• Wed. Apr 8th, 2026

24×7 Live News

Apdin News

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Byadmin

Apr 8, 2026


പാലക്കാട് :ബി ജെ പിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു.ബി ജെ പി പ്രവര്‍ത്തക നല്‍കിയ പണം വാങ്ങിയെന്ന ചാനലുകളിലെ വാര്‍ത്ത, ആരോപണം നേരിടുന്ന വയോധിക നിഷേധിച്ചു. തന്റെ കൈവശം ഉണ്ടായിരുന്ന പണമാണ് ചാനല്‍ ദൃശ്യങ്ങളില്‍ കാണിക്കുന്നതെന്ന് അവര്‍ വെളിപ്പെടുത്തി.

ആരോപണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഫ്‌ലയിംഗ് സ്‌ക്വാഡും സ്‌പെഷ്യല്‍ ബ്രാഞ്ചും പ്രാഥമിക പരിശോധന നടത്തി.വെള്ള ചുരിദാര്‍ ഇട്ട സ്ത്രീ വയോധികയ്‌ക്ക് പണം കൈമാറിയെന്ന് ആരോപിച്ച് പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ട് ഇടപെടുകയായിരുന്നു. ബി ജെ പി പ്രവര്‍ത്തക പണം നല്‍കിയിട്ടില്ലെന്നാണ് വയോധികയും കുടുംബവും പറഞ്ഞതെന്ന് വീട്ടിലെത്തി അന്വേഷണം നടത്തിയ തെരഞ്ഞെടുപ്പ് ഫ്‌ലയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പൈസയൊന്നും തന്നില്ലെന്നും ദൃശ്യങ്ങളില്‍ കാണുന്ന പണം അവരുടെ കയ്യില്‍ ഉണ്ടായിരുന്നതാണെന്നും വീട്ടുകാര്‍ വിവരിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം, തിരക്കഥ തയാറാക്കി തന്നെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉയരുന്ന ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയാണ്. കണ്ണാടിയില്‍ താന്‍ പോയത് അര്‍ബുദ രോഗിയെ കാണാനാണ്. തന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുടര്‍ന്നപ്പോള്‍ അത് ചോദ്യം ചെയ്യുകയാണ് ചെയ്തത്. വിനേഷ് എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത്. ഒപ്പം ഉണ്ടായിരുന്നയാള്‍ സഭ്യമല്ലാത്ത ആംഗ്യം കാണിച്ചതിനെ താന്‍ ചോദ്യം ചെയ്തതെന്നും ഒരു സ്ത്രീ കണ്ടാല്‍ വേദനിക്കുന്ന രീതിയില്‍ ആര് പെരുമാറിയാലും ചോദ്യം ചെയ്യുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട് ബിജെപി ജയിക്കും എന്ന് കണ്ട് നേരത്തെ തിരക്കഥ തയാറാക്കുകയാണ് ചെയ്തത്. ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കും. ദൃശ്യങ്ങളില്‍ കാണുന്ന വയോധികയ്‌ക്ക് പണം നല്‍കിയ വെള്ള ചുരിദാര്‍ ഇട്ട സ്ത്രീ തന്റെ കാറില്‍ കയറിയിട്ടില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞ് മാത്രമായിരിക്കും. സത്യം തെളിയിച്ച ശേഷം മാത്രമേ ഇതില്‍ നിന്ന് പിന്മാറൂ എന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

 



By admin