ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍(എസ്.ഐ.ആര്‍) തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടിയായി സുപ്രീംകോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. ആഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ ബിഹാറിലെ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് 65 ലക്ഷം പേരെ ഒഴിവാക്കിയത് എങ്ങനെയെന്ന് കോടതി തെരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചു.
ഒഴിവാക്കിയ 65 ലക്ഷം ആളുകളുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചൊവ്വാഴ്ചക്കകം പ്രസിദ്ധീകരിക്കണമെന്നാണ് നിര്‍ദേശം. ആധാര്‍ പൗരത്വ രേഖയായി അംഗീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ബിഹാറില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രങ്ങളില്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് പരസ്യം നല്‍കണം. ദൂരദര്‍ശനിലും റേഡിയോ ചാനലുകളിലും ഇത് സംബന്ധിച്ച പ്രക്ഷേപണവും വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ ഇലക്ടറല്‍ ഓഫിസര്‍മാരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും അറിയിപ്പ് പ്രസിദ്ധപ്പെടുത്തണം.
അതേസമയം കോടതിയുടെ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകരിച്ചു.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് കമീഷന്‍ നടത്തുന്ന വോട്ടര്‍ പുനഃപരിശോധനാ പ്രക്രിയയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
നേരത്തേ വോട്ടര്‍ പട്ടികയില്‍ പേരുണ്ടാവുകയും എന്നാല്‍ തീവ്ര പുനഃപരിശോധനക്ക് ശേഷമുള്ള കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്ത 65 ലക്ഷം വോട്ടര്‍മാരുടെ പട്ടികയാണ് പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്. അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ആധാര്‍ പ്രധാന രേഖയായി പരിഗണിക്കണമെന്നും സുപ്രീംകോടതി കമീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത 65 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം എന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ നിര്‍ദേശം.
65 ലക്ഷം വോട്ടര്‍മാരെ പുറത്താക്കിക്കൊണ്ടുള്ള പട്ടിക പുതുക്കള്‍ യോഗ്യരായ നിരവധി പേരുടെ വോട്ടര്‍മാരുടെ വോട്ടവകാശം നഷ്ടപ്പെടുത്തും എന്നാരോപിച്ചാണ് പ്രതിപക്ഷം പാര്‍ട്ടികള്‍ രംഗത്തെത്തിയത്.