ലിസ്ബൻ ; പൊതുസ്ഥലങ്ങളിൽ ബുർഖ നിരോധിച്ച് പോർച്ചുഗൽ . ബുർഖ നിരോധിക്കുന്ന ബിൽ പോർച്ചുഗൽ പാർലമെന്റ് അംഗീകരിച്ചു.തീവ്ര വലതുപക്ഷ ചെഗ പാർട്ടിയാണ് നടപടി നിർദ്ദേശിച്ചത് . ബിൽ പ്രകാരം ബുർഖ , നിഖാബ് തുടങ്ങിയവ നിരോധിക്കും. വിമാനങ്ങളിലും നയതന്ത്ര പരിസരങ്ങളിലും ആരാധനാലയങ്ങളിലും ഇവ അനുവദിക്കും.
പൊതുസ്ഥലങ്ങളിൽ ബുർഖ ധരിക്കുന്നവർക്ക് 200 യൂറോ മുതൽ 4,000 യൂറോ വരെ (£175 മുതൽ £3,475 വരെ) പിഴ ചുമത്താനും ബിൽ വ്യവസ്ഥ ചെയ്യുന്നു.പ്രസിഡന്റ് മാർസെലോ റെബലോ ഡി സൂസ ബില്ലിന് അംഗീകാരം നൽകേണ്ടതുണ്ട്.
നിയമത്തിൽ പ്രസിഡന്റ് ഒപ്പുവച്ചാൽ, ബുർഖ നിരോധിച്ചിട്ടുള്ള ഓസ്ട്രിയ, ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്‌സ് തുടങ്ങിയ നിരവധി യൂറോപ്യൻ രാജ്യങ്ങളുടെ പട്ടികയിൽ പോർച്ചുഗലും ചേരും. പൊതുവെ ബുർഖ ധരിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ കുറവുള്ള രാജ്യമാണ് പോർച്ചുഗൽ . എന്നാൽ ഇസ്ലാമിക മൂടുപടങ്ങളുടെ പ്രശ്നം മറ്റ് യൂറോപ്യൻ രാജ്യങ്ങളെ പോലെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
ബുർഖ നിരോധിക്കുന്നതിന് ഫ്രാൻസും മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും നൽകുന്ന ന്യായീകരണങ്ങൾ ചെഗ ഉദ്ധരിച്ചു. മധ്യ-വലതുപക്ഷ പാർട്ടികളിൽ നിന്ന് ബില്ലിന് പിന്തുണയും ലഭിച്ചു. സ്വാതന്ത്ര്യം, സമത്വം, മാനുഷിക അന്തസ്സ് തുടങ്ങിയ തത്വങ്ങളുമായി ബുർഖ പൊരുത്തപ്പെടുന്നില്ലെന്നും ബില്ലിൽ പറയുന്നു .
ഇടതുപക്ഷ ചായ്‌വുള്ള പാർട്ടികളിലെ അംഗങ്ങൾ ബില്ലിനെ എതിർത്തെങ്കിലും അത് തള്ളിക്കളഞ്ഞാണ് ബിൽ പാസാക്കിയത് .”വ്യത്യസ്ത വിശ്വാസമുള്ളവരെ ലക്ഷ്യം വയ്‌ക്കാൻ മാത്രമാണ് ഈ ബിൽ ഉപയോഗിക്കുന്നത്,” എന്നാണ് ബില്ലിനെതിരെ വോട്ട് ചെയ്ത പാർട്ടിയായ മധ്യ-ഇടതുപക്ഷ സോഷ്യലിസ്റ്റ് പാർട്ടി നിയമനിർമ്മാതാവ് പെഡ്രോ ഡെൽഗാഡോ ആൽവസ് പറഞ്ഞത്.