• Mon. Mar 10th, 2025

24×7 Live News

Apdin News

ഭഗവാന്‍ ശ്രീരമണ മഹര്‍ഷിയും ശ്രീനാരായണ ഗുരുദേവനും

Byadmin

Mar 8, 2025



ശ്രീനാരായണഗുരുദേവന്‍ മഹാനായ ഒരു സംന്യാസിവര്യനായിരുന്നു. അദ്ദേഹം ആരെയും ചെന്ന് കാണാറുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മഹത്വം കണ്ടറിഞ്ഞ് മഹാന്മാര്‍ സവിധത്തിലെത്തുകയാണ് പതിവ്. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍, രാജാജി തുടങ്ങിയ മഹാന്മാരെല്ലാം വര്‍ക്കലയിലെത്തി ഗുരുദേവനെ സന്ദര്‍ശിച്ചിരുന്നു. ദക്ഷിണേന്ത്യന്‍ പര്യടനത്തിലായിരിക്കെ 1917ലാണ് ഗുരുദേവന്‍ തിരുവണ്ണാമലയില്‍ രമണ മഹര്‍ഷിയെ കാണാന്‍ ചെന്നത്. തമിഴ്‌നാട്ടില്‍ പല സ്ഥലത്തും ഗുരുദേവന്‍ സ്ഥാപിച്ച മഠങ്ങള്‍ ഉണ്ടായിരുന്നു. കാഞ്ചീപുരത്തെ ശ്രീനാരായണമഠമായ നാരായണ സേവാശ്രമം അദ്ദേഹം സന്ദര്‍ശിച്ചു. അവിടുത്തെ മഠാധിപതി ഗോവിന്ദാനന്ദ സ്വാമി ഒരു രമണഭക്തന്‍ കൂടിയായിരുന്നു. ഗുരുദേവന്‍ രമണ മഹര്‍ഷിയെ ചെന്ന് കാണണമെന്ന് അദ്ദേഹം അപേക്ഷിക്കുകയുണ്ടായി. ഈ ആഗ്രഹം ഗുരുദേവന്റെ മനസില്‍ നേരത്തെ ഉണ്ടായിരുന്നു. അതനുസരിച്ച് അദ്ദേഹം തിരുവണ്ണാമലയ്‌ക്ക് പുറപ്പെട്ടു.

കാഞ്ചീപുരം സേവാശ്രമത്തിലുണ്ടായിരുന്ന അച്യുതാനന്ദ സ്വാമി, വിദ്യാനന്ദ സ്വാമി, ഗോവിന്ദാനന്ദ സ്വാമി എന്നിവരും ഗുരുവിനോടൊപ്പം ഉണ്ടായിരുന്നു. യാദൃച്ഛികമായി ഗുരുദേവന്‍ തിരുവണ്ണാമലയില്‍ പളനി സ്വാമിയെ കണ്ടുമുട്ടി. അദ്ദേഹവും ഗുരുദേവന്‍ മഹര്‍ഷിയെ ദര്‍ശിക്കണമെന്ന് പറഞ്ഞ് ആശ്രമത്തിലേക്ക് ക്ഷണിച്ചു. ശരി – ശരി! ഞങ്ങള്‍ അവിടെ വന്ന് അദ്ദേഹത്തെ ദര്‍ശിക്കാം. അദ്ദേഹം മറ്റെവിടേക്കും പോകാറില്ലല്ലോ. ഞങ്ങള്‍ അദ്ദേഹത്തെ കാണേണ്ടത് അത്യാവശ്യം തന്നെ, ഗുരുദേവന്‍ മൊഴിഞ്ഞു.’ മഹര്‍ഷി ആ സമയം സ്‌കന്ദാശ്രമത്തിലായിരുന്നു. ഗുരുദേവന്‍ അവിടെ ചെന്ന് മഹര്‍ഷിയെ സസൂക്ഷ്മം വീക്ഷിച്ചു. മഹര്‍ഷി തിരിച്ചും. രണ്ടുപേരും ഒന്നും ഉരിയാടിയില്ല. മൗനത്തിലൂടെ അവര്‍ ആശയവിനിമയം നടത്തിയിട്ടുണ്ടാവും. ഒരു ജ്ഞാനിക്കേ മറ്റൊരു ജ്ഞാനിയെ മനസിലാക്കാന്‍ കഴിയൂ. കുറച്ചുകഴിഞ്ഞ് ഗുരുദേവനെഴുന്നേറ്റ് ഒരു മാവിന്‍ചുവട്ടിലിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാരും ഭഗവാനെ നമസ്‌കരിച്ചതിന് ശേഷം ഗുരുവിന്റെ അടുക്കലേക്കു വന്നു. ഗുരുദേവന്‍ തിരുവണ്ണാമലയില്‍ എത്തിയിട്ടുണ്ടെന്നറിഞ്ഞ് നിരവധി ഭക്തര്‍ പഴങ്ങളും മറ്റുമായി അദ്ദേഹത്തെ സമീപിച്ചു. ‘വരൂ, നമുക്കെല്ലാവര്‍ക്കും ഭക്ഷണം കഴിക്കാമല്ലോ,’ എന്ന് മലയാളത്തില്‍ ഗുരുവിനെ മഹര്‍ഷി ക്ഷണിച്ചു. ‘മഹര്‍ഷികളുടെ പ്രസാദം ശാപ്പിടാം’ എന്ന് ഗുരുദേവന്‍ തമിഴില്‍ പ്രതിവചിച്ചു. അദ്ദേഹം മഹര്‍ഷിയുടെ സമീപത്തിരുന്നു. ആരോഗ്യകാരണങ്ങളാല്‍ ഭക്ഷണത്തില്‍ നിയന്ത്രണമുള്ളതുകൊണ്ട് ചോറും മോരും മാത്രമാണ് ഗുരുദേവന്‍ കഴിക്കാറുണ്ടായിരുന്നത്. അന്ന് അദ്ദേഹം പഴങ്ങളും പപ്പടവും പായസവുമൊക്കെ കഴിച്ചു. ഭക്ഷണശേഷം ഭഗവാന്‍ മലയിലേക്ക് നടക്കാന്‍ പോയി. മഹര്‍ഷിക്ക് എന്തെങ്കിലും സമര്‍പ്പിക്കേണ്ടതല്ലേ എന്ന് ഗുരുദേവന്‍ ശിഷ്യരോട് ആരാഞ്ഞു. ഒരു കടലാസും പെന്‍സിലും ആവശ്യപ്പെട്ടു. അദ്ദേഹം മാവിന്‍ചുവട്ടില്‍ പോയിരുന്നു. എന്തോ കുത്തിക്കുറിച്ചു. ഈ സമയം മറ്റുചിലരും ഗുരുവിനെ കാണാന്‍ അവരവരുടെ മഠങ്ങളിലേക്ക് ക്ഷണിക്കാനെത്തിയിരുന്നു. ഗുരുദേവന്‍ ഇറങ്ങിവന്ന് തിരിച്ചെത്തിയ ഭഗവാന്റെ സമീപത്തിരുന്നു. തന്റെ ശിഷ്യരില്‍ ആരെങ്കിലും ഭഗവാനെ കാണാന്‍ വന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ വന്നിട്ടുണ്ടെന്ന് പലരും പറഞ്ഞു. അപ്പോള്‍ ഈ പാവപ്പെട്ട എനിക്ക് മാത്രം ഇപ്പോഴാണ് ആ ഭാഗ്യം ലഭിച്ചതെന്ന് പറഞ്ഞു. താന്‍ കടലാസില്‍ കുറിച്ചിട്ട ശ്ലോകങ്ങള്‍ അവിടെ സമര്‍പ്പിച്ചു. സ്ഥിത പ്രജ്ഞനായ ഒരു ജ്ഞാനി എപ്രകാരമാണ് പെരുമാറുക എന്നതിനെക്കുറിച്ച് വര്‍ണിക്കുന്ന മഹര്‍ഷിയെക്കുറിച്ചുള്ള അഞ്ച് സംസ്‌കൃത ശ്ലോകങ്ങള്‍ ആയിരുന്നു അതിലുണ്ടായിരുന്നത്. ‘നിര്‍വൃതിപഞ്ചകം’ എന്നാണ് അതിന്റെ ശീര്‍ഷകം.

ഇവരെന്നെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നിരിക്കുകയാണെന്ന് ഗുരുദേവന്‍ പറഞ്ഞു. ഭഗവാനെ തന്നെ കുറച്ചുനേരം ഗുരുദേവന്‍ കടാക്ഷിച്ചതിനുശേഷം ശിഷ്യന്മാരോടൊപ്പം താഴേക്കിറങ്ങി. ഇദ്ദേഹം രാജവെമ്പാലയാണെന്നാണ് ഗുരുദേവന്‍ മഹര്‍ഷിയെ വിശേഷിപ്പിച്ചത്. സാധാരണയായി ആധ്യാത്മിക സാഹിത്യത്തില്‍ യോഗികളെ സര്‍പ്പങ്ങളായാണ് പരാമര്‍ശിക്കാറുള്ളത്! ഒറ്റ കടാക്ഷത്തിലൂടെ ശിഷ്യന്റെ അഹന്തയെ നശിപ്പിച്ച് അവര്‍ക്ക് മുക്തി നല്‍കാന്‍ കഴിവുള്ളവരാണ് ഈ യോഗികള്‍. ശ്രീനാരായണഗുരു ഒരു പൂര്‍ണ പുരുഷന്‍ (ജ്ഞാനി) എന്നാണ് രമണമഹര്‍ഷി വിശേഷിപ്പിച്ചത്.

ഗുരുദേവന്‍ മലയിറങ്ങുമ്പോള്‍ തന്റെ ഒരു ധനിക ശിഷ്യനെയും ഒരു പണ്ഡിത ശിഷ്യനെയും സ്‌കന്ദാശ്രമത്തില്‍ തന്നെ തങ്ങാനും വരുന്ന ഭക്തന്മാര്‍ക്ക് ആഹാരസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശിച്ചു. ഇദ്ദേഹത്തിന്റെ ഒരു ദര്‍ശനം മതി, മനുഷ്യനെ മുക്തിയിലേക്ക് നയിക്കാന്‍’. ഇദ്ദേഹം കുടത്തിലെ ദീപം പോലെ അറിയപ്പെടാതെ കിടക്കുകയാണ്. മഹത്വത്തെക്കുറിച്ച് കൂടുതല്‍ ജനങ്ങള്‍ അറിയാന്‍ ഇടവരട്ടെ. അതിനായി പണ്ഡിത സദസുകളിലും മറ്റും രമണ മഹര്‍ഷിയുടെ മഹത്വത്തെകുറിച്ച് പ്രസംഗിക്കുവാന്‍ അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കണം – ഗുരുദേവന്‍ നിര്‍ദ്ദേശിച്ചു.

വര്‍ക്കലയില്‍ തിരിച്ചെത്തിയ ഗുരുദേവന്‍ സ്ഥിതപ്രജ്ഞന്റെ അവസ്ഥയെക്കുറിച്ച് സംസ്‌കൃതത്തില്‍ അഞ്ച് ശ്ലോകങ്ങളും കൂടി രചിച്ച് രമണാശ്രമത്തിലേക്ക് അയച്ചുകൊടുത്തു. ‘മുനിചര്യാ പഞ്ചകം’ എന്നാണതറിയപ്പെടുന്നത്.

രമണാശ്രമത്തില്‍ നിന്ന് ആരെങ്കിലും വര്‍ക്കലയില്‍ ഗുരുദേവനെ കാണാന്‍ ചെന്നാല്‍ മഹര്‍ഷിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അദ്ദേഹം അവരോട് ആരായുമായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് ആരെങ്കിലും ഗുരുദേവനെ കാണാന്‍ വന്നാല്‍ രമണ മഹര്‍ഷിയെ കണ്ടിട്ടുണ്ടോ എന്ന് ഗുരുദേവന്‍ ചോദിക്കുമായിരുന്നു. ഇല്ലെന്നാണ് മറുപടിയെങ്കില്‍, കഷ്ടം തമിഴ്‌നാട്ടില്‍ ജനിച്ചിട്ട് ഭഗവാന്‍ മഹര്‍ഷിയെ ദര്‍ശിച്ചില്ല എങ്കില്‍ നിങ്ങളുടെ ജീവിതം വ്യര്‍ത്ഥം തന്നെയെന്ന് ഗുരുദേവന്‍ മുഖത്തടിച്ചതുപോലെ പറയുമായിരുന്നു.

1928ല്‍ ഗുരുദേവന്‍ അസുഖം ബാധിച്ച് കിടപ്പിലായെന്നറിഞ്ഞ് തന്റെ സേവകനും പാലക്കാട്ടുകാരനുമായ കുഞ്ചുസ്വാമിയെ വര്‍ക്കലയില്‍ചെന്ന് ഗുരുദേവനെ കണ്ട് ആശ്വാസവചനങ്ങള്‍ അര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തി. ഭഗവാന്‍ കൊടുത്തയച്ച ഒരു നാരങ്ങ കുഞ്ചുസ്വാമി ഗുരിവിന് പ്രസാദമായി സമര്‍പ്പിച്ചപ്പോള്‍ ഗുരുദേവന്‍ അത് കൈയിലെടുത്ത് തന്റെ ഇരുനയനങ്ങളിലും മാറത്തും ഭക്തിയോടെ അര്‍പ്പിച്ചു. പത്തുദിവസം കഴിഞ്ഞ് ഗുരുദേവന്‍ നിര്‍വാണം പ്രാപിച്ചു. കുഞ്ചുസ്വാമി കേരളത്തില്‍ നിന്നുള്ള ശങ്കരാനന്ദ സ്വാമിയോടൊപ്പം വര്‍ക്കലയിലെത്തി, ഒരു ജ്ഞാനിയുടെ ശരീരത്തെ അര്‍ഹിക്കുന്ന രീതിയില്‍ സമാധിയിരുത്തണം. അതിനുവേണ്ടതായ മേല്‍നോട്ടം വഹിക്കണമെന്ന് ഭഗവാന്‍ കുഞ്ചസ്വാമിയോട് നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ചുള്ള നടപടിക്രമം, സമാധി, എന്നിവയെക്കുറിച്ച് തന്നെ ധരിപ്പിക്കണമെന്നും ഭഗവാന്‍ കുഞ്ചുസ്വാമിയോട് നിര്‍ദേശിച്ചിരുന്നു. സമാധിക്കു ശേഷം കുഞ്ചുസ്വാമി മഹര്‍ഷിയുടെ സവിധത്തിലെത്തി എല്ലാ കാര്യങ്ങളും വിശദമായി ധരിപ്പിച്ചു.

By admin