
തിരുവനന്തപുരം: ക്ഷേത്ര ഭരണവ്യവസ്ഥിതി മാറാതെ കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് ഈ സ്ഥിതിയില്‍നിന്ന് മോചനമില്ലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമതി അംഗം കുമ്മനം രാജശേഖരന്‍. ജന്മഭൂമി യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്ര ഭരണ ആക്ട് മാറണം, അതിന് നിയമസഭയില്‍ പുതിയ നിയമം ഉണ്ടാകണം. അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കണം. ഹിന്ദുക്കളുടെ കാര്യം പറയാന്‍ നിയമസഭയില്‍ ഹിന്ദു എംഎല്‍എമാരുണ്ടാകണം. അല്ലെങ്കില്‍ ഹൈന്ദവ സമൂഹത്തിന്റെ ശക്തി തെളിയിക്കണം. ഭക്തജനങ്ങള്‍ക്ക് ക്ഷേത്ര ഭരണത്തില്‍ പ്രാതിനിധ്യം കിട്ടുന്ന ഒരു പൊളിച്ചെഴുത്തുണ്ടാകണമെങ്കില്‍ നിയമ നിര്‍മ്മാണത്തിലൂടെയേ സാധിക്കുള്ളൂ. അതല്ലെങ്കില്‍ സര്‍ക്കാരിനെ മുട്ടുകുത്തിക്കത്തക്ക ഒരു സമ്മര്‍ദ്ദ ഗ്രൂപ്പായി ഹൈന്ദവ സമൂഹം ഉണരണം, വളരണം.
വിശ്വാസികളുടെ വിഷമങ്ങള്‍ പരിഹരിക്കാന്‍ അവിശ്വാസികള്‍ നയിക്കുന്ന ഒരു സംവിധാനത്തിന് കഴിയുകയില്ല. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്ക് പരിഹാരം ഉണ്ടാക്കിയത് സര്‍ക്കാരല്ല. ന്യായത്തിന്റെയും ധര്‍മ്മത്തിന്റെയും ഭാഗത്തുനിന്ന് ചില അജ്ഞാത ശക്തികള്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോടതി ഇടപെട്ടതുകൊണ്ട് സംഭവിച്ചതാണ്. സര്‍ക്കാരിനോ പോലീസിനോ ഈ വിഷയത്തില്‍ അവകാശപ്പെടാനൊന്നുമില്ല. സര്‍ക്കാര്‍ നിയന്ത്രിക്കുന്ന പാര്‍ട്ടിയുടെതന്നെ ഭാഗമായവര്‍ കുറ്റം ചെയ്യുന്നവരുടെ ഭാഗത്തുനില്‍ക്കുകയും കുറ്റവാളികളാകുകയും ചെയ്യുമ്പോള്‍ എന്തുചെയ്യാനാകും? കുമ്മനം ചോദിച്ചു.
പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സര്‍ക്കാരിന്റെ ബന്ധനത്തിലാണ്. അദ്ദേഹം പറയുന്നു, ഇതുവരെ സംഭവിച്ച തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന്. അപ്പോള്‍ തെറ്റുകള്‍ സംഭവിച്ചുവെന്ന് സമ്മതിക്കുകയാണ്. ആ തെറ്റുകള്‍ക്ക് ആരാണ് ഉത്തരവാദിയെന്ന് അദ്ദേഹം പറയണ്ടേ. കണ്ടെത്തേണ്ടേ? നിയമപ്രകാരം സര്‍ക്കാരിന് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടപെടാനാവില്ലെന്നാണ് നിയമം. പക്ഷേ ബോര്‍ഡ് എന്നും സര്‍ക്കാരിന് വിധേയരാണ്. മന്ത്രിമാര്‍ക്ക് പങ്കില്ലെങ്കില്‍ ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യമന്ത്രി സ്റ്റാലിനെ ക്ഷണിക്കാന്‍ ദേവസ്വം മന്ത്രി പോയതെന്തിനാണ്. അയ്യപ്പ സംഗമത്തിന്റെ ക്ഷണക്കത്തില്‍ മന്ത്രിയെന്തിനാണ് ഒപ്പിട്ടത്?
ക്ഷേത്രങ്ങളെ സംരക്ഷിക്കാനും ക്ഷേത്രഭരണ നിര്‍വഹണ ചുമതലകള്‍ വഹിക്കാനും ഉത്തരവാദിത്വപ്പെട്ട ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായിരുന്ന രണ്ടുപേരാണ് ഇപ്പോള്‍ ക്ഷേത്രം കൊള്ളയുടെ പേരില്‍ ജയിലില്‍ കിടക്കുന്നത്. വിശ്വാസികളെ സംബന്ധിച്ച് ഇത് സഹിക്കാവുന്നതിന്റെ അങ്ങേയറ്റമാണ്. ഇതിനുകാരണം ക്ഷേത്രഭരണ വ്യവസ്ഥിതി തന്നെയാണ്. സര്‍ക്കാര്‍ നിയോഗിക്കുന്നവരാണ് ഇനിയും ക്ഷേത്രം ഭരിക്കാന്‍ പോകുന്നത്. ഇപ്പോള്‍ ആളുമാറി. അതുകൊണ്ടുകാര്യമില്ല. എകെജി സെന്റര്‍തന്നെയായിരിക്കും ഇനിയും ക്ഷേത്രം ഭരിക്കാന്‍ പോകുന്നത്. ഈ വ്യവസ്ഥിതി തുടര്‍ന്നാല്‍ കൊള്ളയും തുടര്‍ന്നുകൊണ്ടിരിക്കും. ഈ വ്യവസ്ഥയ്‌ക്കെതിരേയും ദേവസ്വം ബോര്‍ഡിനെതിരേയും ഭക്തജനങ്ങള്‍ക്കിടയില്‍ വലിയ കരുതലും ജാഗ്രതയും ഉണ്ടായിട്ടുണ്ട്, ഒരു വികാരം ഉടലെടുത്തിട്ടുണ്ട്. ഇത് വലിയൊരു മാറ്റമാണ്. വിശ്വാസത്തെ തച്ചുടയ്‌ക്കാനും തകര്‍ക്കാനും ആര് ശ്രമിച്ചാലും അതിനെതിരേ വിശ്വാസികളുടെ വികാരം ഉണ്ടാകും. ഇപ്പോള്‍ ക്ഷേത്രത്തിലേക്ക് വിശ്വാസികള്‍ ഇരച്ചുകയറുന്നതിന്റെ കാരണമതാണ്, കുമ്മനം തുടര്‍ന്നു.
ശബരിമലയില്‍ മുമ്പ് സേവനമായിരുന്നു, സേവനം ചെയ്യുന്നവരെ ഓടിച്ചു. അവരെ ഒഴിവാക്കി ‘കോണ്‍ട്രാക്ട് രാജാ’ണ് ഇന്ന് നടപ്പാക്കുന്നത്. ഡിവൈഎഫ്‌ഐക്കാരുള്‍പ്പെടെ ആയിരക്കണക്കിന് പേരെ രാഷ്‌ട്രീയ പക്ഷപാതം നോക്കി ശമ്പളത്തിന് നിയോഗിക്കുകയാണ്. അവരൊക്കെ അവിടെ വരുന്നുണ്ടോ എന്നറിയില്ല. ശബരിമലയില്‍ ഒരു മാളികപ്പുറം ചികിത്സ കിട്ടാതെ മരിച്ച സംഭവമുണ്ടായി. അവിടെ ഒരു സ്ട്രച്ചര്‍ സര്‍വീസ് ഉണ്ടായിരുന്നെങ്കില്‍ ആ അമ്മയെ രക്ഷിക്കാമായിരുന്നു.
ശബരിമലയില്‍ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി മാനേജ് ചെയ്യാന്‍ പറ്റുന്ന ഒരു സ്ഥിര സംവിധാനം ഇല്ല. എല്ലാം താല്‍ക്കാലിക സംവിധാനമാണ്. സമഗ്രമായ ഒരു മാറ്റം ഉണ്ടാകണം. അതിലൂടെയേ അയ്യപ്പന്മാരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ശബരിമലയെമാറ്റിയെടുക്കാനാവൂ.