പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയടക്കം മൂന്ന് പേരെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യയില്‍ പ്രഖ്യാപിച്ച ബ്ലാക്കൗട്ട് സമയത്തും ഇവര്‍ പാകിസ്താന്‍ ഏജന്‍സികളുമായി സജീവ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഹരിയാന പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, നൗമാന്‍ ഇലാഹി (ഉത്തര്‍പ്രദേശ്), ദേവേന്ദ്ര സിംഗ് ധില്ലോണ്‍ (കൈത്താല്‍), മല്‍ഹോത്ര (ഹിസാര്‍) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ പാകിസ്താന്‍ ഏജന്‍സികള്‍ക്ക് സുപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് ആരോപണം.
പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളെയും യൂട്യൂബറുകളെയും ചാരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന സൂചനയും ഇതോടെ പുറത്തുവരികയായിരുന്നു. ഹരിയാനയില്‍ നിന്ന് പിടിയിലായ അര്‍മ്മാന്‍ എന്നയാള്‍ ഇന്ത്യയിലെ മൊബൈല്‍ സിം കാര്‍ഡുകള്‍ പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തിരുന്നതായും, ഡിഫന്‍സ് എക്‌സ്‌പോയില്‍ പങ്കെടുക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.