ധാക്ക : ഭരണഘടനയിൽ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ നീക്കം ചെയ്യാൻ ബംഗ്ലാദേശിലെ ഉന്നത നിയമ ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചു. അറ്റോർണി ജനറൽ മുഹമ്മദ് അസമാൻ ആണ് ബുധനാഴ്ച ഹൈക്കോടതിയിൽ ഇത്തരത്തിൽ ആവശ്യമുന്നയിച്ചത്.
ഒരു കൂട്ടം പൗരന്മാർ സമർപ്പിച്ച റിട്ട് ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഭരണഘടനയുടെ നാല് തത്വങ്ങളിൽ ഏറെ പ്രധാനപ്പെട്ട മതേതരത്വം, സോഷ്യലിസം എന്നിവ നീക്കം ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
കൂടാതെ രാഷ്‌ട്രപിതാവായി ഷെയ്ഖ് മുജീബുർ റഹ്മാനെ പരിഗണിക്കുന്നതിനെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷെയ്ഖ് മുജിബുർ റഹ്മാൻ ബംഗ്ലാദേശിന്റെ അനിഷേധ്യ നേതാവായിരുന്നു എന്നാൽ അവാമി ലീഗ് പാർട്ടിയുടെ താൽപ്പര്യങ്ങൾക്കായി അദ്ദേഹത്തെ രാഷ്‌ട്രീയവൽക്കരിച്ചുവെന്ന് അസമാൻ പറഞ്ഞു.
ബംഗബന്ധു എന്ന് അറിയപ്പെടുന്ന ബംഗ്ലാദേശിന്റെ സ്ഥാപക നേതാവിനെ രാഷ്‌ട്രപിതാവായി കാണേണ്ടതില്ലെന്നാണ് അദ്ദേഹം പറയുന്നത്. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് ഭരണം നടത്തിയ ഭരണഘടനയുടെ 15-ാം ഭേദഗതിയുടെ സാധുതയെ ചോദ്യം ചെയ്താണ് റിട്ട് ഹർജി നൽകിയത്.