിരുന്നു. എന്നാല്‍ ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ രാജ് താക്കറെയെ കൂട്ടുപിടിച്ച് മറാത്തി വോട്ടുകൾ ഏകീകരിക്കാനും ബാൽ താക്കറെയുടെ പൈതൃകം തിരിച്ചുപിടിക്കാനും ഉള്ള ഉദ്ധവ് താക്കറെയുടെ ശ്രമം എന്നെന്നേയ്‌ക്കുമായി പരാജയമടഞ്ഞിരിക്കുന്നു.
2024 ലെ മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാദി തകര്‍ന്നടിഞ്ഞ ശേഷം അര്‍ധസഹോദരനായ രാജ് താക്കറെയെ കൂട്ടുപിടിച്ച് മറാത്താവികാരമുണര്‍ത്തി മഹാരാഷ്‌ട്രയിലെ മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ പിടിക്കാമെന്ന നീക്കവും തകര്‍ന്നു. ഇനി എന്തായിരിക്കും ഉദ്ധവ് താക്കറെയുടെ ഭാവി എന്ന് ഉറ്റുനോക്കുകയാണ് രാഷ്‌ട്രീയ നിരീക്ഷകര്‍.
ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ 75000 കോടി രൂപ വാര്‍ഷികവരുമാനമുള്ള ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കോർപ്പറേഷനുകളിൽ ഒന്നാണ്. 25 വർഷമായി അവിടെ അധികാരത്തിലിരുന്ന ഉദ്ധവ് താക്കറെയുടെ ശിവസേനയ്‌ക്ക് ബിഎംസിയിലെ തെരഞ്ഞെടുപ്പ് വിജയം അത്യാവശ്യമായിരുന്നു. കാരണം ശിവസേനയുടെ ചെലവുകള്‍ കണ്ടെത്താനുള്ള വലിയ വഴിയാണ് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ അടഞ്ഞിരിക്കുന്നത്. അങ്ങിനെ ഉദ്ധവ് താക്കറെയുടെ അവസാന ശക്തികേന്ദ്രവും കൈവിട്ടിരിക്കുന്നു.
2017-ൽ ബിഎംസിയിലെ 227 വാർഡുകളിൽ 84 എണ്ണത്തിലും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള അവിഭക്ത ശിവസേന വിജയിച്ചിരുന്നു, പക്ഷെ വെള്ളിയാഴ്ച വോട്ടെണ്ണല്‍ നടന്നപ്പോള്‍ ബിജെപി-ഏക്നാഥ് ഷിന്‍ഡേ (ശിവസേന) സഖ്യമായ മഹായുതി 125 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ഉദ്ധവ് താക്കറെ ശിവസേനയും രാജ് താക്കറെ മഹാനവനിര്‍മ്മാണ്‍ സേനയും ചേര്‍ന്നുള്ള കൂട്ടുകെട്ടിന് ആകെ ലഭിച്ചത് 75 സീറ്റുകളാണ്. കോണ്‍ഗ്രസിന് 15 സീറ്റുകള്‍ ലഭിച്ചു.
ഉദ്ധവ് താക്കറെയുടെ ശിവസേന തകര്‍ന്നടിഞ്ഞതിന് ഇപ്പോള്‍ എല്ലാവരും വിമര്‍ശിക്കുന്നത് രാജ് താക്കറെയുടെ സാന്നിധ്യമാണ്. മറാത്ത അഭിമാനം ഉയര്‍ത്തിക്കൊണ്ടുള്ള പഴയ രാഷ്‌ട്രീയത്തിന് പ്രസക്തി കുറഞ്ഞിരിക്കുന്നു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. അണ്ണാമലൈ പറഞ്ഞതുപോലെ മുംബൈ ഒരു മറാത്ത നഗരം മാത്രമല്ല, അത് ഒരു ആഗോള നഗരമാണിന്ന് എന്നതാണ് വാസ്തവം. ഈ തെരഞ്ഞെടുപ്പ് കാലത്ത് മറാത്ത വികാരം ഉണര്‍ത്താന്‍ മഹാരാഷ്‌ട്രക്കാരല്ലാത്തവർക്കെതിരെ രാജ് താക്കറെയുടെ അനുയായികള്‍ കർക്കശമായ നിലപാട് എടുത്തിരുന്നു. മറാത്തി ഭാഷ സംസാരിക്കാത്തതിന്റെ പേരില്‍ രാജ് താക്കറെയുടെ പ്രവര്‍ത്തകര്‍ ആളുകളെ തല്ലിയത് ഉൾപ്പെടെയുള്ള ഗുണ്ടായിസം ഉദ്ധവ് താക്കറെ ശിവസേന (യുബിടി)യുടെ സീറ്റുകൾ നഷ്ടപ്പെടുത്തിയതായി കാണുന്നു. പ്രത്യേകിച്ച് മറാത്തികളല്ലാത്ത ജനസംഖ്യ കൂടുതലുള്ള വാർഡുകളിൽ.
ശിവസേന (യുബിടി), എംഎൻഎസ് എന്നിവയുമായി സഖ്യത്തിലായിരുന്ന ശരത് പവാറിന്റെ എൻസിപിക്ക് അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞില്ല.