പട്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി 60 സീറ്റുകളിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. മഹാസഖ്യത്തിനുള്ളിലെ സീറ്റ് വിഭജന പ്രശ്നം ഇതുവരെ പരിഹരിച്ചിട്ടില്ലെങ്കിലും കോൺഗ്രസ് ഇത്രയുമധികം സീറ്റുകളിലെങ്കിലും മത്സരിക്കുമെന്നാണ് വിവരം.
ബിഹാറിൽ കോൺഗ്രസും ആർജെഡിയും തമ്മിൽ തർക്കമില്ലെന്നും ഇരു പാർട്ടികളും തമ്മിൽ സീറ്റ് വിഭജനം അന്തിമമാക്കിയിട്ടുണ്ടെന്നും സ്രോതസ്സുകൾ പറഞ്ഞു. ആർജെഡിയും മറ്റ് സഖ്യകക്ഷികളും വിഐപി പോലുള്ള പാർട്ടികളും തമ്മിൽ മാത്രമാണ് പ്രശ്നങ്ങൾ നിലനിൽക്കുന്നത്. സീറ്റ് വിഭജന പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്ന് കരുതപ്പെടുന്നതായും റിപ്പോർട്ടുണ്ട്.
അതേ സമയം ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻഡിഎ ഘടകകക്ഷികൾ സീറ്റ് വിഭജന കരാറിൽ എത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 243 സീറ്റുകളിൽ 101 സീറ്റുകളിൽ നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും മത്സരിക്കും. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (റാം വിലാസ്) 29 സീറ്റുകളിൽ മത്സരിക്കും. ജിതൻ റാം മാഞ്ചി നയിക്കുന്ന ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം), രാജ്യസഭാ എംപി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്‌ട്രീയ ലോക് മോർച്ച (ആർഎൽഎം) എന്നിവ ആറ് സീറ്റുകളിൽ വീതം മത്സരിക്കും.
ബിഹാറിലെ 243 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളായിട്ടാണ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 121 സീറ്റുകളും രണ്ടാം ഘട്ടത്തിൽ 122 സീറ്റുകളും ഉൾപ്പെടും. തിരഞ്ഞെടുപ്പ് ഫലം നവംബർ 14 ന് പ്രഖ്യാപിക്കും. ഇത്തവണ ബിഹാറിൽ ആർജെഡി-കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ മഹാസഖ്യവും ബിജെപി-ജെഡിയു ഉൾപ്പെടെയുള്ള പാർട്ടികളുടെ എൻഡിഎ സഖ്യവും തമ്മിലാണ് മത്സരം നടക്കുന്നത്.