ഭാരതത്തില്‍ പതിനൊന്ന് സംസ്ഥാനത്ത് ശക്തമായ മതപരിവര്‍ത്തന നിരോധനനിയമമുണ്ട്. അതില്‍ കുറച്ചുകൂടി ശക്തമായതാണ് ഛത്തിസ്ഗഡിലെ നിയമമെന്ന് പറയേണ്ടിയിരിക്കുന്നു. ഗോത്രവര്‍ഗമേഖലയടക്കമുള്ള സ്ഥലത്ത് നിയമം പാസാക്കിയത് ബിജെപിയല്ല. ബിജെപി രൂപം കൊള്ളുന്നതിന് എത്രയോ മുന്‍പ് 1967 ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് നിയമം കൊണ്ടുവന്നത്. 2023 വരെ കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനമാണ് ഛത്തിസ്ഗഡ്. രണ്ട് കന്യാസ്ത്രീകള്‍ അറസ്റ്റുചെയ്യപ്പെട്ട് ജയിലില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. കേരളത്തില്‍ ചാനലുകളും മറ്റ് മാധ്യമങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളുമെല്ലാം ഉടുതുണിക്ക് തീപിടിച്ച വെപ്രാളത്തിലും വേവലാതികളിലും പെട്ടുഴലുകയാണ്. ഇവിടുത്തെ എംപിമാരും എംഎല്‍എമാരും ഇതില്‍പ്പെടാത്തവരും കിടന്നോടുന്നു. വാര്‍ത്താസമ്മേളനം നടത്തുന്നു. പ്രതികരണങ്ങളും പ്രതിഷേധങ്ങളുമായി രംഗം കൊഴുപ്പിക്കുന്നു. ഛത്തിസ്ഗഡിലേക്കോടുന്നു.
അവിടെ മുഖ്യപ്രതിപക്ഷമാണ് കോണ്‍ഗ്രസ്. അവരുടെ ഒരു പ്രസ്താവനയും പ്രതിഷേധവും കണ്ടില്ല. കമ്യൂണിസ്റ്റുകാരെക്കുറിച്ച് കേട്ടിട്ടില്ല. പക്ഷേ, കേരളത്തിലെ കോണ്‍ഗ്രസുകാരും എംപിമാരും കമ്യൂണിസ്റ്റ് എം.പി.മാരുമെല്ലാം വീണുകിട്ടിയ കോളുപോലെ ഇട്ടലയ്‌ക്കുകയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും കേന്ദ്രസഹമന്ത്രിമാരുമെല്ലാം പെട്ടുപോയി എന്ന വേവലാതിയാണവര്‍ പ്രകടിപ്പിക്കുന്നത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ ആക്ഷേപിച്ചു, അധിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങളും ഉന്നയിക്കുകയാണ്. എന്നാല്‍ കന്യാസ്ത്രീകള്‍ക്ക് ഒരധിക്ഷേപവും സഹിക്കേണ്ടി വന്നിട്ടില്ല എന്നാണ് നേരിട്ടവരെ കണ്ട അനൂപ് ആന്റണിയും സംഘവും പറഞ്ഞത്. കേരളത്തിലെ എസ്എഫ്‌ഐക്കാര്‍ എഐഎസ്എഫുകാരോട് പറഞ്ഞതുപോലുള്ള ഒരു കാര്യവും നടന്നിട്ടില്ല. വസ്ത്രം വലിച്ചുകീറുകയോ തലപ്പാവഴിച്ച് നോക്കുകയോ ഒന്നും ചെയ്തിട്ടില്ല. പിന്നെ വിട്ടയയ്‌ക്കാന്‍ കഴിയാത്തത് നിലവിലുള്ള നിയമത്തിന്റെ നൂലാമാലകൊണ്ടാണ്.
രാജീവ്ചന്ദ്രശേഖര്‍ ദല്‍ഹിയില്‍ ആഭ്യന്തരമന്ത്രിയേയും പ്രധാനമന്ത്രിയോയും കണ്ടതിന്റെ ഗുണം ഉണ്ടായി. അതിന്റെ ഫലം അറിയിക്കാനാണ് തൃശൂര്‍ ബിഷപ്പിനെ കണ്ടത്. കേക്ക് നല്‍കാനും ചായകുടിക്കാനും മാത്രമല്ല, ഇത്തരം പ്രതിസന്ധി ഘട്ടത്തിലും കൂടെയുണ്ടെന്ന് കാട്ടാനുമാണദ്ദേഹം ശ്രമിച്ചത്. അത് വോട്ടിനുവേണ്ടിയുള്ള പ്രയത്‌നമല്ല. വോട്ട് കിട്ടിയാലും ഇല്ലെങ്കിലും അതുണ്ടാകും. കെ.സി. വേണുഗോപാല്‍ പറയുന്നു, ന്യൂനപക്ഷ വിരോധമാണ് ബിജെപിയുടെ ഡിഎന്‍എ എന്ന്. അതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
ബിജെപിയുടെ ചായകുടിയും കേക്കുതീറ്റയുമൊന്നും ഇനി ഇല്ലെന്ന് ചില കേന്ദ്രങ്ങള്‍ കൂകിവിളിക്കുന്നതും കേട്ടു. അത് കേട്ടാസ്വദിക്കുന്നതും കണ്ടു. ഒരു തിരുമേനിയേയും നികൃഷ്ട ജീവിയായി ബിജെപി വിശേഷിപ്പിച്ചിട്ടില്ല. കടക്കുപുറത്ത് എന്ന് പറഞ്ഞിട്ടുമില്ല. മൂന്നുവര്‍ഷം മുന്‍പ് മൂന്നു കന്യാസ്ത്രീകളെ തൃശൂരില്‍ ഇതേ കേസില്‍ പിടിച്ച് ജയിലിലിട്ടതല്ലേ.! അന്നൊന്നും ഇന്നത്തെ പോലെ പ്രതിഷേധം കണ്ടില്ലല്ലോ. പ്രതികരണം കേട്ടില്ലല്ലോ. ഒരച്ഛനും ഇമ്മാതിരി അഭിപ്രായ പ്രടനവും നടത്തിയിട്ടില്ലല്ലോ!
ജോര്‍ജ് കുര്യന്‍ കേന്ദ്രസഹമന്ത്രിയായതും കന്യാസ്ത്രീ വിഷയത്തില്‍ ഇടപെട്ടതിലുമാണ് ചാനലുകള്‍ക്ക് കലിപ്പ്. 40 വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന ജോര്‍ജ് കുര്യനെ പഠിപ്പിക്കാനാണ് ചില ചാനല്‍ വിശാരദന്മാരുടെ അദ്ധ്വാനം. ജോര്‍ജ് കുര്യനെ ഹിന്ദി പഠിപ്പിക്കാനും ഇംഗ്ലീഷ് പ്രയോഗം അഭ്യസിപ്പിക്കാനുമാണവരുടെ പ്രയത്‌നം. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. പി. ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്ന 2008 ലാണ് മലേഗാവ് സ്‌ഫോടനം നടന്നത്. പ്രജ്ഞാസിങ് ഠാക്കൂര്‍ ഉള്‍പ്പെടെ എട്ടു പേര്‍ 17 വര്‍ഷമായി തടവിലായിരുന്നു. ഒരാളെപ്പോലും 11 വര്‍ഷമായി വിട്ടയക്കാന്‍ മോദി ശ്രമിച്ചില്ല. ഇപ്പോള്‍ കുറ്റക്കാരല്ലെന്നുകണ്ട് കോടതിവിട്ടയച്ചു. ഇതൊക്കെ ബിഷപ്പുമാരും കാണണം. നിയമം നിയമത്തിന്റെ വഴിക്ക്. അത് തുറന്നുപറയാനും പറയാതിരിക്കാനും കഴിയണം. പ്രജ്ഞാ സിങ് ഠാക്കൂര്‍ സംന്യാസിനിയാണ്. കള്ളക്കേസ് ചുമത്തി പീഡിപ്പിച്ചു. മര്‍ദ്ദിച്ചു. എടിഎസ് ആണ് ആദ്യം കേസ് അന്വേഷണം നടത്തിയത്. ഒടുവിലത് എന്‍ഐഎയ്‌ക്ക് വിട്ടു. അതാണിപ്പോള്‍ തീര്‍പ്പായത്.