ബംഗളൂരു: ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് കന്നഡയ്ക്ക് തിരിച്ചടി. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിന് ഷോ ചിത്രീകരിക്കുന്ന ബിഡദിയിലെ ജോളിവുഡ് സ്റ്റുഡിയോസ് ആന്റ് അഡ്വഞ്ചേഴ്‌സ് സെറ്റ് അടച്ചുപൂട്ടാന്‍ കര്‍ണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് (കെഎസ്പിസിബി) ഉത്തരവിട്ടു.
1974ലെ ജല മലിനീകരണ നിയന്ത്രണ നിയമവും 1981ലെ വായു മലിനീകരണ നിയന്ത്രണ നിയമവും പ്രകാരമുള്ള സമ്മതവും മറ്റും നേടാതെ വലിയ തോതിലുള്ള വിനോദ, സ്റ്റുഡിയോ പ്രവര്‍ത്തനങ്ങള്‍ക്കായി പരിസരം ഉപയോഗിക്കുന്നുവെന്ന് ബോര്‍ഡ് പറയുന്നു. മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നതടക്കം കെഎസ്പിസിബി ചൂണ്ടിക്കാട്ടുന്നുണ്ട്.
ബിഗ് ബോസ് സെറ്റിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. അടച്ചുപൂട്ടല്‍ ഉത്തരവിന്റെ പകര്‍പ്പ് രാമനഗര ജില്ലാ ഭരണകൂടത്തെയും ബെസ്‌കോം അധികാരികളെയും അയച്ചിട്ടുണ്ട്.
നടന്‍ കിച്ച സുദീപ് അവതാരകനായ ബിഗ് ബോസ് കന്നഡ വര്‍ഷങ്ങളായി ബിഡദിയിലെ ഈ പ്രത്യേക സെറ്റിലാണ് ചിത്രീകരിച്ചു വരുന്നത്.