
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 18 ജില്ലകളിലെ 121 സീറ്റുകളിലാണ് ആദ്യഘട്ടം വോട്ടെടുപ്പ് നടന്നത്. ബെഗുസാരായി , സമസ്തിപൂര്‍ , മധേപുര ജില്ലകളിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്.
2000ത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 62.57 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതാണ് ഇതിന് മുന്‍പുള്ള ഉയര്‍ന്ന പോളിംഗ് ശതമാനം . ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ 64.6 ശതമാനം പോളിംഗ് നടന്ന 1998ലാണ് ഏറ്റവും കൂടുതല്‍ വോട്ടിംഗ് നടന്നത്.
ലഖിസാരായി മണ്ഡലത്തില്‍ ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ വിജയ് കുമാര്‍ സിന്‍ഹയുടെ കാര്‍ വളഞ്ഞ് ചെരിപ്പെറിഞ്ഞു. സംഭവ സ്ഥലത്ത് തടിച്ചുകൂടിയ ആര്‍.ജെ.ഡി, ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരം പൊലീസ് കേസെടുത്തു. സരണ്‍ ജില്ലയിലെ മാഞ്ചി നിയമസഭാ മണ്ഡലത്തില്‍, സി.പി. എം.എല്‍.എയും സ്ഥാനാര്‍ത്ഥിയുമായ സത്യേന്ദ്ര യാദവിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ത്തു.