ഭരണ ഘടനാ ആമുഖം പ്രദര്‍ശിപ്പിച്ച് ഭരണഘടന കൈമാറ്റം ചെയ്തും, വ്യത്യസ്ഥമായൊരു വിവാഹം.കൊല്ലം ചിതറ അല്‍ഹിറയില്‍ ജാബിറുല്‍ ഹസന്റെയും മടത്തറ അനസ് മന്‍സിലില്‍ ആഷിനയുടെയും വിവാഹമാണ് വേറിട്ട രീതിയില്‍ നടന്നത്. ഭരണഘടനാ മൂല്യങ്ങള്‍ വിളംബരം ചെയ്ത് പാലോട് വൃന്ദാവനം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് ഞായറാഴ്ചയായിരുന്നു വിവാഹം.
ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഭരണഘടനാ സാക്ഷരതാ പ്രൊജക്റ്റായ കൊല്ലം ജില്ലയില്‍ നടന്ന സിറ്റിസണ്‍ 2022ല്‍ സെനറ്ററായി പ്രവര്‍ത്തിച്ചയാളാണ് ജാബിറുല്‍ ഹസന്‍. ഭരണഘടന സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച കോണ്‍സ്റ്റിറ്റിയൂഷന്‍ ലിറ്ററസി കൗണ്‍സിലിന്റെ ട്രഷറര്‍ കൂടിയാണ് ഇദ്ദേഹം.
കോണ്‍സ്റ്റിറ്റിയൂഷന്‍ ലിറ്ററസി കൗണ്‍സില്‍ ചെയര്‍മാന്‍ നസീം ഖാന്‍.എം, കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബി.ആര്‍, റസീന എം.എ, അഞ്ചു.എ, ദേവിക, ബ്ലൈസി, ശ്രീജ എന്നിവര്‍ ചേര്‍ന്ന് വധൂവരന്മാര്‍ക്ക് ഭരണ ഘടന കൈമാറി. തുടര്‍ന്ന് കോണ്‍സ്റ്റിറ്റിയൂഷന്‍ ലിറ്ററസി കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീ നസീം ഖാന്‍. എം ഭരണഘടനാ സന്ദേശം നല്‍കി. ചിതറ പഞ്ചായത്ത് ഭരണഘടനാ പ്രൊജക്റ്റ് ടീമിന് വേണ്ടി എം.ആര്‍ മുരളി അനുമോദന മെമെന്റോയും നല്‍കി. ഭരണഘടനാ മൂല്യങ്ങള്‍ അടങ്ങിയ ലഘുലേഘകള്‍ വിവാഹത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിതരണം ചെയ്തു. ദേശീയ ഗാനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.