മീററ്റ് : മുന്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുതിനെ (29) കഷണങ്ങളാക്കി സിമന്റില്‍ പൊതിഞ്ഞ് ഡ്രമ്മിനുള്ളിലിട്ട സംഭവത്തില്‍ ഭാര്യ മുസ്‌കന്‍ റസ്‌തോഗി (27), കാമുകന്‍ സാഹില്‍ ശുക്ല (25) എന്നിവരെ കോടതി റിമാന്‍ഡു ചെയ്തു. ഭാര്യയുടെ ജന്മദിനാഘോഷത്തിനായി ലണ്ടനില്‍ നിന്ന് മീററ്റിലെ വീട്ടിലെത്തിയ സൗരഭിനെയാണ് കാമുകനുമായി ചേര്‍ന്ന് ഭാര്യ മുസ്‌കന്‍ റസ്‌തോഗി കൊലപ്പെടുത്തിയത്. സാഹിലും മുസ്‌കാനും മയക്കുമരുന്നിന് അടിമകളായിരുന്നു. 2019 ല്‍ ഒരു സ്‌കൂള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി പുനരാരംഭിച്ച സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു.
വിദേശത്ത് ജോലി ചെയ്തിരുന്ന സൗരഭ് ഇല്ലാത്തതിനാല്‍ ഈ ബന്ധം കൂടുതല്‍ ശക്തമായി. മുസ്‌കാനും സാഹിലും കൂടുതല്‍ അടുക്കുന്നതിന് മയക്കുമരുന്ന് പ്രധാന പങ്ക് വഹിച്ചിരിക്കാമെന്നും പോലീസ് പറയുന്നു.
സൗരഭിനെ ഉപേക്ഷിച്ച് സാഹിലിനെ വിവാഹം കഴിക്കാന്‍ വേണ്ടയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയശേഷവും പരമ്പരാഗതരീതിയില്‍ സിന്ദൂരം ധരിച്ചാണ് മുസ്‌കാന്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ നിന്നത്. ‘അവള്‍ ഒരിക്കലും ജനിക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു, എന്ന് സംഭവത്തെക്കുറിച്ച് ‘ മുസ്‌കന്‌റെ അമ്മ കവിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
കൊലപാതകം മുസ്‌കാനും സാഹിലും സൂക്ഷ്മമായി ആസൂത്രണം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. മാര്‍ച്ച് 4 ന്, മുസ്‌കാന്‍ ഭര്‍ത്താവിന്റെ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധരഹിതനാക്കിയശേഷം സഹിലിനൊപ്പം ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്, ശരീരം കഷണങ്ങളാക്കി ഡ്രമ്മിലൊളിപ്പിച്ചു.
സൗരഭിന്റെ മൃതദേഹം അടങ്ങിയ ഡ്രം വീട്ടില്‍ നിന്ന് കണ്ടെടുത്തതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.