
ബെംഗളൂരു: മംഗളൂരുവിനും ബെംഗളൂരുവിനും ഇടയില്‍ വന്ദേ ഭാരത് ട്രെയിന്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ബെംഗളൂരുവിനും മുംബൈയ്‌ക്കുമിടയില്‍ പ്രീമിയം ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നും പൂനെ- ബെംഗളൂരു റെയില്‍ ഇടനാഴിക്കായുള്ള അഭ്യര്‍ത്ഥന പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബെംഗളൂരുവിലെ ബിജെപി ഓഫീസായ ജഗന്നാഥ ഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടകയില്‍ ഇതിനകം 12 ജോഡി വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും ഭാവിയില്‍ സംസ്ഥാനം മുഴുവന്‍ ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു.
ബെംഗളൂരു-ചെന്നൈ ഹൈ-സ്പീഡ് കോറിഡോര്‍ നടപ്പിലാക്കിക്കഴിഞ്ഞാല്‍, രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം 73 മിനിറ്റായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദിനും ബെംഗളൂരുവിനും ഇടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറായിരിക്കുമെന്നും ഇതെല്ലാം ദക്ഷിണേന്ത്യയുടെ അതിവേഗ വജ്ര ഇടനാഴിയുടെ ഭാഗമാകുമെന്നും കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരു സബര്‍ബന്‍ റെയില്‍വേ പദ്ധതിയുടെ രണ്ടും നാലും ഇടനാഴികളുടെ ജോലികളും പുരോഗമിക്കുന്നുണ്ടെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. കേന്ദ്ര റെയില്‍വേ സഹമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ക്ക് ശേഷമാണ്, സംസ്ഥാന സര്‍ക്കാര്‍ കെ-റൈഡ് കമ്പനിയുടെ മാനേജിങ് ഡയറക്ടറെ നിയമിച്ചത്. നാല് ഇടനാഴികളിലെയും ജോലികള്‍ വേഗത്തിലായി, ഡിസൈനുകള്‍ ഇപ്പോള്‍ പൂര്‍ത്തിയായി, ടെന്‍ഡര്‍ രേഖകള്‍ തയാറാക്കിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.