
ന്യൂദല്‍ഹി : ഭരണഘടന നമ്മുടെ ദേശീയ അഭിമാനത്തിന്റെ രേഖയാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു.ദേശീയ സ്വത്വത്തിന്റെ ലിഖിതമാണിത്. കൊളോണിയല്‍ മനോഭാവം ഉപേക്ഷിച്ച് ദേശീയ മനോഭാവത്തോടെ രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശ ഗ്രന്ഥമാണ് ഭരണഘടന.
സംവിധാന്‍ സദനിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ഭരണഘടനാ ദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.
ശിക്ഷയെക്കാള്‍ നീതിയുടെ മനോഭാവത്തെ അടിസ്ഥാനമാക്കിയുള്ള ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ പ്രാബല്യത്തില്‍ വന്നത് രാഷ്‌ട്രപതി പരാമര്‍ശിച്ചു.പാര്‍ലമെന്ററി സംവിധാനം സ്വീകരിക്കുന്നതിന് അനുകൂലമായി ഭരണഘടനാ അസംബ്ലിയിലുണ്ടായ ശക്തമായ വാദങ്ങള്‍ ഇന്നും പ്രസക്തമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ പൊതുജനാഭിലാഷങ്ങള്‍ പ്രകടിപ്പിക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റ്, ഇന്ന് ലോകമെമ്പാടുമുള്ള നിരവധി ജനാധിപത്യ രാജ്യങ്ങള്‍ക്ക് മാതൃകയായി വര്‍ത്തിക്കുന്നു.
സാമൂഹിക, സാമ്പത്തിക, രാഷ്‌ട്രീയ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ നമ്മുടെ ഭരണഘടനയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതായി രാഷ്‌ട്രപതി പറഞ്ഞു. ഈ എല്ലാ തലങ്ങളിലും, ഭരണഘടനാ നിര്‍മ്മാതാക്കളുടെ ദര്‍ശനങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയതില്‍ അവര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ വ്യസ്ഥയായി അതിവേഗം മുന്നേറുന്നു. ഏകദേശം 250 ദശലക്ഷം പേരെ ദാരിദ്ര്യ മുക്തരാക്കിക്കൊണ്ട് സാമ്പത്തിക നീതിയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് ഇന്ത്യ കൈവരിച്ചതായി രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, സ്ത്രീകളുടെ വര്‍ദ്ധിച്ച വോട്ടിംഗ് ശതമാനം നമ്മുടെ ജനാധിപത്യ ബോധത്തിന് പ്രത്യേക സാമൂഹിക ആവിഷ്‌കാരം നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ നമ്മുടെ ജനാധിപത്യ സംവിധാനത്തെ സ്ത്രീകള്‍, യുവാക്കള്‍, ദരിദ്രര്‍, കര്‍ഷകര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍, മധ്യവര്‍ഗം, നവ-മധ്യവര്‍ഗം എന്നിവര്‍ ശക്തിപ്പെടുത്തുന്നു.
ഭരണഘടനാ ആദര്‍ശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന- എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിനുള്ള- ദര്‍ശനം നമ്മുടെ ഭരണ സംവിധാനത്തിന് ദിശാബോധം നല്‍കുന്നു. ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മാര്‍ഗ നിര്‍ദ്ദേശക തത്വങ്ങള്‍ ഭരണ സംവിധാനത്തിന് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നുണ്ട്.
ഭരണഘടനാ സംവിധാനത്തിനനുസരിച്ച് മുന്നോട്ട് പോകുന്നതിലൂടെ, നമ്മുടെ രാജ്യത്തിന്റെ ഉദ്യോഗസ്ഥ സംവിധാനം, നിയമനിര്‍വഹണ സംവിധാനം, നീതിന്യായ വ്യവസ്ഥ എന്നിവ രാജ്യത്തിന്റെ വികസനം ശക്തിപ്പെടുത്തുകയും പൗരന്മാരുടെ ജീവിതത്തിന് സ്ഥിരതയും പിന്തുണയും നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് രാഷ്‌ട്രപതി പറഞ്ഞു. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കുക മാത്രമല്ല, ആഴത്തിലുള്ള രാഷ്‌ട്രീയ ചിന്തയുടെ ആരോഗ്യകരമായ ഒരു പൈതൃകം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ ജനാധിപത്യ രാജ്യങ്ങളുടെയും ഭരണഘടനകളുടെയും താരതമ്യ പഠനങ്ങള്‍ നടക്കുന്ന വരും കാലഘട്ടങ്ങളില്‍, ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനയെയും സുവര്‍ണലിപികളില്‍ രേഖപ്പെടുത്തുമെന്ന് ദ്രൗപദി മുര്‍മു അഭിപ്രായപ്പെട്ടു.