തൃശ്ശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് കേസില്‍ കുടുക്കിയ സംഭവത്തില്‍ തൃശ്ശൂര്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസും സുഹൃത്ത് നാരായണദാസുമാണ് പ്രതികള്‍.
ലിവിയയില്‍ ഷീല സണ്ണി സ്വഭാവദൂഷ്യം ആരോപിച്ചതിന്റെ വൈരാഗ്യത്തിലാണ് കേസില്‍ കുടുക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 2023 മാര്‍ച്ച് 27 നാണ് ഷീലാ സണ്ണിയുടെ സ്‌കൂട്ടറിലെ ബാഗില്‍ നിന്ന് എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് തോന്നിക്കുന്ന സാധനങ്ങള്‍ പിടികൂടിയത്. തുടര്‍ന്ന് 72 ദിവസം ഷീല സണ്ണി ജയിലില്‍ കഴിയേണ്ടിവന്നു. എന്നാല്‍ രാസ പരിശോധനയില്‍ പിടിച്ചെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് വ്യക്തമായി . ഇതോടെ ഷീലയെ കേസില്‍ നിന്ന് ഒഴിവാക്കി.
ഷീല സണ്ണിയുടെ വാഹനത്തില്‍ വ്യാജ സ്റ്റാമ്പ് വെച്ച ശേഷം അക്കാര്യം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് നാരായണദാസ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ലിവിയയുടെ നിര്‍ദേശപ്രകാരമാണ് താന്‍ ഇക്കാര്യം ചെയ്തതെന്ന് നാരായണ ദാസ് മൊഴി നല്‍കി. എക്‌സൈസ് ഉദ്യോഗസ്ഥരെ സാക്ഷികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.