മഹത്തായ സൃഷ്ടികളിലൂടെ തന്റെ അറിവും അനുഭൂതിയും കൈരളിക്ക് പകര്‍ന്നരുളിയ യതിവര്യന്‍ ഗുരുനിത്യചൈതന്യയതിയുടെ അനന്വയമായ സാഹിത്യ സൃഷ്ടിയാണ് ഭഗവദ്ഗീതാസ്വാദ്ധ്യായം. സകലജീവികളിലും ശക്തിയായിരിക്കുന്ന ചൈതന്യം ഒന്നുതന്നെയാണെന്ന് ഭാരതീയരായ ഋഷിമാര്‍ ദര്‍ശിച്ചു. അതിനെ അവര്‍ പരമാത്മാവ് എന്നു വിളിച്ചു. ഒരുവനില്‍ ബോധമായി ഉദിക്കുന്ന ഈ ചിച്ഛക്തി തന്നെ ശുദ്ധാവസ്ഥയില്‍ പ്രപഞ്ചത്തെയാകെ ഉള്‍ക്കൊണ്ടറിയുന്ന പരമമായ അറിവെന്നും അവര്‍ കണ്ടെത്തി. ഉപാധിരഹിതമായ ഈ കാരണചൈതന്യത്തിന്റെ അദ്ധ്യക്ഷതയിലാണ് സകലജീവല്‍ പ്രവര്‍ത്തനങ്ങളും പ്രപഞ്ചപ്രവര്‍ത്തനങ്ങളും നിര്‍വ്വഹിക്കപ്പെടുന്നതെന്ന് ആ സത്യദര്‍ശികള്‍ സിദ്ധാന്തിച്ചു. അത്തരം ശാസ്ത്ര ഗ്രന്ഥങ്ങള്‍ പൗരാണിക ഭാരതത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുന്ന സിദ്ധാന്തകൃതികളെന്ന നിലയില്‍ ശ്രദ്ധേയമാണ്. അവയില്‍ത്തന്നെയുള്ള വ്യത്യസ്ത സത്യസാക്ഷാത്കാരമാര്‍ഗ്ഗങ്ങളെ നിബന്ധിക്കുന്ന യോഗശാസ്ത്ര കൃതി എന്ന നിലയില്‍ ഒരു മാതൃസ്ഥാനം ഭഗവദ്ഗീതയ്‌ക്കുണ്ട്. മാനവബോധത്തിന്റെ സത്താപരിണാമത്തെയും അധിഷ്ഠാനത്തെയും സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നുണ്ട് ഈ ബോധശാസ്ത്രകൃതി. ”ജീവന്റെ മുഖ്യ കേന്ദ്രമായ പുരുഷനും ബോധോത്പാദന കേന്ദ്രവും ആത്മാവും പാശ്ചാത്യര്‍ വിശ്വസിക്കുന്ന അബോധപ്രക്രിയയുടെ നിയാമകനും എല്ലാം അദൃശ്യമായ ഒരു സംചാലനശക്തിയാണ്. അത് സ്ഥൂലവും സൂക്ഷ്മവും കാരണാത്മകവുമായ പല മാതിരി വസ്തുക്കളെയും ശരീരം മുഴുവന്‍ വഹിച്ചുകൊണ്ടു നടക്കുന്നു” (നിത്യചൈതന്യയതി, 1988 യ.22). ആദ്യം ബോധത്തിലങ്കുരിക്കുന്ന സങ്കല്‍പവികല്‍പങ്ങളെ ബോധശക്തിയുടെ തന്നെ സഹായത്താല്‍ മനോവ്യാപാരങ്ങളാക്കി രൂപപ്പെടുത്തുന്നു. ഇവ പിന്നീട് സങ്കല്‍പ സഫലീകരണത്തിന് യത്‌നിക്കയാല്‍ കര്‍മ്മവ്യാപാരങ്ങളായിത്തീരുന്നു. മാനവപുരോഗതിയുടെ സാംസ്‌കാരികവും ഭൗതികവുമായ സകല ഈടുവയ്‌പ്പുകളും ഏതെങ്കിലും ബോധധാരയില്‍ അങ്കുരിച്ച സങ്കല്‍പ്പങ്ങളുടെ കര്‍മ്മപൂര്‍ത്തിയത്രേ. തന്റെ ഉള്ളിനോടും പുറത്തെ പ്രപഞ്ചനീതിയോടും ധര്‍മ്മബുദ്ധി പുലര്‍ത്തി സമസ്ഥിതിയിലായിരിക്കുന്ന ഒരു ബോധധാരയില്‍ അങ്കുരിക്കുന്ന ആശയങ്ങള്‍ തനിക്കും സമഷ്ടിക്കും ഐശ്വര്യപൂര്‍ത്തിവരുത്തും. ഇത്തരത്തില്‍ സമസ്ഥിതിയിലായിരിക്കുന്ന ഒരു ബോധധാര സമാധിസ്ഥമായ ഒരു മനസ്സിന്റെ സമ്യക്കായ പ്രകാശനമായി പരിണമിക്കും. അത്തരമൊരു ബോധവ്യവസ്ഥയെ സമ്യഗ്ജ്ഞാന പ്രാപ്തിയിലൂടെ കൈവരിക്കാന്‍ സഹായിക്കുക എന്നതാണ് ആധുനികകാലത്തെ ഉപനിഷത്തായ ഭഗവദ്ഗീതയുടെ ശാസ്ത്രീയമായ നിലപാട്. പാശ്ചാത്യ ചിന്താപദ്ധതിയുടെ ഭാഗമായ ആധുനിക മനശ്ശാസ്ത്രവും ഭാരതീയ ബോധശാസ്ത്രജ്ഞന്മാരായ ഋഷിമാരാല്‍ വികസിപ്പിച്ചെടുത്ത തത്ത്വശാസ്ത്രജ്ഞാന സാകല്യവും സമനില കൈവരിച്ച മനസ്സിന്റെ സംതുലനാവസ്ഥയില്‍ ഇന്ന് പ്രതീക്ഷയോടെ ഒന്നിക്കുന്നു.
ആധുനികലോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുടെ പരിഹാരത്തിനുതകുന്ന ഒരു നവലോകത്തിന്റെ ക്രമസംവിധാനത്തിനു സഹായകമാണ് ഗുരു നിത്യചൈതന്യയതിയുടെ വ്യാഖ്യാനം. തത്ത്വശാസ്ത്രത്തിന്റെയും മനശാസ്ത്രത്തിന്റേയും സമീകരണത്തിലൂടെ രചിച്ച വ്യാഖ്യാനമാണിത്. സമ്യഗ്‌ബോധവ്യവസ്ഥയ്‌ക്ക് മനഃശാസ്ത്ര പരിജ്ഞാനത്തിന്റെ വെളിച്ചത്തില്‍ രചിച്ച വ്യാഖ്യാനം ആധുനികലോകത്തിനു മലയാളസാഹിത്യത്തില്‍നിന്നു ലഭിച്ച ഒരു പ്രധാന സംഭാവനയായിത്തീര്‍ന്നിരിക്കുന്നു. തന്റെ പൂര്‍വ്വാചാര്യനായ ശ്രീനാരായണഗുരുവിനോടും ആധുനിക ശാസ്ത്രത്തോടും കൂറുപുലര്‍ത്തിക്കൊണ്ടു ഗീതയ്‌ക്കു തനതായ വ്യാഖ്യാനം രചിച്ച നടരാജഗുരുവിനെ പിന്തുടര്‍ന്നുവന്നെങ്കിലും തന്റേതായ ബൗദ്ധികവീക്ഷണം കൈക്കൊണ്ടാണ് അദ്ദേഹം വ്യാഖ്യാനം രചിച്ചിരിക്കുന്നത്. മലയാള ഭാഷയുടെ വൈജ്ഞാനിക സാഹിത്യത്തില്‍ ഇത്തരം ഈടുറ്റ പഠനഗ്രന്ഥങ്ങള്‍ അപൂര്‍വമാണ്. അനാദികാലം മുതല്‍ ഭാരതീയ സംസ്‌കൃതിക്കു മാത്രം സ്വന്തമായുള്ള ഭാഷ്യസാഹിത്യത്തെ മലയാളത്തില്‍ തനതായി പ്രകാശിപ്പിക്കാന്‍ യതിക്ക് ഈ വ്യാഖ്യാനത്തിലൂടെ സാധിക്കുന്നു. തന്റെ പ്രായോഗിക വേദാന്താവഗാഹവും ആധുനിക മനഃശാസ്ത്ര ചിന്തകളും സമീകരിച്ചാണ് അദ്ദേഹം 1992ല്‍ ഭഗവദ്ഗീതാസ്വാദ്ധ്യായം പ്രകാശിപ്പിച്ചത്.
ആധുനിക ജീവിതപശ്ചാത്തലത്തില്‍, മാനസിക പ്രശ്‌നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കെ തത്ത്വശാസ്ത്രത്തെ മനഃശാസ്ത്രവുമായി സംയോജിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഈ ഗീതാവ്യാഖ്യാനം മലയാളഭാഷാ സംസ്‌കൃതിക്കു കരുത്തു പകരുന്നു. ആധുനിക ലോകത്തിന് മലയാളം നല്‍കുന്ന മനക്കരുത്തായി അതു പരിണമിക്കുന്നു. വിവിധ വിദേശ സര്‍വ്വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്ന നിത്യചൈതന്യയതി ദല്‍ഹിയിലെ സൈക്കിക്ക് ആന്‍ഡ് സ്പിരിച്വല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അപ്രകാരമുള്ള അനുഭവപരിജ്ഞാനവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ മനഃശാസ്ത്ര സ്വാധീനതയുടെ ഒരു മണ്ഡലം അവശേഷിപ്പിക്കുന്നതിനു കാരണമായിട്ടുണ്ട്.
തത്ത്വശാസ്ത്രവും മനഃശാസ്ത്രവും
ആധുനിക മനഃശാസ്ത്രതത്ത്വങ്ങളുടെ വെളിച്ചത്തില്‍ യതി ഭഗവദ്ഗീതയെ അപഗ്രഥിക്കുമ്പോള്‍ അത് ഗീതയുടെ ഒരപൂര്‍വ പാഠമായി അനുഭവപ്പെടുന്നുണ്ട്. ഗീത ഒരു യോഗദര്‍ശനകൃതിയായതിനാല്‍ അതുമായി പൊരുത്തപ്പെടുന്ന വിജ്ഞാനധാരകളെ കൂട്ടിയിണക്കി അതിന് വിശദപാഠങ്ങള്‍ രചിക്കാന്‍ വേണ്ട സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഗീതയുടെ ലക്ഷ്യാര്‍ത്ഥത്തില്‍നിന്ന് വ്യതിചലിച്ചുപോയാല്‍ അതിന്റെ സത്താവിശേഷം തന്നെ നഷ്ടമാകും. ഇതറിയാവുന്ന യതി അദൈ്വതവേദാന്തത്തിന്റെ ലക്ഷ്യാര്‍ത്ഥത്തില്‍നിന്നു മാറി വ്യാഖ്യാനിക്കുവാന്‍ മുതിരില്ലെന്നു കാണാം. എന്നാല്‍ ആധുനികരായ വ്യാഖ്യാനപഠിതാക്കളില്‍ തത്ത്വശാസ്ത്രത്തിന്റെ സത്യപാഠം ഉറപ്പിക്കാന്‍ വേണ്ടി മാത്രമാണ് മനഃശാസ്ത്ര തത്ത്വങ്ങളെ ഇണക്കിച്ചേര്‍ത്തിരിക്കുന്നതെന്നു കാണാന്‍ പ്രയാസമില്ല. അതിനാല്‍ ആധുനിക ശാസ്ത്രത്തോട് ആഭിമുഖ്യമുള്ളവര്‍ക്കും പൗരാണികതത്ത്വശാസ്ത്രനിഷ്ഠ പുലര്‍ത്തുന്നവര്‍ക്കും ഒന്നുപോലെ പ്രയോജനപ്പെടുന്ന വ്യാഖ്യാനഘടനയാണ് ഭഗവദ്ഗീതാ സ്വാദ്ധ്യായത്തിനുള്ളത്.
പ്രധാനമായും രണ്ടുതരം സമീപനങ്ങളാണ് മനഃശാസ്ത്ര വീക്ഷണഗതിക്കായി യതി വ്യാഖ്യാനത്തില്‍ പുലര്‍ത്തിയിരിക്കുന്നത്.ഒന്ന്, ആധുനിക മനഃശാസ്ത്ര തത്ത്വങ്ങളെ പരോക്ഷമായി പ്രയോജനപ്പെടുത്തിക്കൊണ്ടു നിര്‍വഹിക്കുന്ന വ്യാഖ്യാനസമ്പ്രദായം. ഇങ്ങനെ പ്രത്യക്ഷവും പരോക്ഷവുമായ സമീപനങ്ങള്‍ യതിയുടെ ബോധമണ്ഡലത്തിന്റെ വിചാരതരംഗങ്ങളായി വ്യാഖ്യാനത്തില്‍ കണ്ടുവരുന്നുണ്ട്. വേദാന്തജ്ഞാനത്തിലൂന്നിയ അദൈ്വതനിഷ്ഠയും തന്നെ സ്വാധീനിച്ച ശ്രീനാരായണദര്‍ശനങ്ങളുമെല്ലാം യതിയുടെ വ്യാഖ്യാനത്തെ നിയന്ത്രിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ മനഃശാസ്ത്രജ്ഞന്‍ അബോധപൂര്‍വ്വം പ്രകാശിപ്പിക്കുന്ന തത്ത്വസമീപനങ്ങള്‍, വ്യാഖ്യാനത്തെ വ്യതിരിക്തമാക്കുന്നു. പ്രത്യക്ഷത്തില്‍ ഏറെ പ്രകടമല്ലെങ്കിലും വേണ്ടപ്പെട്ട എല്ലാ മനഃശാസ്ത്ര വിജ്ഞാനഘടകങ്ങളും അദൈ്വതശാസ്ത്രത്തിന് വിരോധമില്ലാത്തവിധം സ്വാദ്ധ്യായത്തിലേക്കു സംക്രമിച്ചിട്ടുണ്ടെന്നാണ് ബോധ്യമാകുന്നത്.
”നിത്യജീവിതത്തോട് അഭേദ്യബന്ധമുള്ള ഒരു ദാര്‍ശനിക കൃതി” (നിത്യചൈതന്യയതി, 1992:28)യായിട്ടാണ് ‘പീഠിക’യില്‍ അദ്ദേഹം ഗീതയെ അവതരിപ്പിച്ചിട്ടുള്ളത്. ആമുഖത്തിലോ പീഠികയിലോ അദ്ദേഹം മനഃശാസ്ത്ര വീക്ഷണത്തെപ്പറ്റി ഒരു വാക്കും വെളിപ്പെടുത്തിയിട്ടില്ലെന്നു മാത്രമല്ല, ഭാരതീയ മനഃശാസ്ത്രത്തിനൊരാമുഖം, സ്വപ്‌നം തുടങ്ങിയ കൃതികളില്‍ ആഴത്തില്‍ പഠനവിധേയമാക്കിയ മനഃശാസ്ത്രമേഖലകള്‍ക്ക് വ്യാഖ്യാനത്തില്‍ വൈശദ്യം നല്‍കാതെ പോകുന്നുമുണ്ട്. ഇതില്‍നിന്ന് തന്റെ മനഃശാസ്ത്രാവബോധം അദ്ദേഹത്തിന്റെ വ്യാഖ്യാനത്തെ അബോധപൂര്‍വ്വം സ്വാധീനിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നു മനസ്സിലാക്കാം. ഈ സ്വാധീനത ഇതരവ്യാഖ്യാനങ്ങളില്‍നിന്നു ഭിന്നമായ സ്വതന്ത്രാസ്തിത്വം അദ്ദേഹത്തിന്റെ വ്യാഖ്യാനത്തിന് കൈവരുത്തിയിട്ടുണ്ട്. ഈ പാഠനിര്‍ദ്ധാരണംകൊണ്ട് ഇങ്ങനെ വ്യക്തമാക്കാം. രണ്ടു ക്രിയകളാണ് സദാസമയവും ബോധത്തില്‍ അങ്കുരിക്കുന്നത്. ശരീരത്തിലെ ഐന്ദ്രികവും നാഡീതന്ത്രപ്രധാനവുമായ ക്രിയകള്‍ ഒരുവശത്തും മറുവശത്ത് ആത്മസംബന്ധിയായിരിക്കുന്ന പ്രകാശം, വൃഷ്ടിഗതമായിരിക്കുന്ന പുരുഷഭാവത്തില്‍ക്കൂടി ഉളവാക്കി വാസനയ്‌ക്കും സംസ്‌കാരത്തിനും യോജിക്കുന്ന മാതിരിയില്‍ അറിവിനെ ന്യായമായ രീതിയില്‍ ധരിക്കുകയോ കാവ്യാലങ്കാര ചമത്കാരങ്ങള്‍ ചേര്‍ത്ത് പ്രതീകപ്രസക്തി ഉള്ളതുപോലെ വ്യാഖ്യാനിച്ചുകൊടുക്കയോ ചെയ്യുന്ന സമ്പ്രദായവുമാണ്. ഇതില്‍ ആദ്യം പറഞ്ഞത് പ്രത്യക്ഷപ്രമാണത്തോടു സംബന്ധിക്കുന്നതാണ്. രണ്ടാമതു പറഞ്ഞത് ആത്മസംബന്ധിയായിട്ടുള്ളതും പ്രതിഭാപ്രധാനമായിട്ടുള്ളതുമാകുന്നു (നിത്യചൈതന്യയതി, 2000 മ: 107).
ഇപ്രകാരം ബോധപ്രക്രിയയെ വ്യക്തമാക്കുമ്പോള്‍ യതി പറയുന്ന പ്രതിഭാപ്രധാനമായി, ആത്മസംബന്ധിയായി അദ്ദേഹത്തിന്റെ സ്വത്വത്തില്‍ കലര്‍ന്നിരിക്കുന്ന മനഃശാസ്ത്ര പാണ്ഡിത്യം അവസരോചിതമായി തിരി നീട്ടുന്നുണ്ട് വ്യാഖ്യാനത്തില്‍. ഇങ്ങനെയൊരു രചനോദ്ദേശ്യം മുന്‍കൂട്ടി അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ അതിനുവേണ്ടിയുള്ള തെളിവുറ്റ പഠനമായി അദ്ദേഹത്തിന് സ്വാദ്ധ്യായത്തെ നിഷ്പ്രയാസം വികസിപ്പിക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം തന്റെ ബോധസീമയില്‍നിന്ന് ഔചിത്യഭംഗിയോടെ ഉന്മൂലനം ചെയ്തുവന്ന മനഃശാസ്ത്രസമീപനങ്ങളെ അനുഭാവപൂര്‍വം ഒഴിവാക്കിയിട്ടില്ല എന്നു കാണാം. അപ്പോള്‍ ഒരു വിശിഷ്ടകൃതിയുടെ പരമാര്‍ത്ഥതത്ത്വം പ്രകാശിപ്പിക്കുന്നതില്‍, അബോധപൂര്‍വ്വം കടന്നുവരുന്ന വ്യക്തിത്വവൈശിഷ്ട്യങ്ങളാല്‍ അതില്‍ ചില പാഠാന്തരങ്ങള്‍ സംഭവിപ്പിക്കാമെന്നു വരുന്നു. അതിനാല്‍ ഭഗവദ്ഗീതാസ്വാദ്ധ്യായത്തിന് ഇതരഗീതാവ്യാഖ്യാനങ്ങള്‍ക്കുപരിയായി സ്വതന്ത്രമായ ഒരു അസ്തിത്വം കൈവരിക്കുന്നതായി കാണാം.
(തിരുവനന്തപുരം മാറനല്ലൂര്‍ ഡിവിഎംഎന്‍എന്‍എം എച്ച് എസ്എസ് അദ്ധ്യാപികയാണ് ലേഖിക)