കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിക്ക്് ക്ലീന്‍ചിറ്റ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. തെരഞ്ഞടുപ്പ് പ്രചാരണതത്തിനായി പണം ബിജെപി എത്തിച്ചതാണെന്ന പൊലീസിന്റെ കണ്ടെത്തല്‍ തളളി ഇഡി. കേസില്‍ 23 പ്രതികളാണ് ഉള്ളത്. കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ആലപ്പുഴയിലുള്ള തിരുവതാംകൂര്‍ പാലസ് പ്രോപ്പര്‍ട്ടി വാങ്ങുന്നതിന് ധര്‍മരാജ്, ഡ്രൈവര്‍ ഷംജീറിന്റെ പക്കല്‍ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയില്‍ വച്ച് കവര്‍ച്ച നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ധര്‍മരാജ് ഹാജരാക്കിയിരുന്നു. പൊലീസ് കണ്ടെത്തിയ കളവ് മുതലിന് പുറമെ 3 ലക്ഷം രൂപയും 8 ലക്ഷം രൂപയുടെ വസ്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു.
അതേസമയം കേസില്‍ ബിജെപി നേതാക്കളെ ഒഴിവാക്കിയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച കുഴല്‍പണം കൊളളയടിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ കള്ളപ്പണം പാര്‍ട്ടി ഓഫീസില്‍ എത്തിച്ചിരുന്നതായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി വെളിപ്പെടുത്തിയിരുന്നു.
2021 ഏപ്രില്‍ നാലിന് തൃശൂരിലെ കൊടകരയില്‍ നടന്ന ഹൈവേ കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് കള്ളപ്പണ ഇടപാട് പുറത്തുവരുന്നത്.ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍ണാടകയില്‍ നിന്ന് കേരളത്തില്‍ എത്തിച്ച പണം മോഷണം പോയതെന്നായിരുന്നു ആരോപണം. ഏപ്രില്‍ മൂന്നിനായിരുന്നു സംഭവം. തൃശൂരില്‍ നിന്ന് ബിജെപിയുടെ ആലപ്പുഴ ജില്ലാ ഓഫീസിലേക്ക് കൊണ്ടുപോയതെന്ന് ആരോപിച്ച പണം കൊടകരയില്‍വെച്ച് വ്യാജ അപകടം സൃഷ്ടിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. മൂന്നരക്കോടി രൂപയാണ് കവര്‍ന്നത്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ദുരൂഹത തോന്നിയതിനാല്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസില്‍ 23 പേരെ അറസ്റ്റ് ചെയ്തിരുന്നു
എന്നാല്‍ കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് പറഞ്ഞിരുന്നു.