• Thu. Nov 6th, 2025

24×7 Live News

Apdin News

ബീഹാറിൽ 180 സീറ്റുവരെ എൻഡിഎ നേടും; ഞങ്ങളുടെ പ്രചാരണം ശാസ്ത്രീയ രീതിയിൽ: അമിത് ഷാ

Byadmin

Nov 5, 2025



പാറ്റ്‌ന: നാളെ ആദ്യഘട്ട വോട്ടെടുപ്പുനടക്കാൻ പോകുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 180 സീറ്റുവരെ നേടി എൻഡിഎ മുന്നണി അധികാരത്തിൽ വരുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് ആസൂത്രണ രംഗത്തെ ചാണക്യൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന അമിത് ഷാ, 160 മുതൽ 180 വരെ സീറ്റുകൾ എൻഡിഎ നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘ഞങ്ങൾ 160 ൽ കൂടുതൽ സീറ്റുകൾ നേടുകയും ബീഹാറിൽ സർക്കാർ രൂപീകരിക്കുകയും ചെയ്യും. അത് 160 ൽ കൂടുതലാകാം. അത് 180 ഉം ആകാം,’ മിഥില, ബെൽസാൻഡ്, ഖുതൗന, ദർഭംഗ എന്നിവിടങ്ങളിലെ പ്രചാരണത്തിനിടെ ഷാ ടൈംസ് നൗ ടെലിവിഷൻ ചാനയിനോട് പറഞ്ഞു.

പ്രധാനമന്ത്രി മോദിക്കെതിരെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ആവർത്തിച്ച് നടത്തിയ വിമർശനങ്ങൾക്ക് മറുപടിയായി ഷാ തിരിച്ചടിച്ചു: ‘മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായപ്പോൾ, തന്നെക്കുറിച്ചും പാർട്ടിയെക്കുറിച്ചും അവരുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ചും ജനങ്ങൾക്കിടയിൽ സംസാരിക്കാൻ കഴിയാത്ത ഒരു പ്രധാനമന്ത്രിയെ രാജ്യത്തിന് ലഭിച്ചു. ഒരു പ്രധാനമന്ത്രി എന്തുകൊണ്ട് പ്രചാരണം നടത്തരുത്? തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ആഘോഷമാണ്. ജനങ്ങളുമായി ആശയവിനിമയം നടത്തുക എന്നത് ഓരോ രാഷ്‌ട്രീയ പാർട്ടിയുടെയും ഉത്തരവാദിത്വമാണ്. മോദിയെ അധിക്ഷേപിക്കുമ്പോഴെല്ലാം – അദ്ദേഹത്തിന്റെ അമ്മയെ അപമാനിച്ചപ്പോഴും – ഈ രാജ്യത്തെ ജനങ്ങൾ വെറുപ്പിന്റെ ചതുപ്പിൽ ഒരു താമര വിരിയുന്നത് ഉറപ്പാക്കിയിട്ടുണ്ട്. ഇത്തവണയും അത് സംഭവിക്കും,’ അമിത് ഷാ പറഞ്ഞു.

മഹാഗഢ്ബന്ധന്റെ പ്രചാരണത്തെക്കുറിച്ച് ഷാ പരിഹസിച്ചു, അതിലെ പങ്കാളികൾ ‘പരസ്പരം തലകൾ തകർക്കുകയാണ്. സമയപരിധിക്ക് മുമ്പ് അവർക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനോ സംഘടിത പ്രചാരണം നടത്താനോ കഴിഞ്ഞില്ല. എന്റെ ഓരോ മൂന്നാമത്തെ റാലിയും ഒരു സഖ്യ പങ്കാളിക്കുള്ളതാണ്, ഓരോ രണ്ടാമത്തെ റാലിയും സംയുക്തമാണ്, ഒന്ന് ബിജെപിക്ക് മാത്രമുള്ളതാണ്. ഇതൊരു ശാസ്ത്രീയ പ്രചാരണമാണ്. നിതീഷ്ജിയും അത് പിന്തുടരുന്നു. പ്രതിപക്ഷ സഖ്യത്തിൽ അത്തരം ഏകോപനം നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ, ദയവായി ഞങ്ങളോട് പറയൂ – ഞാൻ കണ്ടിട്ടില്ല.’
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് എൻഡിഎ മത്സരിക്കുന്നതെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു: ‘മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുകിടക്കുന്നില്ല, പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞുകിടക്കുന്നില്ല. നിതീഷ് കുമാർ മുഖ്യമന്ത്രിയും നരേന്ദ്ര മോദി പ്രധാനമന്ത്രിയുമാണ്.’ തെരഞ്ഞെടുപ്പിന് ശേഷം അത് മാറുമോ എന്ന ചോദ്യത്തിന്, ഷാ മറുപടി പറഞ്ഞു: ‘പ്രതിപക്ഷം പറുന്നതിൽ നിന്ന് ഞങ്ങൾക്ക് അവരെ തടയാൻ കഴിയില്ല.’ ജൻ സുരാജ് അനുഭാവിയായ ദുലാർചന്ദ് യാദവിന്റെ കൊലപാതകത്തിന് അറസ്റ്റിലായ അനന്ത് സിങ്ങിനെ ജെഡിയു സ്ഥാനാർത്ഥിയാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഷാ പറഞ്ഞു: ‘തീരുമാനം ജെഡിയുവിന്റേതാണ്. എന്നാൽ ലല്ലു പ്രസാദിൽ നിന്ന് വ്യത്യസ്തമാണ് കാര്യങ്ങൾ; അനന്ത് സിംഗ് കുറ്റക്കാരനല്ല. അങ്ങനെ കോടതി വിധിച്ചിട്ടില്ല. എന്നാൽ മറുവശത്ത് നോക്കൂ; ലല്ലു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ശിക്ഷിച്ചു, എന്നിട്ട്, ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും രാഹുൽ ഗാന്ധി അദ്ദേഹത്തോടൊപ്പം റാലികൾ നടത്തുന്നു, ഇതാണ് തിരിച്ചറിയേണ്ടത്, അമിത് ഷാ പറഞ്ഞു.’

 

 

By admin