• Thu. Aug 28th, 2025

24×7 Live News

Apdin News

ബിജാപുരിൽ കീഴടങ്ങിയ 30 നക്സലൈറ്റുകൾക്ക് വീടുകൾ ഒരുക്കി ബിജെപി സർക്കാർ : ഇത് സുരക്ഷാ സേനയുടെ വിജയമെന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി

Byadmin

Aug 28, 2025



റായ്‌പുർ : ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ കീഴടങ്ങിയ 30 നക്സലൈറ്റുകളെ പുനരധിവസിപ്പിച്ചു. ബിജാപുരിലെ 30 നക്സലൈറ്റുകളുടെ കീഴടങ്ങലും പുനരധിവാസവും സംസ്ഥാന സർക്കാരിന്റെ പുനരധിവാസ നയത്തിന്റെയും സുരക്ഷാ സേനയുടെ ശ്രമങ്ങളുടെയും നിലവിലുള്ള വികസന പ്രവർത്തനങ്ങളുടെയും ഫലമാണെന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ പറഞ്ഞു.

നക്സലൈറ്റുകൾ മുഖ്യധാരയിൽ ചേരാനും അവരുടെ ജീവിതം മെച്ചപ്പെടുത്താനും അദ്ദേഹം അഭ്യർത്ഥിച്ചു. കീഴടങ്ങിയ 30 നക്സലൈറ്റുകളിൽ 20 പേരുടെ തലയ്‌ക്ക് ആകമാനം 79 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

“ബസ്തർ മേഖലയിലെ ബിജാപൂരിൽ 30 നക്സലൈറ്റുകളെ പുനരധിവസിപ്പിച്ചിട്ടുണ്ട്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ സംഖ്യയാണിത്. ഛത്തീസ്ഗഢ് സർക്കാരിന്റെ പുനരധിവാസ നയത്തിന്റെയും സൈനികരുടെ ധീരതയുടെയും സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെയും ഫലമാണിത്. മുഖ്യധാരയിൽ ചേരാനും അവരുടെ ജീവിതം മെച്ചപ്പെടുത്താനും ഞങ്ങൾ നക്സലൈറ്റുകളോട് ആവർത്തിച്ച് അഭ്യർത്ഥിക്കുന്നു,” – വിജയ് ശർമ്മ പറഞ്ഞു.

അതേ സമയം കീഴടങ്ങിയ നക്സലൈറ്റുകളിൽ ഡിവിഷണൽ കമ്മിറ്റി അംഗം, കമ്പനി നമ്പർ രണ്ടിലെ അഞ്ച് അംഗങ്ങൾ, ഏരിയ കമ്മിറ്റിയിലെ രണ്ട് അംഗങ്ങൾ, പ്ലാറ്റൂൺ പാർട്ടിയിലെ നാല് അംഗങ്ങൾ, ഏരിയ കമ്മിറ്റി പാർട്ടിയിലെ അഞ്ച് അംഗങ്ങൾ, പിഎൽജിഎ ഏരിയ കമ്മിറ്റി അംഗം, ചേത്ന നാട്യ മഞ്ചിലെ രണ്ട് അംഗങ്ങൾ, ജന്തന സർക്കാരിന്റെ വൈസ് പ്രസിഡന്റ്, ജന്തന സർക്കാരിന്റെ അഞ്ച് അംഗങ്ങൾ, മിലിഷ്യ പ്ലാറ്റൂണിലെ രണ്ട് അംഗങ്ങൾ, ദണ്ഡകാരണ്യ ആദിവാസി കിസാൻ മസ്ദൂർ സംഘ്താന്റെ രണ്ട് അംഗങ്ങൾ എന്നിവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

2025 ജനുവരി 1 മുതൽ ബിജാപുർ ജില്ലയിൽ 331 നക്സലൈറ്റുകൾ അറസ്റ്റിലായതായും 307 മാവോയിസ്റ്റുകൾ കീഴടങ്ങിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലയിൽ നടന്ന വിവിധ ഏറ്റുമുട്ടലുകളിലായി ആകെ 132 നക്സലൈറ്റുകൾ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു. കീഴടങ്ങി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വന്ന എല്ലാ നക്സലൈറ്റുകൾക്കും പ്രോത്സാഹനമായി 50,000 രൂപയുടെ ചെക്കുകൾ നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

By admin