
പാലക്കാട്: സിപിഎം ജില്ലാ കമ്മിറ്റിയില്‍ എ.കെ. ബാലനെതിരെ രൂക്ഷവിമര്‍ശനം. മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എ.കെ.ബാലന്റെ വിവാദ പ്രസ്താവനക്കെതിരെ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശമാണ് ഉയര്‍ന്നത്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ബാലന്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഇത് തള്ളിക്കളയുകയുണ്ടായി.
ബാലന്റെ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്നും, വാ തുറന്നാല്‍ പാര്‍ട്ടിക്ക് വോട്ട് പോകുമെന്നുമാണ് കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം. പാര്‍ട്ടി ചുമതലയില്ലാത്ത ബാലന്‍ എന്തിനാണ് മാധ്യമങ്ങളെ കാണുന്നതെന്നും, അബദ്ധ പ്രസ്താവനകള്‍ നടത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കരുതെന്നും ഭൂരിഭാഗം അംഗങ്ങളും വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും ജില്ലാ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.
മുന്‍ കേന്ദ്ര കമ്മിറ്റി അംഗം എന്നു പറഞ്ഞാണ് മാധ്യങ്ങളെ കാണുന്നത്. അങ്ങനൊരു പദവി പാര്‍ട്ടിയില്‍ ഉണ്ടോ എന്നും ജില്ല കമ്മിറ്റിയില്‍ ചോദ്യം ഉയര്‍ന്നു’.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്്ലാമി കൈകാര്യം ചെയ്യുമെന്നായിരുന്നു എ.കെ. ബാലന്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്. അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കും. ഒന്നാം മാറാട്, രണ്ടാം മാറാട്, തലശേരി കലാപത്തിന്റെ സമയങ്ങളില്‍ അവര്‍ നോക്കി നിന്നു. അവിടെ ജീവന്‍ കൊടുത്ത് നേരിട്ട പ്രസ്ഥാനമാണ് എന്റേത്. ജമാഅത്തെ ഇസ്ലാമിയെക്കാള്‍ വലിയ വര്‍ഗീയതയാണ് ലീഗ് പറയുന്നത്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അതേസമയം, കെടിഡിസി ചെയര്‍മാനായ പി.കെ.ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ശശി വര്‍ഗ വഞ്ചകനാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ശശിക്കൊപ്പം നിന്നിരുന്ന നേതാക്കള്‍ പോലും അദ്ദേഹത്തിനെതിരെ നിലപാടെടുത്തു.
ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന പി.കെ.ശശിയെ സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തിയിരുന്നു. മാത്രമല്ല, തദ്ദേശതെരഞ്ഞെടുപ്പില്‍ ശശി അനുകൂലികള്‍ മത്സരിക്കുകയും, വിജയിക്കുകയും ചെയ്തിരുന്നു. ഇത് പാര്‍ട്ടിക്ക് പ്രശ്നമായതായും ആരോപണമുയര്‍ന്നു.