ന്യൂദല്‍ഹി: ബിഹാറിലെ വോട്ടര്‍പ്പട്ടികയില്‍ അഫ്ഗാനിസ്ഥാനികളും ബംഗ്ലാദേശികളും നേപ്പാളികളും മ്യാന്‍മറില്‍ നിന്നുള്ളവരും ഇടംപിടിച്ചതായി കേന്ദ്ര തെര. കമ്മിഷന്റെ പ്രത്യേക തീവ്ര പുനഃപരിശോധനയില്‍ (സ്‌പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍) കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ രേഖകള്‍ ഹാജരാക്കാന്‍ മൂന്ന് ലക്ഷത്തോളം പേര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചു. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടെ അന്വേഷണത്തില്‍ ഇതു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ മാസം സംസ്ഥാനത്ത് സമഗ്ര പരിശോധന നടത്തിയിരുന്നു. നോട്ടീസ് ലഭിച്ചവര്‍ ഏഴു ദിവസത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കി യോഗ്യത തെളിയിക്കണം. അയോഗ്യരാക്കപ്പെടുന്നവരുടെ പേരുവിവരങ്ങള്‍ സപ്തംബര്‍ 30നു പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഒഴിവാക്കും.
വോട്ടര്‍പ്പട്ടികയിലുള്ള ചില വിദേശീയരുടെ പക്കല്‍ ആധാര്‍, റേഷന്‍ കാര്‍ഡുകളും താമസ സര്‍ട്ടിഫിക്കറ്റുമുണ്ട്. കരടു വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുത്താനും നീക്കാനുമായി 1,95,802 അപേക്ഷകള്‍ ലഭിച്ചു. 24,991 അപേക്ഷകള്‍ തീര്‍പ്പാക്കി. ജൂണ്‍ 24നാണ് ബിഹാറില്‍ എസ്‌ഐആര്‍ ആരംഭിച്ചത്. ആഗസ്ത് ഒന്നിന് കരടു വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചു. 7.24 കോടി വോട്ടര്‍മാരില്‍ 99.11 ശതമാനം പേരുടെയും വിവരങ്ങള്‍ പരിശോധിച്ചാണ് കരടു പട്ടിക തയാറാക്കിയത്.