• Sun. May 31st, 2026

24×7 Live News

Apdin News

ബോധവും ഊര്‍ജവും: സൃഷ്ടിയിലെ ദ്വൈതം

Byadmin

May 31, 2026



പാശ്ചാത്യ ആദര്‍ശവാദികളുടെ സിദ്ധാന്തപ്രകാരം സാമാന്യ ആശയങ്ങളായ സത്യം, നീതി, നന്മ, സൗന്ദര്യം മുതലായവ ശാശ്വത അസ്തിത്വമുള്ള സൂക്ഷ്മരൂപങ്ങളാണ്. പ്ലേറ്റോയുടെ വാദത്തില്‍ സ്ഥൂലവസ്തുക്കളുടെ പ്രഥമ മാതൃകകളാണ് ഈ സാമാന്യങ്ങള്‍. ഇവയുടെ പകര്‍പ്പുകള്‍ മാത്രമാണ് സ്ഥൂലവസ്തുക്കളും ജീവികളും അവയുടെ കര്‍മ്മങ്ങളും. അള്‍ജീരിയക്കാരനായിരുന്ന ക്രൈസ്തവ തത്ത്വചിന്തകന്‍ സെയിന്റ് അഗസ്റ്റിനാണ് ‘ആര്‍ക്കിടൈപ്പ്’ എന്ന പദം പ്ലേറ്റോയുടെ ആദര്‍ശങ്ങളെ സൂചിപ്പിക്കുന്നതിനായി ആദ്യം ഉപയോഗിച്ചതെന്ന് യുങ് തന്റെ ‘ദ സൈക്കോളജി ഓഫ് കുണ്ഡലിനി യോഗ’ എന്ന പുസ്തകത്തില്‍ പറയുന്നു. ഈ കൃതിയില്‍ ആദിരൂപങ്ങളെ പ്ലേറ്റോയുടെ ആദര്‍ശങ്ങളുമായി യുങ് സാമ്യപ്പെടുത്തുന്നതു കാണാം.

പ്ലേറ്റോയുടെ ആദര്‍ശങ്ങളെപ്പോലെ യുങ്ങിന്റെ ആദിരൂപങ്ങളും ശാശ്വതമായിട്ടുള്ള അസ്തിത്വങ്ങളാണ്. എന്നാല്‍ പ്ലേറ്റോ ഇവയെ തത്ത്വശാസ്ത്രത്തിന്റെ കണ്ണിലൂടെ പ്രപഞ്ചത്തിന്റെയാകെ മാതൃകകളായിട്ടാണ് കണ്ടത്. യുങ് മനഃശാസ്ത്രപരമായ അപഗ്രഥനത്തിലൂടെ ഇവയെ മനുഷ്യന്റെ ഉള്ളില്‍ വസിക്കുന്ന മാനസിക തത്ത്വങ്ങളായും കണ്ടു. പ്ലേറ്റോക്ക് ദ്രവ്യരൂപത്തിലുള്ള ഭൗതിക ലോകം ശാശ്വതമല്ല, ആദര്‍ശങ്ങളുടെ ലോകമാണ് ശാശ്വതം. ഇവയുടെ അപൂര്‍ണമായ പ്രതിഫലനം മാത്രമാണ് ഭൗതിക ലോകം. യുങ്ങിനെ സംബന്ധിച്ചും ബോധമനസ്സ് ശാശ്വതമല്ല, അതിന്റെ അടിസ്ഥാനമാകുന്ന ആദിരൂപങ്ങളാണ് ശാശ്വതം. പ്ലേറ്റോയുടെ ദര്‍ശനത്തില്‍ ശാശ്വത സത്യങ്ങള്‍ ബൗദ്ധികരൂപത്തിലാണ്. ഇപ്രകാരം ശാശ്വത പ്രപഞ്ച തത്ത്വങ്ങള്‍ക്ക് മാനസിക സ്വഭാവം കല്‍പ്പിക്കുന്നതിനാലാണ് യുങ്ങിന് മനസ്സിന്റെ ആദിരൂപങ്ങളെ ശാശ്വത സത്യങ്ങളായി കരുതാന്‍ പ്രേരകമായതെന്ന് കരുതാം.

പ്ലേറ്റോയും അരിസ്റ്റോട്ടിലും ബൗദ്ധിക രൂപങ്ങളെ അഥവാ സാമാന്യ ആദര്‍ശങ്ങളെ ദ്രവ്യത്തില്‍ നിന്ന് അന്യമായി കാണുന്നു. അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തത്തില്‍ ഭൗതിക വസ്തുക്കള്‍ ആദര്‍ശങ്ങളുടെയും ദ്രവ്യത്തിന്റെയും മിശ്രിതങ്ങളാകുന്നു. ഇവിടെയും ബൗദ്ധിക സത്ത-ദ്രവ്യം എന്നിങ്ങനെയുള്ള ദ്വന്ദ്വം നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനത്താലാണ് ആധുനിക കാലത്ത് ഹെഗലിനെപ്പോലുള്ള പാശ്ചാത്യ തത്ത്വശാസ്ത്രകാരന്മാര്‍ ആദര്‍ശത്തെ അനശ്വരസത്തയായി കണ്ടത്. ഇതേ പ്രകാരമാണ് യുങ്ങും മാനസിക ഉണ്മകളാകുന്ന ആദിരൂപങ്ങള്‍ക്ക് ശാശ്വതമായ അസ്തിത്വം കല്‍പ്പിക്കുന്നത്. ഇവിടെ ശ്രദ്ധേയമായിട്ടുള്ളത്, പാശ്ചാത്യ ചിന്തകന്മാര്‍ക്കിടയില്‍ നിലനിന്നിരുന്ന ദ്വന്ദ്വം മനസ്സ് – ദ്രവ്യം എന്ന രൂപത്തിലാണ്. ഇതില്‍ അനശ്വര സത്യം മാനസിക രൂപത്തിലാകുന്നു.

പക്ഷേ ഭാരതീയ ദര്‍ശനത്തില്‍ അനശ്വര സത്യം ഭൗതികമോ മാനസികമോ അല്ല. ഇവയ്‌ക്ക് രണ്ടിനും പിന്നില്‍ ആധാരമായി നിലകൊള്ളുന്ന ശുദ്ധബോധവും ആദി ഊര്‍ജവുമാണ് അനശ്വര തത്ത്വങ്ങള്‍. അതിനാല്‍ ആദിരൂപങ്ങള്‍ മാനസിക സത്തകളായാലും പ്രപഞ്ച തത്ത്വങ്ങളായാലും അവയ്‌ക്ക് ശാശ്വതമായ അസ്തിത്വമില്ല. ശാശ്വത സത്യം ആത്യന്തികമായി ഏക സത്യമാകുന്ന ബ്രഹ്‌മമാണ്. എന്നാല്‍ സൃഷ്ടിക്കായി ഈ ഏക സത്യം ദ്വൈത രൂപത്തില്‍- കേവല ബോധം, ഊര്‍ജം എന്നിങ്ങനെ സ്ഥിതി ചെയ്യുന്നു. കേവല ബോധമെന്നത് മനസ്സല്ല, മനസ്സിന് ബോധം പകരുന്ന അനശ്വര സത്തയാണ്. ഇപ്രകാരം ശുദ്ധബോധത്തെ മനസ്സില്‍ നിന്നു വേറിട്ട് കാണുന്നതാണ് ഭാരതീയ ദര്‍ശനത്തിന്റെ പ്രത്യേകത. അതിപുരാതന കാലത്തുതന്നെ ദ്രവ്യത്തെ ഊര്‍ജമായി കണ്ട മഹാമനീഷികളുടെ ദര്‍ശനമാണ് ഭാരതത്തിന്റേത്. ഇവിടെ സൃഷ്ടിയിലെ ദ്വൈതം ശുദ്ധബോധത്തിന്റെയും ഊര്‍ജത്തിന്റെയുമാണ്. ഇവയുടെ ഏകീകരണമാണ് ബ്രഹ്‌മം എന്ന ഏകതത്ത്വം. ഏകതത്ത്വം രണ്ടാകുന്നതാണ് സൃഷ്ടിയുടെ തുടക്കം. അതിനാല്‍ സൃഷ്ടിയില്‍ മാത്രമാണ് കേവലബോധം, ഊര്‍ജം എന്ന ദ്വൈതം നിലനില്‍ക്കുന്നത്. സൃഷ്ടിക്ക് മുന്‍പ് ഇവ ഒന്നായിരുന്നു. അതിനാലാണ് കുണ്ഡലിനി വിദ്യയില്‍ മൂലാധാരത്തില്‍ സുപ്തമായിരിക്കുന്ന ആദി ഊര്‍ജമാകുന്ന കുണ്ഡലിനിയും ശിരസ്സില്‍ സ്ഥിതി ചെയ്യുന്ന ശുദ്ധബോധവും തമ്മില്‍ ഏകീകരിക്കുന്ന അവസ്ഥ ആത്മീയ സാധനയില്‍ അന്തിമമാകുന്നത്.

വിഷയിയെ ഉപേക്ഷിച്ച് വിഷയം പഠിക്കുന്നവര്‍

കുണ്ഡലിനി യോഗയെ അധ്യയനം ചെയ്ത യുങ്, ശിരസ്സിലെ കേവലബോധവും മൂലാധാരത്തിലെ കുണ്ഡലിനിയും യോജിക്കുന്നതാണ് ‘ബ്രഹ്‌മ’മെന്നും, ഇതാണ് തന്ത്രവിദ്യയില്‍ യോഗിയുടെ ലക്ഷ്യമെന്നും പറയുന്നുണ്ട്. പക്ഷേ സ്വന്തം അപഗ്രഥനവുമായി ഇതിനെ പൊരുത്തപ്പെടുത്താന്‍ യുങ്ങിന് സാധിച്ചില്ല. രണ്ടു കാരണങ്ങളാണ് ഇതിനു പിന്നില്‍. ഒന്ന്, യുങ് ആദിരൂപങ്ങളെ അനശ്വര സത്തകളായി കണ്ടെങ്കിലും ഇവയുടെ ആധാരം ഏകമാണെന്ന് ധരിച്ചില്ല. കുണ്ഡലിനി യോഗയിലാകട്ടെ എല്ലാ രൂപങ്ങള്‍ക്കും ആധാരം കുണ്ഡലിനിയാകുന്നു. രണ്ട്, മനസ്സിന് ഊര്‍ജം പകരുന്നത് അബോധതലമാണെന്ന് യുങ് പ്രസ്താവിച്ചു. പക്ഷേ ബോധം പകരുന്നത് ഏത് തത്ത്വമാണെന്ന് വേര്‍തിരിച്ചറിഞ്ഞില്ല. ഇവിടെയാണ് ഭാരതീയ ദര്‍ശനം കേവല ബോധത്തെ ആശ്രയിക്കുന്നത്. വാസ്തവത്തില്‍ ബോധമനസ്സ്, അബോധ മനസ്സ് എന്ന വേര്‍തിരിവില്‍ നിന്നു തന്നെ മനസ്സിലാക്കാം, ബോധവും മനസ്സും ഒന്നല്ല, രണ്ടാണെന്ന കാര്യം. ചന്ദ്രന്റെ തിളക്കം വാസ്തവത്തില്‍ ചന്ദ്രന്റേതല്ല, സൂര്യന്റേതാണെന്ന പോലെ, ഭാരതീയ മനഃശാസ്ത്രത്തില്‍ മനസ്സിന് ബോധമുണ്ടാകുന്നത് കേവല ബോധത്തിന്റെ സാമീപ്യം കൊണ്ടാണ്.

ശുദ്ധബോധത്തെയും മനസ്സിനെയും വേര്‍തിരിക്കാതെ ഒന്നായിക്കാണുന്ന ന്യൂനത യുങ്ങിന്റെ മാത്രം പ്രശ്നമല്ല. പാശ്ചാത്യരുടെ പൊതുവീക്ഷണത്തിന്റെ അപൂര്‍ണതയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. മനസ്സിന്റെ വൃത്തികള്‍ ശരീരത്തെപ്പോലെ നശ്വരമായതിനാലും, മനുഷ്യന്റെ സ്വത്വത്തെ മനസ്സിന്റേതായിട്ടുള്ള നിര്‍വചനങ്ങളിലൊതുക്കിയതിനാലും, പാശ്ചാത്യ ഭൗതിക ശാസ്ത്രകാരന്മാര്‍ മനുഷ്യന്റെ യഥാര്‍ത്ഥ സ്വത്വം അന്വേഷിക്കാതെ പുറംലോക യാഥാര്‍ത്ഥ്യം മാത്രം അന്വേഷിക്കുന്നവരായി. വിഷയിയെ വിട്ടുകളഞ്ഞ് വിഷയം പഠിക്കുന്നവരായി. ഇവരെ അനുഗമിച്ചവരാണ് പാശ്ചാത്യ മനഃശാസ്ത്രകാരന്മാരും. അതിനാലാണ് ബോധമനസ്സിന്റെ ബോധത്തെ വിട്ട് ഊര്‍ജതലം മാത്രം പഠനവിധേയമാക്കിയത്. എന്നാല്‍ ഭാരതത്തില്‍ എല്ലാ ശാസ്ത്രങ്ങള്‍ക്കും തുടക്കം കുറിച്ചത് ആത്മീയ ശാസ്ത്രകാരന്മാരായിരുന്നു. അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് മനുഷ്യന്റെ സ്വത്വം തിരച്ചറിയുന്നതിലായിരുന്നു. ഇവര്‍ ആദ്യം എത്തിച്ചേര്‍ന്നത് വിഷയി-വിഷയം എന്ന അടിസ്ഥാന ദ്വന്ദ്വങ്ങളിലായിരുന്നു. ഇവിടെ വിഷയി എന്നത് മനസ്സിന്റെ അടിസ്ഥാനമാകുന്ന ശുദ്ധബോധവും, വിഷയമെന്നത് ഊര്‍ജങ്ങളുടെ ക്രയവിക്രയങ്ങളടങ്ങുന്ന മനോവൃത്തികളും ശരീരങ്ങളും വസ്തുക്കളുമാകുന്നു. ഇപ്രകാരം പ്രപഞ്ചത്തിന്നാധാരം ശുദ്ധബോധവും ഊര്‍ജവുമാണെന്നും, ഈ ദ്വന്ദ്വത്തിന്നാധാരം ഇവ രണ്ടും ചേര്‍ന്ന ഏകതത്ത്വമായിട്ടുള്ള ബ്രഹ്‌മമാണെന്നും ഭാരതീയ തത്ത്വദര്‍ശികള്‍ തിരിച്ചറിഞ്ഞു. ഇവരില്‍ ആത്മീയ സത്യാന്വേഷണവും തത്ത്വശാസ്ത്രവും മനഃശാസ്ത്രവും ഭൗതിക ശാസ്ത്രവും ഒന്നിക്കുകയായിരുന്നു.

അന്തരംഗത്തില്‍ ശുദ്ധബോധത്തിന്റെ അസാന്നിധ്യം കാരണം പാശ്ചാത്യരുടെ അപഗ്രഥനശാഖയില്‍ ഉയരുന്ന പ്രശ്നം, ബോധ മനസ്സിനെക്കാള്‍ ശക്തിമത്താണ് അബോധ മനസ്സെന്ന അതിന്റെ നിലപാട് സംബന്ധിച്ചാണ്. അബോധത്തെ അപേക്ഷിച്ച് ദുര്‍ബലമാണ് അതിന്റെ ഉപരിതലമായ ബോധമനസ്സ് എങ്കില്‍, ബലമേറിയ അബോധത്താല്‍ ഗ്രസിക്കപ്പെടാതെ നിലനില്‍ക്കാന്‍ ബോധമനസ്സിന് എപ്രകാരമാണ് സാധിക്കുക? അബോധ തലത്തിലെ ഉള്ളടക്കം സദാ സജീവമാണെന്നും, അവ ബോധ മനസ്സിലേക്ക് പ്രവേശനം കാത്തു കഴിയുകയാണെന്നുമാണ് യുങ് പ്രസ്താവിക്കുന്നത്. മാനസിക രോഗാവസ്ഥയില്‍ മാത്രമാണ് സൂക്ഷ്മതലങ്ങള്‍ക്ക് ബോധമനസ്സിനെ കീഴടക്കാന്‍ സാധിക്കുന്നതെന്നും പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ രോഗമില്ലാത്ത സാധാരണ ഗതിയില്‍ ബോധമനസ്സിന് മറ്റ് ശക്തിയേറിയ തലങ്ങളെ അതിക്രമിച്ച് നില്‍ക്കാന്‍ സാധിക്കുന്നത് എപ്രകാരമാണ്? ഈ പ്രശ്നത്തിന് തൃപ്തികരമായ ഉത്തരം നല്‍കാന്‍ ഈ അപഗ്രഥന ശാഖക്ക് കഴിഞ്ഞിട്ടില്ല. ഇവിടെയാണ് ഭാരതീയരുടെ വൈദിക ജ്ഞാനത്തിന്റെ പ്രസക്തി. അതില്‍ അവതരിപ്പിച്ചിട്ടുള്ള ശുദ്ധബോധം വ്യക്തിയുടെ മനോവൃത്തികളെയും വാസനകളെയുമെല്ലാം തന്നെ അതിക്രമിച്ചു നില്‍ക്കുന്നതും ഒരു ശക്തിയ്‌ക്കും കീഴ്പ്പെടുത്താന്‍ സാധിക്കാത്തതുമാണ്. അന്തരംഗം ദ്രവ്യത്തെ ആശ്രയിക്കുന്നു, എന്നാല്‍ ശുദ്ധബോധം ദ്രവ്യത്തെ അതിക്രമിച്ചു നില്‍ക്കുന്നതാണ്. മനോവൃത്തികളുടെയൊന്നും കലര്‍പ്പില്ലാത്ത പരിശുദ്ധമായ ബോധത്തിന്റെ തലമാണിത്. ഇതിന്റെ സാമീപ്യത്താലാണ് ബോധമനസ്സിന് ശക്തിയേറിയ മറ്റ് ഊര്‍ജതലങ്ങളെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുന്നത്. മനസ്സ് കേവല ബോധത്തില്‍ നിന്ന് അകലുമ്പോഴാണ് അബോധ മനസ്സിന്റെ ആക്രമണമുണ്ടാകുന്നതും രോഗാവസ്ഥ സംജാതമാകുന്നതും എന്നാണ് ഭാരതീയ ദര്‍ശനം സൂചിപ്പിക്കുന്നത്.

ഊര്‍ജത്തെ അനുഭവിക്കാന്‍ സാധിക്കും. പക്ഷേ കേവലബോധത്തെ വിഷയരൂപത്തില്‍ അനുഭവിക്കാന്‍ സാധ്യമല്ല. അതായിത്തീരാന്‍ മാത്രമേ സാധിക്കൂ. കാരണം മനുഷ്യന്റെ യഥാര്‍ത്ഥ സ്വരൂപം കേവല ബോധമാണ്. ആദിശക്തി ദ്രവ്യരൂപത്തില്‍ ശരീരങ്ങളായി പരിണമിച്ച് കേവല ബോധത്തെ വലയം ചെയ്തശേഷം സുപ്താവസ്ഥയില്‍ മനുഷ്യന്റെ ഉള്ളില്‍ത്തന്നെ വസിക്കുന്നതാണ്. ഈ ശക്തിയാണ് കുണ്ഡലിനി യോഗയില്‍ ഉണരുന്നതും കേവലബോധത്തോട് യോജിക്കുന്നതും. ഏകമായിരിക്കുന്ന ബ്രഹ്‌മത്തിന്റെ ഈ അവസ്ഥ സൃഷ്ടിക്ക് മുമ്പുള്ള അവസ്ഥയാകുന്നതിനാല്‍ ലോകത്തില്‍ നിന്നു മനസ്സ് വിരമിച്ചവരില്‍ മാത്രമേ ഇത് സംഭവിക്കുകയുള്ളൂ. ഏകമായ ബ്രഹ്‌മം സൃഷ്ടിയുടെ നിലനില്‍പ്പിനായി ബോധം, ഊര്‍ജം എന്നിങ്ങനെ ദ്വൈത ഭാവത്തില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് മോക്ഷാവസ്ഥയില്‍ ഇവയുടെ ഏകീകരണം ആവശ്യമായി വരുന്നത്.

യുങ്ങിന്റെ മനഃശാസ്ത്രവും അതീന്ദ്രിയ ശാസ്ത്രവും

മറ്റ് പല മനഃശാസ്ത്രകാരന്മാരുടെയും ലക്ഷ്യമെന്ന പോലെ, മനഃശാസ്ത്രത്തിന്റെ രീതി തികച്ചും ശാസ്ത്രീയവും വസ്തുതാപരവുമാണെന്നാണ് യുങ്ങിന്റെ നിലപാട്. അതിനാല്‍ യുങ് തന്റെ അപഗ്രഥനത്തെ തത്ത്വജ്ഞാനം, ആത്മീയ ജ്ഞാനം എന്നിവയുടെ ഭാഗമായി ചുരുക്കുന്നത് ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നുവെന്നത് തന്റെ ‘സൈക്കോളജി ആന്‍ഡ് റിളിജ്യണ്‍’ എന്ന കൃതിയില്‍ വ്യക്തമാക്കുന്നു. പക്ഷേ ഈ അപഗ്രഥനം ഒടുവില്‍ വസ്തുതാപരമായിത്തന്നെ അതീന്ദ്രിയ ജ്ഞാനത്തില്‍ ലയിക്കുന്നതു കാണാം. മനസ്സിന്റെ അടിസ്ഥാനം അബോധമാണെങ്കിലും വാസ്തവികമായിട്ടുള്ള സത്തകളടങ്ങുന്നതാണെന്ന നിഗമനമാണ് യുങ്ങിന്റേത്. ആദിരൂപങ്ങളെ അനശ്വര സത്തകളാക്കുകയും, ബോധമനസ്സുകളെ അബോധമനസ്സിന്റെ ഉല്‍പ്പന്നങ്ങളാക്കുകയും ചെയ്തതോടെ യുങ്ങിന്റെ മാനസികാപഗ്രഥനം മനഃശാസ്ത്രത്തിന്റെ അതിരുകള്‍ കടന്ന് തത്ത്വശാസ്ത്രത്തിന്റെയും അതീന്ദ്രിയ ജ്ഞാനത്തിന്റെയും മേഖലകളിലാണ് എത്തിച്ചേര്‍ന്നത്. ഇക്കാരണത്താല്‍ തന്റെ മനഃശാസ്ത്രത്തിന് ശാസ്ത്ര പദവി നഷ്ടമാകുന്നുവെന്നത് യുങ് നിഷേധിക്കുന്നു. കാരണം ഭൗതിക ശാസ്ത്രം ഭൗതിക രൂപങ്ങളെ വസ്തുനിഷ്ഠമായി അപഗ്രഥിക്കുന്നതിനു തുല്യമായാണ് തന്റെ മാനസികാപഗ്രഥനം മാനസിക ഉണ്മകളെ വെളിപ്പെടുത്തിയിട്ടുള്ളതെന്നാണ് യുങ് വാദിക്കുന്നത്. ആദിരൂപങ്ങള്‍ ഭൗതിക ദ്രവ്യങ്ങളല്ലെങ്കിലും അബോധ തലത്തിലെ വസ്തുക്കളാണ്. ഭൗതിക ലോക നിയമങ്ങള്‍ ഭൗതിക വസ്തുക്കള്‍ക്ക് ബാധകമാകുന്നതുപോലെ, അബോധതല നിയമങ്ങള്‍ക്ക് വിധേയമായിട്ടാണ് ആദിരൂപങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബോധ മനസ്സിന് അടിസ്ഥാനമാകുന്ന അനശ്വര സത്തകളെ അവതരിപ്പിക്കുന്നതിലൂടെ യുങ്ങിന്റെ മനഃശാസ്ത്രം അതീന്ദ്രിയ ജ്ഞാനവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നുവെന്നത് നിഷേധിക്കാനാവില്ല. ഏത് ശാസ്ത്രമായാലും ആഴത്തില്‍ സഞ്ചരിക്കുമ്പോള്‍ അതീന്ദ്രിയമായിട്ടുള്ള അടിത്തട്ടുകളിലെത്തുന്നത് സ്വാഭാവികമാണെന്ന കാര്യമാണ് ഇവിടെ ശ്രദ്ധേയമായിട്ടുള്ളത്. ഇപ്രകാരമാണ് ഭൗതിക ലോകത്തെ നിയമങ്ങള്‍ അനുസരിക്കാത്ത ക്വാണ്ടങ്ങളുടെ ലോകത്ത് ഭൗതിക ശാസ്ത്രകാരന്മാര്‍ എത്തിച്ചേര്‍ന്നത്. പുറംലോകത്തെ അനുഭൂതങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള പഠനങ്ങള്‍ അപൂര്‍ണമാണെന്ന സത്യമാണ് ഇവിടെ തെളിയുന്നത്.

(അടുത്തത്: അന്തര്‍മുഖ-ബഹിര്‍മുഖ വ്യക്തിത്വങ്ങള്‍)

By admin