
പാറ്റ്ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് സമാധാനപരമായി പുരോഗമിക്കുന്നു. ഉച്ചയ്‌ക്ക് 1 മണി വരെ 42.31 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 18 ജില്ലകളിലായി 121 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ജെഡിയു പ്രസിഡന്റും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി, ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ നിത്യാനന്ദ് റായ്, ലോക് ജനശക്തി പാർട്ടി (രാം വിലാസ്) മേധാവി ചിരാഗ് പാസ്വാൻ, വിഐപി മേധാവിയും മഹാഗത്ബന്ധന്റെ ഉപമുഖ്യമന്ത്രിയുമായ മുകേഷ് സഹാനി തുടങ്ങി നിരവധി പ്രമുഖ നേതാക്കൾ വോട്ട് ചെയ്തു.
പട്‌ന, വൈശാലി, നളന്ദ, ഭോജ്പൂർ, മുൻഗർ, സരൺ, സിവാൻ, ബെഗുസാരായി, ലഖിസരായി, ഗോപാൽഗഞ്ച്, മുസാഫർപൂർ, ദർഭംഗ, മധേപുര, സഹർസ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് 6 വരെ തുടരും.
സുരക്ഷാ കാരണങ്ങളാൽ, സിമ്രി ഭക്തിയാർപൂർ, മഹിഷി, താരാപൂർ, മുൻഗർ, ജമാൽപൂർ എന്നിവിടങ്ങളിലും സൂര്യഗഢ നിയമസഭാ മണ്ഡലത്തിലെ 56 പോളിംഗ് ബൂത്തുകളിലും വൈകുന്നേരം 5 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും. സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ പോളിംഗ് ഉറപ്പാക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.