
സമാല്‍ഖ(ഹരിയാന): ഭാരതത്തിന്റെ ഭരണഘടന ഏകതയുടെയും സമന്വയത്തിന്റെയും ആത്മാവിനെ ഉള്‍ക്കൊള്ളുന്നതാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അതൊരു ലിഖിത രേഖയാണ്. സമൂഹം അതിന് അനുസൃതമായി മുന്നോട്ടുപോകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഖില ഭാരതീയ ഇതിഹാസ സങ്കലന്‍ യോജന പാനിപ്പത്തിലെ മാധവ് സേവാട്രസ്റ്റില്‍ ആരംഭിച്ച ത്രിദിന ചരിത്ര സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന ഇല്ലാതിരുന്ന കാലത്ത് നമ്മുടെ സമൂഹം എങ്ങനെയായിരുന്നു എന്ന് ചിന്തിക്കണം. ഭാരതം പുരാതനമായ രാഷ്‌ട്രമാണ്. സഹസ്രാബ്ദങ്ങളുടെ ഈ പാരമ്പര്യത്തില്‍ ഭരണസംവിധാനമോ ഭരണഘടനയോ ഉണ്ടായിരുന്നില്ല, അത് ആവശ്യമില്ലായിരുന്നുതാനും. അപ്പോഴും ഈ ജീവിതം തുടര്‍ന്നു. ധര്‍മ്മമായിരുന്നു അതിന്റെ അടിത്തറ. ധര്‍മ്മം ഒരു തത്വമാണ്, മതമല്ല. എല്ലാവരെയും നിലനിര്‍ത്തുന്ന, എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന, എല്ലാവരെയും ഒന്നിപ്പിക്കുന്ന, എല്ലാവരെയും ഒരുമിച്ച് ഉയര്‍ത്തുന്ന പ്രകൃതി നിയമമാണ് ധര്‍മ്മം. എല്ലാ മനുഷ്യരിലും ധര്‍മ്മഭാവം തീവ്രമായിരുന്നു. അതുകൊണ്ട് ഒരു രാജാവിന്റെയോ ഭരണഘടനയുടെയോ ആവശ്യമില്ലായിരുന്നു. ധര്‍മ്മ തത്വങ്ങളെ അടിസ്ഥാനമാക്കി പരസ്പരം സംരക്ഷിച്ച് ആളുകള്‍ സന്തോഷത്തോടെ ജീവിച്ചു.
മനുഷ്യന്റെ ശക്തിയും ബുദ്ധിയും ചിന്താശേഷിയും ക്ഷയിച്ച കാലത്താണ് രാജാവിന്റെ ആവശ്യം നേരിട്ടത്. എന്നാല്‍ രാജാവിന്റെ ചുമതല ജനങ്ങളെയും ധര്‍മ്മത്തെയും സംരക്ഷിക്കുക എന്നതാണ്. എന്നാല്‍ കാലം മാറിയപ്പോള്‍, രാജാവിനെ നിയന്ത്രിക്കാനും ശാക്തീകരിക്കാനും ഒരു സംവിധാനം ആവശ്യമായി. ഇതാണ് ഭരണഘടന. ഭരണഘടനയും പ്രവര്‍ത്തിക്കുന്നത് ധര്‍മ്മത്തെ അടിസ്ഥാനമാക്കിയാണ്. മനുഷ്യ മനസ്സുകളിലെ വികലതകള്‍ മൂലമുണ്ടാകുന്ന അനീതി തടയാന്‍ ഭരണഘടനയും അതിനെ പിന്തുടരുന്ന ആളുകളും ആവശ്യമാണ്. ധര്‍മ്മത്തെ അടിസ്ഥാനമാക്കി പെരുമാറുന്ന പാരമ്പര്യം തലമുറകളിലേക്ക് പകര്‍ന്നിട്ടുണ്ട്. ഇത് തുടരുന്നതിന്, സംസ്‌കാരത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഭരണഘടന ആവശ്യമാണെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
നമ്മള്‍ എന്ന ആമുഖത്തിലെ ആദ്യവാക്ക് തന്നെ ഭരണഘടനയില്‍ ഉള്‍ക്കൊള്ളലിന്റെ ആത്മാവ് കുടിയിരിക്കുന്നു എന്നതിന്റെ സൂചനയാണ്. ബ്രിട്ടീഷ് കാലഘട്ടത്തില്‍, ‘നമ്മള്‍’ എന്ന വാക്കിന് പ്രസക്തിയില്ല, കാരണം അവര്‍ നമ്മളെ ഒരു രാഷ്‌ട്രമായല്ല, മറിച്ച് രാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മയായാണ് കണക്കാക്കിയത്. ഭരണഘടന തയാറാക്കിയവര്‍ ഭാരതീയ മൂല്യങ്ങളിലും സംസ്‌കാരത്തിലും മുഴുകിയവരായതുകൊണ്ടാണ് ‘നമ്മള്‍’ എന്ന ആത്മാവ് ആമുഖത്തില്‍ പ്രകടമാകുന്നത്. ‘നമ്മള്‍’ എന്ന, ഒരു രാഷ്‌ട്രം എന്ന ഈ ബോധം, തനിമ, സംസ്‌കാരം ഭരണഘടനയുമായി സംയോജിപ്പിച്ച്, സമൂഹത്തില്‍ അവതരിപ്പിക്കണം. ഈ ഉറച്ച ബോധ്യമാണ് രാജ്യപുരോഗതിയുടെ താക്കോല്‍. എല്ലാവരുടെയും ഉള്ളിലിതുണ്ട്. അതിനെ ഉണര്‍ത്തേണ്ടതുണ്ട്. അതിന് വസ്തുതകളും ചരിത്രത്തിന്റെ അടിത്തറയുമുണ്ടാകണം. ധര്‍മ്മത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള ശരിയായ ധാരണയുടെ പിന്തുണയോടെ, സമൂഹം പുരോഗമിക്കുകയും രാഷ്‌ട്രം മഹത്തരമാക്കുകയും ചെയ്യും. സാംസ്‌കാരത്തിന്റെയും ധര്‍മ്മത്തിന്റെയും പുതിയ പാത ലോകത്തിന് നാം പകരും, മോഹന്‍ ഭാഗവത് പറഞ്ഞു.
നമ്മള്‍ ആരാണെന്ന ചോദ്യത്തിലൂടെ വേണം ഭാരതത്തിന്റെ ചരിത്രത്തെ മനസിലാക്കാനെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് പറഞ്ഞു. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഭാരതം ഒരു ദേശീയ നവോത്ഥാന കാലഘട്ടത്തിലൂടെ കടന്നുപോകുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലായിരുന്നു. ഭാരതീയ ചരിത്രം ചൈതന്യത്തിന്റെ മഹാസാഗരമാണ്. തുടര്‍ച്ചയായ അധിനിവേശങ്ങള്‍ക്കിടയിലും, അത് നിത്യവും പ്രവഹിച്ചുകൊണ്ടേയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, ഉത്തരക്ഷേത്ര സംഘചാലക് പവന്‍ ജിന്‍ഡാല്‍, ഐസിഎച്ച്ആര്‍ അധ്യക്ഷന്‍ പദ്മശ്രീ പ്രൊഫ. രഘുവേന്ദ്ര തന്‍വാര്‍, ഇതിഹാസ് സങ്കലന്‍ യോജന മുഖ്യരക്ഷാധികാരി ഗോപാല്‍ നാരായണ്‍ സിങ്, അധ്യക്ഷന്‍ ഡോ. ദേവിപ്രസാദ് സിങ്, പ്രൊഫ. ഈശ്വര്‍ശരണ്‍ വിശ്വകര്‍മ, ദേശീയ സംഘടനാ സെക്രട്ടറി ഡോ. ബാല്‍മുകുന്ദ് പാണ്ഡെ തുടങ്ങിയവര്‍ ഈ അവസരത്തില്‍ സന്നിഹിതരായിരുന്നു. രാജ്യത്തുടനീളമുള്ള 1,500 ചരിത്രകാരന്മാരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.