
കൊച്ചി: ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ നിശ്ചയിക്കാന്‍ സിപിഎം സെക്രട്ടേറിയറ്റിന് എന്തധികാരമാണുള്ളതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു. ദേവസ്വം ബോര്‍ഡ് നിയമപ്രകാരം ക്യാബിനറ്റ് മന്ത്രിമാര്‍ക്കാണ് ദേവസ്വം പ്രസിഡന്റിനെ നിശ്ചയിക്കാന്‍ അധികാരമുള്ളത്. കെ. ജയകുമാറിനെ പ്രസിഡന്റാക്കിയതുകൊണ്ടുമാത്രം സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്ന രോഷം ഇല്ലാതാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ടെമ്പിള്‍ പാര്‍ലമെന്റില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സ്‌പെഷല്‍ കമ്മിഷണറായിരുന്നപ്പോള്‍ ഭക്തര്‍ക്കായി ഒന്നും ചെയ്യാത്തയാളാണ് ജയകുമാര്‍. ദേവസ്വം ബോര്‍ഡിലെ അഴിമതി ചൂണ്ടിക്കാണിക്കാനോ അതിനെതിരെ എന്തെങ്കിലും നിലപാട് സ്വീകരിക്കാനോ അദ്ദേഹം തയാറായിരുന്നില്ല. കെഎസ്ആര്‍ടിസിക്കായി അയ്യപ്പന്‍മാരെ കൊള്ളയടിക്കുന്നതിന് അനുകൂലമായ നിലപാടായിരുന്നു അദ്ദേഹത്തിന്റെത്. മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്‍പ് ശബരിമലയിലെ കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടത്തുന്നതിനായി ഹിന്ദു സംഘടനകളുടെ യോഗം വിളിക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 18ന് ഹിന്ദു സംഘടനാ പ്രതിനിധികള്‍ ശബരിമല സന്ദര്‍ശിക്കും. അന്നദാനം ഉള്‍പ്പെടെയുള്ളവ നടത്തിക്കൊണ്ടിരുന്ന ഹൈന്ദവ സംഘടനകളെ സന്നിധാനത്തി നിന്നും ഒഴിവാക്കിയത് ഇവര്‍ക്ക് കൊള്ള നടത്താനാണെന്നും അദ്ദേഹം പറഞ്ഞു.