തിരുവനന്തപുരം: ബിഹാര്‍ മോഡല്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) കേരളത്തില്‍ നടപ്പാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തില്‍ ശക്തമായ എതിര്‍പ്പുമായി യുഡിഎഫ്. എസ്.ഐ.ആര്‍ നടപ്പാക്കുന്നതിന് മുന്നോടിയായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.യു.ആര്‍ രത്തന്‍ ഖേല്‍ക്കര്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് യു.ഡി.എഫ് പ്രതിനിധികള്‍ ശക്തമായ എതിര്‍പ്പറിയിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്ത 52 ലക്ഷം പേരെ ഒഴിവാക്കാനുള്ള തെരഞ്ഞെടുപ്പു കമ്മിഷന്റെ നീക്കം അനുവദിക്കാനാകില്ലെന്ന് യോഗത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധികരിച്ച പി.സി വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു. ആധാറിന് പുറമേ പതിമൂന്നാമത്തെ ആധികാരിക രേഖയായി റേഷന്‍കാര്‍ഡ് കൂടി അംഗീകരിക്കണം. ബീഹാര്‍ മോഡലിനെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ തോതിലുള്ള പ്രതിഷേധമുയര്‍ത്തുമ്പോള്‍ അതേ മോഡല്‍ കേരളത്തില്‍ നടപ്പാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് നടപടികളിലേക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ കടന്നിരിക്കേ അതോടൊപ്പം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപിടിയുമായി തിടുക്കത്തില്‍ മുന്നോട്ടു പോകാനുള്ള തീരുമാനം മാറ്റിവെക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത്ര കാലവും വോട്ടര്‍പട്ടിക പുതുക്കിയത് ഏറ്റവും ഒടുവിലെ വോട്ടര്‍ പട്ടിക അടിസ്ഥാന രേഖയാക്കിയായിരുന്നെങ്കില്‍ എസ്.ഐ.ആര്‍ പരിഷ്‌കരണത്തിന് 2002ലെ വോട്ടര്‍ പട്ടിക അടിസ്ഥാന രേഖയാക്കുന്നത് തികച്ചും ദുരൂഹമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ലിജു പറഞ്ഞു.
2002ലെ വോട്ടര്‍ പട്ടിക അടിസ്ഥാന രേഖയാക്കിയുള്ള വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിലൂടെ കഴിഞ്ഞ 4 നിയമസഭാ തെരഞ്ഞെടുപ്പുകളിലും 5 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും വോട്ടു രേഖപ്പെടുത്തിയ 52 ലക്ഷം അര്‍ഹരായ വോട്ടര്‍മാര്‍ ഒഴിവാക്കപ്പെടുമെന്ന് യോഗത്തില്‍ സി.പി.എം പ്രതിനിധി എം.വി ജയരാജന്‍ പറഞ്ഞു. എന്യൂമറേഷന്‍ ഫോം പൂരിപ്പിക്കുന്നത് ഒഴിവാക്കി ബി.എല്‍.ഒമാര്‍ വീടു വീടാന്തരം കയറി എന്യൂമറേഷന്‍ നടത്തുകയാണ് വേണ്ടതെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 7 മാസം കൂടി ഉണ്ടെന്നിരിക്കെ തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണത്തിന്റെ പ്രസക്തിയെന്തെന്നായിരുന്നു സി.പി.ഐ പ്രതിനിധി കെ.രാജുവിന്റെ ചോദ്യം. അതേസമയം എസ്.ഐ.ആര്‍ നടപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ബി.ജെ.പി പ്രതിനിധി ബി ഗോപാലകൃഷ്ണന്‍ സ്വാഗതം ചെയ്തു.