
ഭഗവാന്‍ ശ്രീസത്യസായി ബാബയുടെ ജന്മശതാബ്ദി ദിനമാണ് നാളെ. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് ഭക്തരാണ് ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ബാബയുടെ ആസ്ഥാനമായിരുന്ന പുട്ടപ്പര്‍ത്തിയിലെ പ്രശാന്തി നിലയത്തിലേക്ക് ദിനംതോറും എത്തുന്നത്്. 48 വര്‍ഷം മുമ്പ് ബാബയോടൊപ്പം 33 ദിവസങ്ങള്‍ താമസിക്കുവാനും ബാംഗ്ലൂരിലെ വൈറ്റ് ഫീല്‍ഡില്‍ അദ്ദേഹം സംഘടിപ്പിച്ച ‘ആദ്ധ്യാത്മികതയെയും ഭാരതസംസ്‌ക്കാരത്തെയും’ പറ്റിയുള്ള വേനല്‍ക്കാല ശിബിരത്തില്‍ (Summer course on Indian culture and spirituality) പൂര്‍ണമായും പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സ്മരണകളും ഇരമ്പുകയാണ് എന്റെ മനസ്സില്‍.
1977-ല്‍ ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജില്‍ ഒന്നാം വര്‍ഷ ബി.കോം. വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് ശിബിരത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഉപന്യാസ പ്രസംഗ മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട മൂന്നുറോളം വിദ്യാര്‍ത്ഥികളായിരുന്നു ശിബിരാര്‍ത്ഥികള്‍. അവരില്‍ ചിലര്‍ വിദേശ വിദ്യാര്‍ത്ഥികളും. ബാബയുടെ സാര്‍വ്വലൗകിക വീക്ഷണവും സര്‍വ്വമത സമന്വയ സന്ദേശവും മാനവ സേവയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളും കൃത്യമായി അറിയാനും അങ്ങനെ അദ്ദേഹത്തിന്റെ പ്രഭാവലയത്തില്‍ എത്താന്‍ സഹായിച്ചതും ഈ ശിബിരത്തിലെ പങ്കാളിത്തമായിരുന്നു.
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകള്‍ ഒരു ദര്‍ശനമെങ്കിലും കൊതിക്കുന്ന ബാബയുമായി ദര്‍ശന സ്പര്‍ശന സംഭാഷണങ്ങളിലൂടെ അടുത്ത് ഇടപഴകുവാനുള്ള അവസരം ലഭിച്ചത് ജീവിതത്തിലെ ഒരു മഹാ ഭാഗ്യമാണ്.
വൈറ്റ് ഫീല്‍ഡില്‍ ബാബയുടെ ആശ്രമമായ ‘വൃന്ദാവനത്തോടു ചേര്‍ന്നുള്ള സത്യസായി കോളേജ് ഹോസ്റ്റലിലാണ് പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ താമസിച്ചത്.
ലോകത്ത് അന്നോളം ഉയര്‍ന്നു വന്നിട്ടുള്ള മുഴുവന്‍ ചിന്താധാരകളെപ്പറ്റിയുമുള്ള പഠനങ്ങള്‍ ഇവിടെ നടന്നു. ആദ്ധ്യാത്മികതയിലൂന്നിയ സാധന, മതേതര വീക്ഷണം, സേവന മനോഭാവം ഇങ്ങിനെ വിവിധ ആശയങ്ങള്‍ സമന്വയിപ്പിച്ചായിരുന്നു സിലബസ്. അതിന്റെ രചയിതാവും നിര്‍മ്മാതാവും സംവിധായകനും ഒക്കെയായിരുന്ന ബാബ മുഴുവന്‍സമയ പങ്കാളിയുമായിരുന്നു.
രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദ്യാഭ്യാസവിചക്ഷണര്‍, ന്യായാ ധിപന്മാര്‍, വൈസ് ചാന്‍സലര്‍മാര്‍, സാഹിത്യ കലാ രംഗങ്ങളിലെ പ്രമുഖര്‍, വേദപണ്ഡിതര്‍ അങ്ങിനെ പ്രതിഭകളുടെ ഒരു നീണ്ട നിരയാണ് ക്ലാസുകള്‍ എടുത്തിരുന്നത്. ജ്ഞാനപീഠ ജേതാവും കേന്ദ്ര സാഹിത്യ അക്കാദമി അദ്ധ്യക്ഷനും വിവിധ സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സലറു മായിരുന്ന ഡോ. വിനായക കൃഷ്ണ ഗോകക്, പിന്നീട് യൂജിസി. ചെയര്‍പേഴ്‌സണ്‍ ആയ ഡോ. മാധുരി ഷാ, പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. ഭാഗവന്തം, സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനുമായി രുന്ന ആര്‍.ആര്‍. ദിവാകര്‍, വിജയലക്ഷ്മി പണ്ഡിറ്റ്, ടി.എ. പൈ, സുപ്രീംകോടതി ജഡ്ജിമാരായിരുന്ന ജസ്റ്റിസ് പി.എന്‍. ഭഗവതി, ജസ്റ്റിസ് ബാലകൃഷ്ണന്‍ ഏറാടി, പ്രശസ്ത നിയമപണ്ഡിതന്‍ എന്‍.എ. പല്‍ക്കിവാല, ബ്ലിറ്റ്‌സ് പത്രാധിപരായിരുന്ന ആര്‍.കെ. കരഞ്ജിയ, പ്രൊഫ. ബഷീറുദ്ദീന്‍, ഡോ. വി. രാഘവന്‍, ഡോ. മീനാക്ഷി സുന്ദരം, ഡോ. കെ. ഭാസ്‌കരന്‍ നായര്‍ തുടങ്ങയവര്‍. എത്ര വിപുലമായ പണ്ഡിതസഭ.
പ്രശസ്ത ഹിന്ദുസ്ഥാനി ഗായകന്‍ പുരുഷോത്തം ജലോട്ട, പുത്രനും ഗസല്‍ ഗായകനുമായ അനൂപ് ജലോട്ട, ഗായിക പി. സുശീല ഇവരുടെയൊക്കെ കലാ വിരുന്നുകള്‍ എല്ലാ ദിവസവും ഉണ്ടായിരുന്നു. പി. ഭാസ്‌കരന്‍ തന്റെ ‘ജഗദ് ഗുരു ശങ്കരാ ചാര്യ’ ചിത്രം കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിക്കയും ചെയ്തിരുന്നു.
എന്നാല്‍ ശിബിരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം സത്യ സായി ബാബ യുടെ മുഴുനീള സാന്നിധ്യം തന്നെയായിരുന്നു. എല്ലാ ദിവസവുമുള്ള ബാബ യുടെ പ്രഭാഷണവും തുടര്‍ന്ന് അദ്ദേഹം നേതൃത്വം നല്‍കുന്ന ഭജന യും പഠിതാക്കള്‍ വലിയ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ഭക്ഷണശാലയിലും സ്ഥിരമായി എത്തിയിരുന്ന അദ്ദേഹം കുട്ടികളോടൊപ്പം ആഹാരം കഴിക്കുകയും സ്‌നേഹമയിയായ മാതാവിനെപ്പോലെ നിറയെ ആഹാരം കഴിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് ഞങ്ങളുടെ ഇടയിലൂടെ കടന്നു പോവുകയും ചെയ്തിരുന്നത് ഹൃദയാവജ്ജകമായ അനുഭവമായിരുന്നു.
ശിബിരം സമാപിച്ചശേഷം ബാബ കുറച്ചു പേരെ കൂട്ടിക്കൊണ്ട് പുട്ടപ്പര്‍ത്തിയിലേക്ക് പോവുകയും പ്രശാന്തി നിലയത്തില്‍ അതിഥികളായി രണ്ടു ദിവസം താമസിപ്പിക്കുകയും ചെയ്തു. ബാബയോടൊപ്പമുള്ള ആ യാത്രയിലും ബാബ യുടെ ആതിഥ്യത്തിലും പങ്കാളിയാകാന്‍ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യമായി ഞാന്‍ കരുതുന്നത്.
ആദ്ധ്യാത്മികതയേയും ഭാരതസംസ്‌ക്കാരത്തെയും ഭാരതത്തിന്റെ ബഹുസ്വരതയെയും പറ്റിയുള്ള കൃത്യമായ വീക്ഷണമുള്‍കൊണ്ടാണ് ശിബിര ത്തില്‍ പങ്കെടുത്തവര്‍ മടങ്ങിയത്. അനുബന്ധമായി ഒരു അന്തര്‍ദ്ദേശീയ രാമായണ സമ്മേളനവും സംഘടി പ്പിച്ചിരുന്നു. എല്ലാഭാഷകളിലുമുള്ള രാമായണങ്ങളെപ്പറ്റി വിശദ പഠനങ്ങളാണ് അവിടെ നടന്നത്.
(അടൂര്‍ സ്വദേശിയായ ലേഖകന്‍ ഗ്രന്ഥകാരനും പ്രഭാഷകനുമാണ്. 1990-92 കാലത്ത് ചെങ്ങന്നൂര്‍ സായി സമിതി കണ്‍വീനര്‍ ആയിരുന്നു.)