• Tue. Oct 8th, 2024

24×7 Live News

Apdin News

ഭരണ തലവനായി 23 വര്‍ഷം പൂര്‍ത്തിയാക്കി ; വികസിതഭാരതം എന്ന നമ്മുടെ കൂട്ടായ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നതുവരെ വിശ്രമിക്കില്ലന്ന് നരേന്ദ്ര മോദി

Byadmin

Oct 8, 2024


ന്യൂദല്‍ഹി: ഗവണ്മെന്റിന്റെ തലവനായി 23 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം അനുസ്മരിച്ച്, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അഭിവൃദ്ധി ഉറപ്പാക്കുന്ന ‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം’ എന്നതിന്റെ തിളക്കമാര്‍ന്ന ഉദാഹരണമായി ഗുജറാത്ത് ഉയര്‍ന്നുവന്നെന്നു മോദി പറഞ്ഞു. കഴിഞ്ഞ ദശാബ്ദത്തെക്കുറിച്ചു പരാമര്‍ശിക്കവേ, ഇന്ത്യയുടെ വികസനമുന്നേറ്റങ്ങള്‍ ആഗോളതലത്തില്‍ നമ്മുടെ രാജ്യത്തെ ഏറ്റവും ശുഭാപ്തിവിശ്വാസത്തോടെ കാണുന്നുവെന്ന് ഉറപ്പാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു.

വികസിതഭാരതം എന്ന കൂട്ടായ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നതുവരെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പൗരന്മാര്‍ക്ക് ഉറപ്പു നല്‍കി.

എക്‌സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്ത പോസ്റ്റ്

23 വര്‍ഷത്തെ സേവനം.ഗവണ്മെന്റിന്റെ തലവനായി ഞാന്‍ 23 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ അനുഗ്രഹങ്ങളും ആശംസകളും നേര്‍ന്ന ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. 2001 ഒക്ടോബര്‍ ഏഴിനാണു ഗുജറാത്ത് മുഖ്യമന്ത്രിയായി ഞാന്‍ ചുമതലയേറ്റത്. എന്നെപ്പോലെ എളിയ കാര്യകര്‍ത്താവിനെ സംസ്ഥാനഭരണത്തിന്റെ തലപ്പത്തു ചുമതലപ്പെടുത്തിയത് എന്റെ കക്ഷിയായ ബിജെപിയുടെ മഹത്വമാണ്.”

”ഞാന്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍, 2001ലെ കച്ച് ഭൂകമ്പം, അതിനുമുമ്പു തീവ്രമായ ചുഴലിക്കാറ്റ്, വന്‍വരള്‍ച്ച, കൊള്ളയും വര്‍ഗീയതയും ജാതീയതയും തുടങ്ങി പതിറ്റാണ്ടുകള്‍ നീണ്ട കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തിന്റെ പാരമ്പര്യം എന്നിങ്ങനെ നിരവധി വെല്ലുവിളികള്‍ ഗുജറാത്ത് നേരിട്ടിരുന്നു. ജനങ്ങളുടെ കരുത്തിനാല്‍, ഞങ്ങള്‍ ഗുജറാത്തിനെ പുനര്‍നിര്‍മിക്കുകയും സംസ്ഥാനം പരമ്പരാഗതമായി അറിയപ്പെടാതിരുന്ന കാര്‍ഷികമേഖലയിലുള്‍പ്പെടെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്കു നയിക്കുകയും ചെയ്തു.”
”ഞാന്‍ മുഖ്യമന്ത്രിയായിരുന്ന 13 വര്‍ഷത്തിനിടയില്‍, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അഭിവൃദ്ധി ഉറപ്പാക്കുന്ന ‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം’ എന്നതിന്റെ തിളക്കമാര്‍ന്ന ഉദാഹരണമായി ഗുജറാത്ത് ഉയര്‍ന്നു. 2014ല്‍, ഇന്ത്യയിലെ ജനങ്ങള്‍ റെക്കോര്‍ഡ് ജനവിധി നല്‍കി എന്റെ കക്ഷിയെ അനുഗ്രഹിച്ചു. പ്രധാനമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ അതെന്നെ പ്രാപ്തനാക്കി. ചരിത്ര നിമിഷമായിരുന്നു അത്; കാരണം, 30 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു കക്ഷി പൂര്‍ണ ഭൂരിപക്ഷം നേടിയത്.”
”കഴിഞ്ഞ ദശകത്തില്‍, നമ്മുടെ രാജ്യം നേരിട്ട നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ നമുക്കു കഴിഞ്ഞു. 25 കോടിയിലധികം ജനങ്ങളെ ദാരിദ്ര്യത്തിന്റെ പിടിയില്‍നിന്നു മോചിപ്പിച്ചു. ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി. ഇതു പ്രത്യേകിച്ചും നമ്മുടെ എംഎസ്എംഇകളെയും സ്റ്റാര്‍ട്ടപ്പ് മേഖലയെയും മറ്റും സഹായിച്ചു. നമ്മുടെ കഠിനാധ്വാനികളായ കര്‍ഷകര്‍ക്കും നാരീശക്തിക്കും യുവശക്തിക്കും പാവപ്പെട്ടവര്‍ക്കും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും സമൃദ്ധിയുടെ പുതിയ വഴികള്‍ തുറന്നു.”

”ഇന്ത്യയുടെ വികസന കുതിപ്പുകള്‍ ആഗോളതലത്തില്‍ നമ്മുടെ രാജ്യത്തെ ഏറ്റവും ശുഭാപ്തിവിശ്വാസത്തോടെ കാണുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്. നമ്മോട് ഇടപഴകാനും നമ്മുടെ ജനങ്ങളില്‍ നിക്ഷേപം നടത്താനും നമ്മുടെ വിജയത്തിന്റെ ഭാഗമാകാനും ലോകം താല്‍പ്പര്യപ്പെടുന്നു. അതോടൊപ്പം, കാലാവസ്ഥാവ്യതിയാനം, ആരോഗ്യസംരക്ഷണം, സുസ്ഥിര വികസനലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കല്‍ തുടങ്ങി നിരവധി ആഗോളവെല്ലുവിളികളെ അതിജീവിക്കാന്‍ ഇന്ത്യ വിപുലമായി പ്രവര്‍ത്തിക്കുന്നു.”
”വര്‍ഷങ്ങളായി വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. പക്ഷേ ഇനിയുമേറെ ചെയ്യാനുണ്ട്. ഈ 23 വര്‍ഷംകൊണ്ടു മനസിലാക്കിയ കാര്യങ്ങള്‍ ദേശീയതലത്തിലും ആഗോളതലത്തിലും സ്വാധീനം ചെലുത്തിയ, വഴികാട്ടിയായ സംരംഭങ്ങള്‍ കൊണ്ടുവരാന്‍ നമ്മെ പ്രാപ്തരാക്കി. ജനസേവനത്തില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് എന്റെ സഹപൗരന്മാര്‍ക്കു ഞാന്‍ ഉറപ്പു നല്‍കുന്നു. വികസിതഭാരതം എന്ന നമ്മുടെ കൂട്ടായ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നതുവരെ ഞാന്‍ വിശ്രമിക്കില്ല.’



By admin