
തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്ത ബിജെപി നേതാവ് വിവി രാജേഷിന് ആശംസകൾ നേർന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ. ചരിത്രത്തിൽ ആദ്യമായാണ് ഒരു ബിജെപി നേതാവ് തിരുവനന്തപുരം നഗര പിതാവ് ആകുന്നത്. 51 വോട്ടുകള്‍ നേടിയാണ് രാജേഷിന്റെ വിജയം.
50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയാണ് രാജേഷിന് ലഭിച്ചത്. എംആര്‍ ഗോപനാണ് വിവി രാജേഷിന്റെ പേര് നിര്‍ദേശിച്ചത്. വി ജി ഗിരികുമാര്‍ പിന്‍താങ്ങി. കോണ്‍ഗ്രസില്‍ നിന്ന് ശബരീനാഥനും സിപിഎമ്മില്‍ നിന്ന് ആര്‍ പി ശിവജിയും മത്സരിച്ചിരുന്നു. വോട്ട് എണ്ണിയപ്പോള്‍ സാധുവായത് 97 വോട്ടുകളായിരുന്നു. രണ്ട് കോണ്‍ഗ്രസ് വോട്ടുകള്‍ അസാധുവായി. ഒപ്പ് ഇട്ടതിലെ പിഴവ് മൂലമാണ് കെ ആര്‍ ക്ലീറ്റസ്, ലതിക എന്നിവരുടെ വോട്ടുകള്‍ അസാധു ആയത്. ഇതോടെ കെഎസ് ശബരീനാഥന് 17 വോട്ടുകളാണ് ലഭിച്ചത്.
എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ആര്‍ പി ശിവജിക്ക് 29 വോട്ടുകളും ലഭിച്ചു. തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്ന് രാജേഷ് പറഞ്ഞു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധിയാണ്. അതുകൊണ്ട് തന്നെ വലിയ വികസനം കൊണ്ടുവരാന്‍ കഴിയും. അതിനായി പ്രവര്‍ത്തിക്കുമെന്നും രാജേഷ് പറഞ്ഞു.