
കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കണ്ടെത്തിയ സംഭവത്തില്‍ ഹോട്ടലിനും സൊമാറ്റോയ്‌ക്കും പിഴയിട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. ഏറ്റുമാനൂര്‍ സ്വദേശി വിഷ്ണു നല്‍കിയ പരാതിയിലാണ് നടപടി.
ഹോട്ടല്‍ ഉടമ 50000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി ചെലവും പരാതിക്കാരന് നല്‍കണം. ബിരിയാണിയുടെ വിലയും തിരികെ നല്‍കണം. നഷ്ടപരിഹാരമായി സൊമാറ്റോ 25,000 രൂപനല്‍കണം.
കഴിഞ്ഞ നവംബര്‍ പത്തിന് അതിരമ്പുഴയിലുള്ള ഹോട്ടലില്‍നിന്ന് സൊമാറ്റോ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്നുമാണ് ചത്ത പഴുതാരയെ ലഭിച്ചത്. പരാതിയുമായി സൊമാറ്റോയെ സമീപിച്ചിരുന്നു.ബിരിയാണിയുടെ വില മടക്കി നല്‍കാമെന്ന് അറിയിച്ചെങ്കിലും പണം ലഭിച്ചില്ല.
പാകം ചെയ്തതും വിതരണം ചെയ്തതുമായ ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയത്. ഇത് ഹോട്ടലിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്നും കമ്മീഷന്‍ കണ്ടെത്തി.