• Thu. Dec 11th, 2025

24×7 Live News

Apdin News

ബെനിനിലെ പട്ടാള അട്ടിമറിശ്രമം പരാജയപ്പെട്ടു; പ്രസിഡന്റ് പാട്രിസ് ടാലോണ്‍ സുരക്ഷിതന്‍

Byadmin

Dec 9, 2025



പോര്‍ട്ടോ നോവോ: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിനില്‍ ഞായറാഴ്ച നടന്ന പട്ടാള അട്ടിമറിശ്രമം പരാജയപ്പെട്ടതായി പ്രസിഡന്റ് പാട്രിസ് ടാലോണ്‍ അറിയിച്ചു. പ്രസിഡന്റിനെ പുറത്താക്കി ഭരണം പിടിച്ചെടുത്തതായി വിമത സൈനികര്‍ ദേശീയ ടെലിവിഷനിലൂടെ അവകാശവാദം ഉന്നയിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ സര്‍ക്കാര്‍ സേന സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. അട്ടിമറിക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.

ഞായറാഴ്ച പുലര്‍ച്ചെയാണ് ‘മിലിറ്ററി കമ്മിറ്റി ഫോര്‍ റീഫൗണ്ടേഷന്‍’ എന്ന പേരില്‍ സംഘടിച്ച ഒരു വിഭാഗം സൈനികര്‍ അട്ടിമറി നീക്കം നടത്തിയത്. ലഫ്റ്റനന്റ് കേണല്‍ പാസ്‌കല്‍ ടിഗ്രിയുടെ നേതൃത്വത്തില്‍ ഭരണം പിടിച്ചെടുത്തെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പിരിച്ചുവിട്ടെന്നും ഇവര്‍ ടെലിവിഷനിലൂടെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതിനുപിന്നാലെ ആഭ്യന്തരമന്ത്രി അലാസ്സെന്‍ സെയ്‌ദോ ഈ അവകാശവാദം തള്ളുകയും അട്ടിമറിശ്രമം തകര്‍ത്തതായി വ്യക്തമാക്കുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് 14 വിമത സൈനികരെ അറസ്റ്റ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. നൈജീരിയന്‍ വ്യോമസേനയുടെ സഹായത്തോടെയാണ് ബെനിന്‍ സൈന്യം ഇവരെ നേരിട്ടത്. അയല്‍രാജ്യങ്ങളായ നൈജര്‍, ബുര്‍ക്കിന ഫാസോ, മാലി എന്നിവിടങ്ങളില്‍ സമീപകാലത്തുണ്ടായ പട്ടാള അട്ടിമറികളുടെ പശ്ചാത്തലത്തില്‍ ബെനിനിലെ സംഭവ വികാസങ്ങളെ അന്താരാഷ്‌ട്ര സമൂഹം ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. 2016 മുതല്‍ അധികാരത്തിലുള്ള പ്രസിഡന്റ് ടാലോണിന്റെ കാലാവധി അടുത്തവര്‍ഷം അവസാനിക്കാനിരിക്കെയാണ് അട്ടിമറിശ്രമം.

By admin