ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിരവധി സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. ഡിപിഎസ് ദ്വാരക, കൃഷ്ണ മോഡല്‍ പബ്ലിക് സ്‌കൂള്‍, സര്‍വോദയ വിദ്യാലയം എന്നിവിടങ്ങളിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥികളെയും ജീവനക്കാരെയും അടിയന്തരമായി ഒഴിപ്പിച്ച് സ്‌കൂളുകളില്‍ പൊലീസ്, ബോംബ് സ്‌ക്വാഡ് സംഘം ചേര്‍ന്ന് പരിശോധന ആരംഭിച്ചു.
ഇന്ന് രാവിലെ ക്ലാസുകള്‍ക്കായി വിദ്യാര്‍ഥികള്‍ എത്തിയതിന് പിന്നാലെയാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കുന്ന രണ്ടാമത്തെ ഭീഷണിയാണിത്. വിദേശ ഐപി അഡ്രസുകള്‍ ഉപയോഗിച്ചാണ് ഒരേ സമയം സ്‌കൂളുകളിലേക്ക് മെയിലുകള്‍ അയയ്ക്കുന്നതെന്ന് പ്രാഥമിക വിവരം.
മുമ്പ് വിമാനത്താവളത്തിലേക്ക് ഭീഷണി സന്ദേശം അയച്ച ചിലരെ പൊലീസ് പിടികൂടിയിരുന്നുവെങ്കിലും സ്‌കൂളുകളിലേക്ക് അയക്കുന്നവരെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വ്യാപകമായ അന്വേഷണം തുടരുന്നതായാണ് വിവരം.