
ഇടുക്കി: സിപിഎം വിട്ട് ബിജെപിയില്‍ എത്തിയ എസ് രാജേന്ദ്രനെതിരെ ഭീഷണിപ്രസംഗവുമായി എം എം മണി.എല്ലാം നല്‍കിയ പാര്‍ട്ടിയെ വഞ്ചിച്ച രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് എം എം മണി പറഞ്ഞു.
മൂന്നാറില്‍ നടന്ന സിപിഎം പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അതേസമയം പ്രസംഗത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് എസ് രാജേന്ദ്രന്‍ പ്രതികരിച്ചു. മരണ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ആനുകൂല്യങ്ങളും പദവികളും വാങ്ങി വഞ്ചിച്ചയാളെ കൈകാര്യം ചെയ്യണമെന്നാണ് ആഹ്വാനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മില്‍ നിന്ന് അകന്നുനില്‍ക്കുകയായിരുന്നു എസ് രാജേന്ദ്രന്‍. കഴിഞ്ഞ തവണ ദേവികുളത്ത് മത്സരിച്ച അഡ്വ. എസ് രാജയുടെ വോട്ട് വിഹിതം കുറയാന്‍ കാരണം രാജേന്ദ്രനെന്നായിരുന്നു സിപിഎം കണ്ടെത്തല്‍.
തുടര്‍ന്ന് അന്വേഷണം നടത്തിയ പാര്‍ട്ടി കമ്മീഷന് ,രാജേന്ദ്രന്‍ മൊഴി നല്‍കിയത് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ വി ശശിയുടെ നീക്കങ്ങളാണ് തനിക്കെതിരെയെന്നും,ശശി പ്രസിഡന്റായ സഹകരണ ബാങ്കില്‍ സാമ്പത്തിക തിരിമറിയുണ്ടെന്നുമാണ്.അംഗത്വം പോലും പുതുക്കാതെ മാറി നിന്ന രാജേന്ദ്രനെ അനുനയിപ്പിക്കാന്‍ ഒരുവിഭാഗം നേതാക്കള്‍ ഇടപെട്ടെങ്കിലും ബിജെപി അംഗത്വം സ്വീകരിച്ചത് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.