പട്ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വന്‍വിജയം നേടുമെന്ന് ടൈംസ് നൗ അഭിപ്രായ വോട്ടെടുപ്പ് സര്‍വ്വേ. രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി, വോട്ട് അധികാര്‍ യാത്ര എന്നീ അഭ്യാസങ്ങളൊന്നും ക്ലച്ച് പിടിക്കില്ലെന്നാണ് അഭിപ്രായ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത്.
ആകെയുള്ള ബീഹാറിലെ 243 സീറ്റുകളില്‍ 136 സീറ്റുകള്‍ എന്‍ഡിഎ നേടും. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകള്‍ ആണ്. അതേ സമയം കോണ്‍ഗ്രസും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും സിപിഐ, സിപിഎം എന്നീ ഇടത് പാര്‍ട്ടികളും ചേര്‍ന്നുള്ള മഹാഘട് ബന്ധന്‍ മുന്നണിയ്‌ക്ക് 75 സീറ്റുകളേ ലഭിയ്‌ക്കൂ.
എന്‍ഡിഎയില്‍ ബിജെപിയുടെ സീറ്റ് പങ്കാളിത്തം വര്‍ധിക്കും. കഴിഞ്ഞ തവണ 74 സീറ്റുകള്‍ നേടിയിരുന്ന ബിജെപിയ്‌ക്ക് ഇക്കുറി 81 സീറ്റുകള്‍ ലഭിയ്‌ക്കും. നിതീഷ് കുമാറിന്റെ ജെഡിയു കഴിഞ്ഞ തവണ 49 സീറ്റുകള്‍ നേടിയെങ്കില്‍ ഇക്കുറി 29 സീറ്റുകളാണ് നേടുക. മറ്റ് രണ്ട് സീറ്റുകള്‍ കൂടി നേടുക വഴി 31 സീറ്റുകള്‍ വരെ നേടിയേക്കും.