
പാലക്കാട്: സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രന്‍. ഇതിനുദാഹരണമാണ് സിപിഎം എംഎല്‍എ മുകുന്ദന്‍ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് വന്നതെന്നും അവര്‍ പറഞ്ഞു.
സിപിഎമ്മിന്റെ മൂല്യങ്ങളെ തകര്‍ത്തുകൊണ്ട് മക്കള്‍ രാഷ്‌ട്രീയത്തിനും മരുമക്കള്‍ രാഷ്‌ട്രീയത്തിനും അനുകൂലിച്ചാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നതെന്ന് വിളിച്ചുപറഞ്ഞാണ് കണ്ണൂരില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ രംഗത്തുവന്നത്. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറുടെയും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെയും വാക്കുകളോട് പിണറായി വിജയന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. സിപിഎം വലിയ രീതിയിലൂള്ള അപചയത്തിലാണ്. ഗൗരിയമ്മയെ ബലിയാടാക്കിയത് പോലെ ശൈലജയെയും ബലിയാടാക്കി ശ്യാമളയെ പ്രതിഷ്ഠിക്കുകയാണ്. സിപിഎമ്മിനകത്ത് വലിയ പൊട്ടിത്തെറികളും വാഗ്വാദങ്ങളും പുസ്തകപ്രകാശനങ്ങളും നടക്കുന്നത് ഇതിനുദാഹരണമാണ്.
പാലക്കാട് 13 വര്‍ഷത്തോളം എംഎല്‍എയായിരുന്നയാള്‍ മണ്ഡലത്തിന് വേണ്ടി എന്തുചെയ്തുവെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. തുടര്‍ന്ന് വന്ന എംഎല്‍എയും ജനങ്ങളെ വേദനപ്പിക്കുകയാണുണ്ടായത്. 15 വര്‍ഷമാണ് പാലക്കാടിന് നഷ്ടപ്പെട്ടത്. ബിജെപി പാലക്കാട് ഉയര്‍ത്തിപ്പിടിക്കുന്നത് സമഗ്രമായ പുരോഗതിയാണ്. പാലക്കാട്ടെ കര്‍ഷകരുടെ പ്രശ്നങ്ങള്‍, വിദ്യാഭ്യാസ മുന്നേറ്റത്തിനുള്ള വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കേരള ജനത ഇടത്തോട്ടും-വലത്തോട്ടുമല്ലാതെ നേര്‍ രേഖയിലൂടെ യാത്രചെയ്താല്‍ നാട് കൂടുതല്‍ വികസിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ജനം ഉള്‍ക്കൊള്ളും. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ സമീപ സംസ്ഥാനങ്ങളില്‍ വ്യാവസായിക മുന്നേറ്റം നടക്കുമ്പോള്‍ കേരളത്തില്‍ നേരെ തിരിച്ചാണ്. സംസ്ഥാനം വരുമാനമുണ്ടാക്കുന്നത് മദ്യത്തിലൂടെയും ലോട്ടറിയിലൂടെയുമാണ്. ഒരു മേഖലയിലും സര്‍ക്കാരിന് മുന്നേറാന്‍ കഴിയുന്നില്ല. ജനം ഉന്നയിക്കുന്ന ഒരു ചോദ്യത്തെയും അഭിമുഖീകരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത്.
പാലക്കാട്ട് നിന്ന് എംഎല്‍എമാരും എംപിമാരും മന്ത്രിമാരുമുണ്ടായിട്ടും ഇവിടെ എന്ത് വികസനമാണ് കൊണ്ടുവന്നതെന്നും അവര്‍ ചോദിച്ചു. രാഷ്‌ട്രീയം നോക്കാതെ പൊതുജനങ്ങള്‍ക്കുവേണ്ടിയാവും തന്റെ ശബ്ദമെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വികസനമെന്ന അജണ്ട ഉയര്‍ത്തിപ്പിടിച്ചാണ് പോരാട്ടം. കര്‍ഷകര്‍, അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍, ടെക്നോളജിസ്റ്റുകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു സംഘത്തിന്റെ പിന്തുണയോടെയാവും വികസന രേഖ അവതരിപ്പിക്കുക. ആരോഗ്യമേഖല, യുവജനത എന്നിവര്‍ക്കായി മാനിഫെസ്റ്റോ തയ്യാറാക്കുമെന്നും അവര്‍ പറഞ്ഞു.