കണ്ണൂർ: നിതിൻരാജിന്റെ മരണത്തിൽ സസ്പെൻഷനിലായ അനാട്ടമി വിഭാഗം മേധാവി ഡോക്ടർ എം.കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ. എം കെ റാം ബോഡി ഷെയ്‌മിങ് നടത്തുന്നത് പതിവാണെന്നും പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികളെ നിർബന്ധിക്കാറുണ്ടെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തി. നിതിന്റെ മരണത്തിൽ ആരോപണ വിധേയരായ ഡോ. എം കെ റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. എം സംഗീത എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു.
നിറത്തിന്റെ പേരിൽ വിദ്യാർഥികളെ അധിക്ഷേപിക്കുന്നത് പതിവാണെന്നും ഇതിനെതിരെ ഡീനിന് പരാതി നൽകിയിട്ടുണ്ട്. അതിന്റെ വിവരങ്ങൾ പോലും അറിയില്ലെന്ന് വിദ്യാർഥിനി പറഞ്ഞു. ബ്ലാക്കി, വൈറ്റി, കോക്രോച്ച്, സ്കിന്നി എന്നിങ്ങനെയാണ് വിദ്യാർഥികളെ അധ്യാപകൻ വിളിച്ചിരുന്നത്. ആൺകുട്ടികളെ അധ്യാപകൻ ഉപദ്രവിക്കാറുണ്ടെന്നും വിദ്യാർഥിനി പറഞ്ഞു.
പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് നിർദേശം നൽകും. തിരിച്ച് പ്രതികരിക്കാൻ കഴിയില്ല. തല്ലാൻ വരുന്ന ആൺകുട്ടിയ്‌ക്കും മറ്റ് മാർഗമില്ല. ആ കുട്ടിയും നിസാഹയനാണെന്ന് വിദ്യാർഥിനി പറയുന്നു. പേടിച്ചിട്ടാണ് പുറത്തുപറയാത്തത്. കാരണം ഈ അദ്ധ്യാപകന് അറിയാവുന്നവരാണ് പരീക്ഷയ്‌ക്ക് വരുന്നത്. ഞങ്ങൾ പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണി ഉണ്ടായിരുന്നു.
പല കുട്ടികളെയും മാർക്ക് കുറച്ചും പരീക്ഷ എഴുതിപ്പിക്കാതെയും ഇരുത്തിയിട്ടുണ്ട്. അത് കണ്ട് പേടിച്ചാണ് ആരും ഇതുവരെ പരാതിനൽകാതിരുന്നത്. സംഗീത മാഡത്തിനോട് നല്ല പോസിറ്റീവ് രീതിയാണ് ഇവിടെ എല്ലാവർക്കും. ഒരു സീനിയർ ആൾ അങ്ങനെ ചെയ്യുമ്പോൾ മാഡത്തിന് തിരിച്ച് ഒന്നും പറയാൻ കഴിയില്ലല്ലോ. അതുകൊണ്ടാവും മാഡം ഒന്നും പറയാത്തത്’- വിദ്യാർത്ഥിനി പറഞ്ഞു.
അതേസമയം കോളജിനെതിരെ പ്രത്യക്ഷസമരത്തിലാണ് കോളജിലെ വിദ്യാർഥികൾ. ഇന്ന് വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് സമരത്തിലാണ്. കോളജ് ക്യാംപസിലേക്ക് വിദ്യാർഥി യുവജനസംഘടനകളും മഹിളാ സംഘടനകളും പ്രതിഷേധം തുടരുകയാണ്.