
സൈന്ധവോദാര ശ്യാമ മനോഭിരാമ പുളിനോപാന്ത പ്രദേശങ്ങളില്‍ അന്തര്‍മുഖരായി പ്രപഞ്ചത്തിന്റെ പരിണാമോദ്ഭിന്ന സര്‍ഗക്രിയാജാലം തേടിയലഞ്ഞ മന്ത്രദ്രഷ്ടാക്കള്‍ക്ക് നാദം ആദ്യമായി ശൂന്യതയില്‍ അമൃതം വര്‍ഷിച്ചു. അവര്‍ സത്യത്തെ ആദ്യം അറിഞ്ഞത് നാദമായാണ്. അവിടെ നിന്ന് കയറിപ്പറ്റിയതാണ് ഭാരതീയന്റെ ഓരോ അണുവിലും നാദ ബ്രഹ്‌മോപാസനയും നാമസങ്കീര്‍ത്തനവും, സാമവേദമായും, ഹൃദയസാഗരങ്ങളെ പാടിയുണര്‍ത്തിയ സാമസംഗീതമായും.
വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും എല്ലാം കടന്ന് കലിയുഗത്തിലെത്തി നില്‍ക്കുമ്പോള്‍ സത്യം യജ്ഞമായും ജ്ഞാനമായും ഭക്തിയായുമൊക്കെ വിവിധവേഷങ്ങള്‍ ധരിച്ചുനിന്നു. ‘ചിന്മയനായ നിന്‍നാമ മഹിമയാല്‍ ബ്രഹ്‌മ മുനിയായ് ചമഞ്ഞിത് ഞാനെടോ’ എന്നാണ് സാക്ഷാന്‍ ആദികവി തന്നെ രാമനാമമഹിമയെപ്പറ്റി ആ നാമത്തിന്റെ തന്നെ അവതാരമായി പിറവിയെടുത്ത മനുഷ്യനോട് പറയുന്ന മാജിക്കല്‍ റിയലിസം.
മര്യാദയില്ലായ്‌മകള്‍ ചെയ്ത് കര്‍മദോഷം വരുത്തിവച്ച് ജീവിച്ച രത്‌നാകരനില്‍ നിന്ന് സത്യജ്ഞാനത്തിന്റെ ഇതിഹാസകാരനായി ആദികവി ഉയര്‍ത്തപ്പെട്ടത് ലളിതമായ ഒരു പക്രിയയാലാണ്. വലിയ യജ്ഞങ്ങളോ മന്ത്രസാധനയോ ഉപാസനാരീതികളോ ഒന്നുമല്ല സപ്തര്‍ഷികള്‍ രത്നാകരന് പറഞ്ഞുകൊടുത്തത്. അത് വെറും നാമസങ്കീര്‍ത്തനമായിരുന്നു.
കൂട്ടായിരുന്ന് ജപിക്കുന്നതിലൂടെ അവനവന്റെ അഹംബോധത്തെ ശബ്ദക്ഷേത്രമാകുന്ന യജ്ഞശാലയില്‍, നാമജപമാകുന്ന യാഗാഗ്നിയിലേക്ക് ഹോമിക്കുന്ന വലിയൊരു അദ്ധ്യാത്മിക സത്യം ഭജനയില്‍ ഒളിഞ്ഞിരിപ്പുണ്ട്. നാമസങ്കീര്‍ത്തനവും സമ്പ്രദായ ഭജനയും അതിന്റെ പ്രായോഗിക രൂപങ്ങളാണ്. ഉത്തര ഭാരതത്തില്‍ ഹൈന്ദവ സ്വത്വത്തെ സകല അതിരുകളും ഭേദിച്ച് ഒന്നിപ്പിച്ചത് നാമസങ്കീര്‍ത്തനവും ഭജനയുമാണ്. രാജകുമാരിയായ മീരാബായിയും ചെരുപ്പുകുത്തിയായ രവിദാസും അന്ധനായ സൂര്‍ദാസും നെയ്‌ത്തുകാരനായ കബീര്‍ദാസും എല്ലാവരും ഒന്നിച്ച് ദോഹകളും ഭജനകളും വഴിനീളെ പാടിനടന്നു. വെറും നാമസങ്കീര്‍ത്തനമോ സംഗീതാലാപനമോ മാത്രമായിരുന്നില്ല അവ.
അഗാധമായ തത്വവിചാരത്തിന്റെ മണിച്ചെപ്പുകള്‍ അവര്‍ ആ ദോഹകളിലും കവിതകളിലും ഒളിപ്പിച്ചുവച്ചു. ലക്ഷക്കണക്കിന് മനുഷ്യര്‍ അതേറ്റുപാടി. തുളസീദാസന്‍ സാധാരണക്കാരുടെ ഭാഷയില്‍ രാമായണമെഴുതി, മഹാമന്ത്രങ്ങളെ പോലും ഒളിപ്പിച്ചുവച്ച കീര്‍ത്തനങ്ങള്‍ ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിച്ചു. ഹനുമാന്‍ ചാലീസയും ആദിത്യ ഹൃദയവുമെല്ലാം ഇരവുപകല്‍ വയലില്‍ വിയര്‍ത്തൊലിക്കുന്നവന്റെയും തെരുവില്‍ ചുമട് ചുമക്കുന്നവന്റെയും ധര്‍മ്മ സംരക്ഷണത്തിനായി വാളെടുത്ത് പോരാടുന്നവന്റെയുമൊക്കെ അധരങ്ങളില്‍ തത്തിക്കളിച്ചു.
വൈഷ്ണവ സമ്പ്രദായത്തിലാണ് നാമ സങ്കീര്‍ത്തനത്തിനും ഭജനകള്‍ക്കും പ്രാധാന്യം കൂടുതലുണ്ടായത്. പീഡിതരുടെ കണ്ണീരൊപ്പുന്നവനെ മാത്രമേ വൈഷ്ണവ ജനമെന്ന് വിളിക്കാനാവൂ എന്ന് പാടിയ നരസിംഹമേത്ത ഗുജറാത്തിലും ലോകം മുഴുവന്‍ വ്യാപിച്ച ഹരേകൃഷ്ണ സമ്പ്രദായത്തിന് ആധാര ശിലപാകിയ ചൈതന്യ മഹാപ്രഭു ബംഗാളിലും ഭക്തിരസ ലഹരിയില്‍ രാമനാമം മതിമറന്ന് പാടിയ കിളിപ്പാട്ടാചാര്യന്‍ കേരളത്തിലും ഭാരതീയ സംസ്‌കാരത്തിന്റെ മാധുര്യം എല്ലാ തടസങ്ങളെയും ഭേദിച്ച് തുള്ളിയൊഴുകിയ കാലമായിരുന്നു അത്.
നാമസങ്കീര്‍ത്തനവും ഭജനകളും ജനതയെ ഭക്തരാക്കുക മാത്രമല്ല വീര്യമുള്ളവരുമാക്കി മാറ്റി. രവിദാസന്റെയും നാനാക്കിന്റെയും പിന്‍മുറക്കാര്‍ ആ നാമസങ്കീര്‍ത്തനത്തില്‍ ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് ശിഖവീരരായി വാളെടുത്ത് പോരാടിയത്. തുക്കാറാമിന്റെയും നാമദേവിന്റെയും ‘വിഠല വിഠല ‘ ജപങ്ങളില്‍ നിന്നുയര്‍ന്ന ധൂളീപടലമാണ് മറാഠ സാമ്രാജ്യമായി വിരാടരൂപം ധരിച്ച് ഈ ദേശത്തെ തിരികെ പിടിച്ചത്. തുഞ്ചത്താചാര്യന്റെ രാമസങ്കീര്‍ത്തനമാണ് ആദിത്യഹൃദയമന്ത്രമായി രാജാ കേശവദാസനും ധര്‍മരാജാവിനും കാവല്‍ നിന്നത്. തകര്‍ച്ചയില്‍ നിന്ന് ഈ നാടിനെ തിരികെപ്പിടിച്ചത് ചപ്ലാംകട്ടയും കൈമണിയും ഒറ്റക്കമ്പിവീണയുമായി തെരുവിലിറങ്ങിയ ആ സാധാരണക്കാരാണ്.
ഉത്തരദേശത്തെ ഭജനയുടെ രൂപം കണ്ട മഹാത്മാക്കള്‍ ചേര്‍ന്നാണ് ദക്ഷിണ സാമ്പ്രദായിക ഭജനയുടെ പദ്ധതിയുണ്ടാക്കുന്നത്. ശ്രീ ബോധേന്ദ്ര സരസ്വതി സ്വാമികള്‍, ശ്രീ ശ്രീധര വെങ്കിടേശ്വര അയ്യാവാള്‍, ശ്രീ മരുതല്ലൂര്‍ സദ്ഗൂരു സ്വാമികള്‍ എന്നിവരാണ് ദക്ഷിണ സാമ്പ്രദായിക ഭജനയുടെ ത്രിമൂര്‍ത്തികള്‍. പുരിജഗനാഥ ക്ഷേത്രത്തോടനുബന്ധിച്ചുണ്ടായിരുന്ന നാമസിദ്ധാന്തത്തെ പിന്തുടരുന്ന ലക്ഷ്മീധര കവിയെപോലെയുള്ള മഹാത്മാക്കളില്‍ നിന്ന് നാമസങ്കീര്‍ത്തനം മാത്രം മതി ബ്രഹ്‌മബോധത്തിന് എന്ന സത്യം മനസിലാക്കിയ ബോധേന്ദ്ര സരസ്വതി സ്വാമികള്‍ തിരിച്ച് കാഞ്ചീപുരത്തെത്തി തന്റെ ലക്ഷക്കണക്കിന് ശിഷ്യര്‍ക്ക് നാമസങ്കീര്‍ത്തനമാഹാത്മ്യം പകര്‍ന്നു. ജീവസമാധി പ്രാപിച്ച അദ്ദേഹത്തിന്റെ സമാധിസ്ഥലം ഇന്നും കാവേരി നദീതിരത്ത് ഗോവിന്ദപുരത്ത് കാണാനാകും. സമ്പ്രദായ ഭജന പഠിക്കുന്നവരുടെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമാണ് ഇവിടം.
സംന്യാസിയായ ബോധേന്ദ്രസരസ്വതി സ്വാമികള്‍ നാമസങ്കീര്‍ത്തനത്തിനും സാമ്പ്രദായിക ഭജനയ്‌ക്കും സൈദ്ധാന്തിക അടിത്തറ പാകിയപ്പോള്‍, അദ്ദേഹത്തിന്റെ കാലത്തു തന്നെ ജീവിച്ചിരുന്ന ഗൃഹസ്ഥനായ ശ്രീധര വെങ്കിടേശ്വര അയ്യാവാള്‍ നാമസങ്കീര്‍ത്തനത്തിന് ഭക്തിമാധുരിയുടെ രസം പകര്‍ന്നു നല്‍കി.
ജാതി മതിലുകളുടെ പൊട്ടിച്ചെറിയല്‍ നാമസങ്കീര്‍ത്തനം വഴി സാധ്യമാണെന്ന് അയ്യാവാള്‍ തെളിയിച്ചു. പുരോഹിതര്‍ക്ക് കൊടുക്കേണ്ട സത്കാരം പാവപ്പെട്ടവന് നല്‍കിയതിന്റെ പേരില്‍ യാഥാസ്ഥിതികര്‍ ഉറഞ്ഞുതുള്ളി. സാധനയുടെ ശക്തി തെളിയിക്കാന്‍ ഗംഗാമാതാവിനോട് കരഞ്ഞുപ്രാര്‍ത്ഥിച്ച അയ്യാവാളുടെ വീടിനു പിന്നില്‍ സാക്ഷാല്‍ ഗംഗ കിണറായി പ്രത്യക്ഷപ്പെട്ടു എന്നാണ് ഐതിഹ്യം. ജാതിഭിന്നതകളെ തകര്‍ത്ത ഈ ദിവസം ഗംഗാവതരണം എന്ന പേരില്‍ ഇന്നും ആഘോഷിക്കാറുണ്ട്. സാമ്പ്രദായിക ഭജന ശീലിക്കുന്നവര്‍ അവിടെയെത്തി നാമസങ്കീര്‍ത്തനം ചൊല്ലാറുണ്ട്.
ഇവരുടെ രണ്ടുപേരുടെയും പാരമ്പര്യം പിന്തുടര്‍ന്നെത്തിയ മരുഡനല്ലൂര്‍ സദ്ഗുരു സ്വാമികള്‍ സമ്പ്രദായ ഭജനയ്‌ക്ക് കൃത്യമായ ഒരു പദ്ധതിയുണ്ടാക്കി. കബീറും തുളസീദാസും മീരാബായിയും രവിദാസും മുതല്‍ അന്നമാചാര്യയും ത്യാഗരാജനും വരെയുള്ള സകലമഹത്തുക്കളുടെയും കൃതികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇന്നത്തെ രീതിയില്‍ കൃത്യമായ ഭജനാ പദ്ധതിയുണ്ടാക്കിയത് അദ്ദേഹമാണ്. കാവേരിനദിക്കുള്ളില്‍ മറഞ്ഞുപോയ ബോധേന്ദ്രസരസ്വതി സ്വാമികളുടെ സമാധിസ്ഥലം കണ്ടെത്തി അവിടെ ക്ഷേത്രം പണിഞ്ഞതും മരുഡനല്ലൂര്‍ സദ്ഗുരുവാണ്.
പിന്നീട് തഞ്ചാവൂര്‍, മറാഠാ സാമ്രാജ്യത്തിന്റെ അധീനതയില്‍ ആയപ്പോള്‍ സമ്പ്രദായ ഭജനയ്‌ക്ക് മറാഠ സ്വാധീനവും കൈവന്നു. വാര്‍ക്കാരി സ്വാമിമാരുടെ അഭംഗ സമ്പ്രദായവും ഇതിനോട് കൂട്ടിയോജിപ്പിക്കപ്പെട്ടു. പഞ്ചാബിലുള്ള രവിദാസും ബംഗാളിലുള്ള ചൈതന്യമാഹാപ്രഭുവും മഹാരാഷ്‌ട്രയിലെ തുക്കാറാമും വാരണാസിയിലെ കബീര്‍ദാസും രചിച്ച കൃതികള്‍ പാരമ്പര്യ ഹിന്ദുസ്ഥാനി സംഗീത രാഗങ്ങളായ ദേശ്, ഭീംപ്ലാസി രാഗങ്ങളില്‍ തഞ്ചാവൂര്‍ ശൈലിയില്‍ ഗമഗങ്ങള്‍ ചേര്‍ത്ത് സാമ്പ്രദായിക ഭജനക്കാരന്‍ പാടുമ്പോള്‍ അതിലൂടെ ഒഴുകി വരുന്നത് ഭാരതമെന്ന ഒരേ വികാരമാണ്.
വടക്കേ ഇന്ത്യയില്‍ നാമസങ്കീര്‍ത്തനവും ഭജനയുമായി നടന്ന ഭക്തസംഘങ്ങളെ പിടിച്ചുകെട്ടി കണ്ണുകുത്തിപ്പൊട്ടിച്ചും, ജീവനോടെ തൊലിയുരിച്ചും തീയിട്ട് ചുട്ടുമൊക്കെ ഇസ്ലാമിക ഭരണാധികാരികള്‍ അവരുടെ മതക്കൂറു തെളിയിച്ചുകൊണ്ടിരുന്നപ്പോള്‍ ദക്ഷിണ ഭാരതത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല, ആര്‍ക്കും ദോഷമില്ലാതെ നാമസങ്കീര്‍ത്തനവുമായി ഒരുമിച്ചിരുന്നു പാടിയ മനുഷ്യരെ അസുരശക്തികള്‍ അന്നും വെറുതെവിട്ടിരുന്നില്ല. മാലിക് കാഫിറിന്റെ നേതൃത്വത്തില്‍ മധുരയും ചിദംബരവും ശ്രീരംഗവുമെല്ലാം ആക്രമിക്കപ്പെട്ടപ്പോള്‍ മൂലവിഗ്രഹവുമായി പലപ്പോഴും പലായനം ചെയ്യേണ്ടിവന്നു. പിറകെ എത്തിയ പോര്‍ച്ചുഗീസുകാരും വെറുതെ ഇരുന്നില്ല. അവരും പല ക്ഷേത്രങ്ങളും തല്ലിത്തകര്‍ത്തു.
പക്ഷെ, ആ ആക്രമണത്തെയും വിഗ്രഹ ഭഞ്ജനത്തെയും ഭക്തര്‍ പ്രതിരോധിച്ചത് നാമസങ്കീര്‍ത്തനത്തിലൂടെയായിരുന്നു. ആധുനിക മാലിക് കാഫിറുമാരുടെ വിഗ്രഹ ഭഞ്ജനം തടയാന്‍ ശരണ മന്ത്രഘോഷവുമായി തെരുവിലിറങ്ങിയ ഭക്തരെ പോലെ അന്ന് രാമമന്ത്രഘോഷവുമായി തെരുവിലിറങ്ങി.
രാമവിഗ്രഹം തച്ചുടക്കാനാവും. രാമനാമത്തെ ആര്‍ക്കും തടയാനാവില്ല എന്നായിരുന്നു ബോധേന്ദ്ര സ്വാമികള്‍ പറഞ്ഞത്. ഗറില്ലാ രീതിയില്‍ ഇന്നത്തെ ഫ്‌ലാഷ്‌മോബുകളെപോലെ വേഷ പ്രച്ഛന്നരായി ഒരു സ്ഥലത്തെത്തുകയും അവിടെ നാമസങ്കീര്‍ത്തന മുഖരിതമാക്കുകയും വീടുകളില്‍ നിന്ന് ഭിക്ഷ സ്വീകരിക്കുകയും ചെയ്ത ശേഷം അവിടെ നിന്ന് എവിടേക്കോ അപ്രത്യക്ഷരാകുന്ന ഭക്തസംന്യാസിമാരെകൊണ്ട് വിഗ്രഹഭഞ്ജകര്‍ പൊറുതിമുട്ടി.
ഗസ്‌നിമുതല്‍ ഇന്നുവരെയുള്ള സകല അധിനിവേശ ശക്തികളുടെയും മുന്നില്‍ നാമം മാത്രം ആയുധമാക്കി പ്രതിരോധിച്ചു നിലനിന്നതാണ് നാമസങ്കീര്‍ത്തനവും സമ്പ്രദായ ഭജനയും.
ഇന്നലത്തെ മഴയില്‍ കിളിര്‍ത്ത, ഡ്രഗ് കയറിയ സായിപ്പിന്റെ ഞരമ്പിലെ ഉറഞ്ഞാടലല്ല സാമ്പ്രദായിക ഭജന. ധര്‍മ സംരക്ഷണത്തിനായി ജീവന്‍ വെടിഞ്ഞ ഹരഹരമഹാദേവ സങ്കീര്‍ത്തനത്തിന്റെ സത്യാനന്ദമാണ്. കാറല്‍ മാര്‍ക്സിന്റെ കുഞ്ഞാടുകള്‍ക്ക് ഭജനപ്പാട്ടുകള്‍ ആധുനിക ഫാസിസത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് എന്ന് തോന്നുന്നതില്‍ അത്ഭുതമില്ല. ഭാരതത്തിന്റെ എല്ലാ ഉണര്‍വിനെയും അവര്‍ എന്നും വിളിച്ചത് അങ്ങനെയാണല്ലോ.