
ന്യൂഡൽഹി : ബീഹാർ തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും രാഷ്‌ട്രീയക്കാരനുമായ പ്രശാന്ത് കിഷോറിന്റെ പാർട്ടിയായ ജൻ സുരാജ് സമർപ്പിച്ച ഹർജി സുപ്രീം കോടതി . എൻ ഡി എ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച ജൻ സുരാജ് ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലം അസാധുവായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു . എന്നാൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജി കേൾക്കാൻ വിസമ്മതിച്ചു. “നിങ്ങളുടെ പാർട്ടിക്ക് എത്ര വോട്ടുകൾ ലഭിച്ചു? ജനങ്ങൾ നിങ്ങളെ നിരസിച്ചു, നിങ്ങൾ ഈ ജുഡീഷ്യൽ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പ്രചാരണം നടത്താൻ ശ്രമിക്കുകയാണോ “ എന്നും കോടതി ചോദിച്ചു .
“നിങ്ങൾക്ക് ഇത് എങ്ങനെ പറയാൻ കഴിയും? ബീഹാർ ഹൈക്കോടതിയിൽ പോകാതിരിക്കുന്നതിന്റെ യുക്തി എന്താണ്. ഇത് ഒരു പാൻ-ഇന്ത്യ പ്രശ്‌നമല്ല. സംസ്ഥാനത്ത് ഒരു ഹൈക്കോടതിയുണ്ട്… ആ പ്രതിവിധി പ്രയോജനപ്പെടുത്തുക. “ എന്നും കോടതി പറഞ്ഞു.ആർട്ടിക്കിൾ 32 പ്രകാരം സമർപ്പിച്ച ഹർജിയിൽ, മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ ഉണ്ടായിരുന്നിട്ടും, ഒരു കുടുംബത്തിൽ ഒരു സ്ത്രീക്ക് 10,000 രൂപ നൽകുന്ന പദ്ധതി പ്രഖ്യാപിച്ചുവെന്നും, ഇത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന്റെ തത്വങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നുമാണ് ഹർജിയിൽ പറയുന്നത് .
അന്നത്തെ സർക്കാർ 25-35 ലക്ഷം സ്ത്രീ വോട്ടർമാർക്ക് ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്നും ഇത് ഭരണകക്ഷിയുടെ “അഴിമതി പ്രവർത്തനങ്ങൾ” ആണെന്നും ജൻ സുരാജിനുവേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ സി.യു. സിംഗ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ദേശീയ മാധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലും, കിഷോർ ഇതേ വാദം ഉന്നയിച്ചു.”വോട്ടുകൾ സ്വാധീനിക്കാൻ 10,000 രൂപ മതിയായിരുന്നു. ജെഡിയുവിന് 25 സീറ്റുകളിൽ കൂടുതൽ ലഭിക്കാൻ പാടില്ലായിരുന്നു. എൻഡിഎ പണം നൽകി വോട്ടുകൾ വാങ്ങി,” എന്നാണ് പ്രശാന്ത് കിഷോർ പറയുന്നത്.