
ഭാരതീയ ഭാഷാ വിജ്ഞാനീയം അതിവിപുലവും അത്യന്തം സൂക്ഷ്മവുമാണ്. ഭാരതീയ ജ്ഞാന വ്യവസ്ഥയില്‍ഭാഷ കേവലം ആശയവിനിമയ ഉപാധിയല്ല. ശബ്ദ ബ്രഹ്‌മത്തില്‍ വരെ എത്തിനില്‍ക്കുന്ന അഗാധമായൊരു തലം ഭാഷയ്‌ക്കുണ്ട്. ആധുനിക ഭാഷാ ശാസ്ത്രജ്ഞര്‍ ഇതിനു മുന്‍പില്‍ അമ്പരന്നു നില്‍ക്കുന്നു. വാക്യപദീയം എന്ന വിശിഷ്ട ഗ്രന്ഥത്തിലൂടെ ഭാഷാ വിജ്ഞാനീയത്തിന്റെ അവസാനവാക്ക് എന്നു പറയാവുന്ന സ്‌ഫോട തത്ത്വം ആവിഷ്‌കരിച്ച
ഭര്‍ത്തൃഹരിയുടെ ദര്‍ശനത്തെ മുന്‍നിര്‍ത്തിയുള്ള വിചാരങ്ങള്‍ ഈ ലക്കം മുതല്‍ വായിക്കുക. ഭര്‍ത്തൃഹരിയുടെ ദര്‍ശനത്തിന്റെയും ജാക് ദറിദയുടെ ചിന്തകളുടെയും താരതമ്യ പഠനത്തില്‍ യുജിസിക്ക് മേജര്‍ പ്രോജക്റ്റ് സമര്‍പ്പിച്ചിട്ടുള്ളയാളും, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഫിലോസഫി വിഭാഗം മുന്‍ അധ്യക്ഷയുമാണ് ലേഖിക
അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭാരതീയ തത്വജ്ഞാനിയും വൈയ്യാകരണനുമായ ഭര്‍ത്തൃഹരി ലോക പ്രശസ്ത ഭാഷാ ശാസ്ത്രകാരന്‍ ആണെന്നു മാത്രമല്ല, ഈ ആചാര്യന്റെ ഭാഷാ ദര്‍ശനം ഇന്നും ആഗോള തലത്തില്‍ ഭാഷാ രംഗത്ത് സജീവമായി നില്‍ക്കുകയും ചെയ്യുന്നു. കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളും ഉത്തരാധുനിക ചിന്തകരും ഒത്തുചേര്‍ന്ന് പുരാതന സംസ്‌കാരത്തെ മാത്രമല്ല, അതിലധിഷ്ഠിതമായ ഭാഷാ ദര്‍ശനത്തെയും വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തില്‍ ഭര്‍ത്തൃഹരി രചിച്ച ഭാരതീയരുടെ ആധികാരിക സംസ്‌കൃത ഗ്രന്ഥങ്ങളിലൊന്നായ ‘വാക്യപദീയം’ എന്ന വിഖ്യാത കൃതി ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയുണ്ട്.
‘വാക്യപദീയം’ ബ്രഹ്‌മകാണ്ഡം അഥവാ ആഗമകാണ്ഡം, വാക്യകാണ്ഡം, പദകാണ്ഡം എന്നിങ്ങനെ മൂന്നു കാണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ബ്രഹ്‌മകാണ്ഡത്തിലാണ് ഭാഷയുടെ അടിസ്ഥാന തത്വങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഭാഷയും ആത്യന്തിക സത്യവും തമ്മിലുള്ള അഭേദ്യ ബന്ധവും ഇതില്‍ സ്ഥാപിക്കപ്പെടുന്നു. ബ്രഹ്‌മകാണ്ഡത്തിലെ അടിസ്ഥാന സിദ്ധാന്തം ഭര്‍ത്തൃഹരിയുടെ ഭാഷാ ദര്‍ശനത്തെ അദ്വൈത ദര്‍ശനത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുന്നതിനാല്‍ വാക്യപദീയത്തിലെ തത്ത്വജ്ഞാനം ‘ശബ്ദാദ്വൈതം’ എന്ന പേരില്‍ അറിയപ്പെടുന്നു. ഭാഷയും മനസ്സും തമ്മിലുള്ള അഭേദ്യബന്ധം വിസ്തരിക്കുന്നതിലൂടെ, മനോവ്യാപാരത്തിന്റെ ഗതിയും മനഃശാസ്ത്രപരമായ അറിവും വാക്യപദീയത്തില്‍ കാണാന്‍ സാധിക്കും. ആശയവിനിമയ കാര്യത്തില്‍ വാക്കിനെക്കാള്‍ വാക്യത്തിനുള്ള പ്രാധാന്യം എടുത്തു കാട്ടുന്നതാണ് രണ്ടാമത്തെ ഭാഗമായ വാക്യകാണ്ഡം. പദങ്ങളും അവയുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളുമാണ് മൂന്നാമത്തെ പദകാണ്ഡത്തിലെ വിഷയം.
വൈയ്യാകരണ സമ്പ്രദായം
പൗരാണിക ഭാരതത്തിലെ ഭാഷാശാസ്ത്രകാരന്മാരുടെ മുന്‍നിരയില്‍ പ്രതിഷ്ഠിതരായ വൈയ്യാകരണന്മാരായ പാണിനി, പതഞ്ജലി, ഭര്‍ത്തൃഹരി എന്നിവരുടെ അതുല്യസംഭാവനകള്‍ ഇന്നും ലോകോത്തരങ്ങളായി നിലനില്‍ക്കുന്നവയാണ്. ഇവരുടെ ഭാഷാശാസ്ത്രം ഭാഷയുടെ വിവിധ ഘടകങ്ങള്‍, അവയുടെ രൂപീകരണം, ഭാഷാഘടന, അര്‍ത്ഥശാസ്ത്രം എന്നിവയുടെ സാങ്കേതിക നിയമങ്ങള്‍ തുടങ്ങി തത്വജ്ഞാനത്തിന്റെ അഗാധതലങ്ങള്‍ വരെയുള്ള ദര്‍ശനമുള്‍ക്കൊള്ളുന്നതാണ്.
ക്രിസ്തുവിനു മുന്‍പ് അഞ്ചാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനുമിടക്ക് ജീവിച്ചിരുന്ന പാണിനിയുടെ ‘അഷ്ടാധ്യായി’ പ്രദര്‍ശിപ്പിക്കുന്ന അനന്യ രചനാശില്പം ഇന്നും ഭാഷാ ശാസ്ത്ര ഭൂമികയുടെ ഗിരിശൃംഗത്തില്‍ ശിരസ്സുയര്‍ത്തി നിലകൊള്ളുന്നു. സംസ്‌കൃതത്തെ വ്യാകരണ നിയമബദ്ധമാക്കുക വഴി മാതൃകാ ഭാഷയാക്കി മാറ്റിയതില്‍ പാണിനിയുടെ പ്രതിഭയാണ് പ്രവര്‍ത്തിച്ചത്. ‘അഷ്ടാധ്യായി’യില്‍ പ്രകടമാകുന്ന നിയമാനുസൃത പദരൂപീകരണവും ക്രമാന്വിത പദപ്രയോഗ രീതിയും ലോകത്തിലെ മറ്റ് ഭാഷകള്‍ക്ക് ആദര്‍ശമാണെന്ന കാര്യം വിഖ്യാതരായ ഭാഷാപണ്ഡിതന്മാര്‍ വിലയിരുത്തിയിട്ടുള്ളതാണ്. വര്‍ണങ്ങളുടെയും അര്‍ത്ഥം വഹിക്കുന്ന ഭാഷാഘടകങ്ങളുടെയും സംയോഗത്താല്‍ പദോല്‍പ്പത്തി എപ്രകാരമാണെന്ന നിയാമക വ്യവസ്ഥ സ്ഥാപിച്ചതിലൂടെ പദരൂപവിജ്ഞാനത്തിന് (ങീൃുവീഹീഴ്യ) മഹത്തായ സംഭാവനയാണ് ഭാരതീയ വൈയ്യാകരണന്മാര്‍ നല്‍കിയത്. വാക്യങ്ങളിലെ പദവ്യവസ്ഥ (ട്യിമേഃ), അര്‍ത്ഥവിജ്ഞാനം (ടലാമിശേര), പദങ്ങളുടെ അര്‍ത്ഥസാമ്യങ്ങള്‍, അര്‍ത്ഥഭേദങ്ങള്‍ എന്നിങ്ങനെ പല തലങ്ങളില്‍ നിന്നുകൊണ്ടുള്ള പഠനങ്ങള്‍ വഴി ഭാഷയ്‌ക്ക് അനശ്വര സംഭാവനകള്‍ നല്‍കിയ വൈയ്യാകരണന്മാര്‍ ഭാരതീയ ഭാഷാശാസ്ത്രത്തിനു മാത്രമല്ല, ആധുനിക പാശ്ചാത്യ ഭാഷാപഠനങ്ങള്‍ക്കും മാതൃകയായിത്തീര്‍ന്നുവെന്നത് വിസ്മയാവഹമായ നേട്ടമാണ്.
പാണിനിയുടെ അതിസങ്കീര്‍ണമായ ഭാഷാശാസ്ത്ര പഠനങ്ങള്‍ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പാണല്ലോ നടന്നിരുന്നത്. എന്നാല്‍ ഈ ആചാര്യന്റെ വ്യാകരണ സൂക്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിയമങ്ങള്‍ ആധുനിക ശാസ്ത്രലോകത്തിലെ കമ്പ്യൂട്ടറുകളുടെ യാന്ത്രിക കൃത്യതയുള്ള ഭാഷയുമായി ഒത്തുപോകുന്ന വിധം പൂര്‍ണ്ണത കൈവരിച്ചിരുന്നു. മറ്റ് ഭാഷകള്‍ക്ക് മാതൃകയാക്കാവുന്ന വിധം ഉന്നത മികവു പുലര്‍ത്തുന്ന പാണിനീയം പ്രശസ്ത ഭാഷാ പണ്ഡിതന്മാരായ ബ്ലൂംഫീല്‍ഡ്, നോം ചോമ്സ്‌കി മുതലായവരുടെ പ്രശംസയ്‌ക്ക് പാത്രീഭവിച്ചിട്ടുണ്ട്.
ഭാഷ്യരചനകള്‍ക്ക് ആദര്‍ശമായിട്ടുള്ള പതഞ്ജലിയുടെ ‘മഹാഭാഷ്യം’ പാണിനിയുടെ ‘അഷ്ടാധ്യായി’ക്ക് സൂക്ഷ്മവും ബൃഹത്തുമായ വ്യാഖ്യാനം നല്‍കുകയും, പാണിനീയ വ്യാകരണ നിയമങ്ങള്‍ വിശദമാക്കുകയും ചെയ്യുകവഴി സംസ്‌കൃത ഭാഷയെ കൂടുതല്‍ നിശ്ചിതവും സൂക്ഷ്മവുമാക്കിത്തീര്‍ത്തു. എന്നു മാത്രമല്ല, പില്‍ക്കാലത്ത് വികസിച്ചുവന്ന ഭാരതീയ ഭാഷാശാസ്ത്രത്തിന് ശക്തമായ അടിത്തറയും നല്‍കി. ആധുനിക കാലത്തെ പാശ്ചാത്യ ഭാഷ്യകാരന്മാര്‍ക്ക് ദിശാബോധം നല്‍കാനും പ്രചോദനമാകാനും ഈ ഉത്തമ ഭാഷ്യത്തിന് കഴിഞ്ഞു.
സാധാരണയായി ഭാഷാശാസ്ത്രഗ്രന്ഥങ്ങളില്‍ കാണുന്നതുപോലെ ഭാഷാനിയമങ്ങള്‍ വ്യക്തമാക്കുക മാത്രമല്ല ഭര്‍ത്തൃഹരിയുടെ വാക്യപദീയം ചെയ്യുന്നത്. ആ നിയമങ്ങളെ അതിക്രമിച്ചു നില്‍ക്കുന്ന ഭാഷയുടെ അതീന്ദ്രീയ തലങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള സിദ്ധാന്തമാണ് വാക്യപദീയത്തിന്റെ പ്രത്യേകത. ഭാഷയില്‍ അടങ്ങിയിട്ടുള്ള ‘സ്ഫോടം’ എന്ന സൂക്ഷ്മ തത്ത്വം ഭാഷയുടെ വ്യത്യസ്ത ഘടകങ്ങളെ യോജിപ്പിച്ചു നിര്‍ത്തുന്നതിലൂടെ ഭാഷയെ സംഘടിതമാക്കുകയും, അര്‍ത്ഥവിനിമയത്തിന് യോഗ്യമാക്കുകയും ചെയ്യുന്നുവെന്ന സിദ്ധാന്തമാണ് വാക്യപദീയം മുന്നോട്ടുവയ്‌ക്കുന്നത്. സ്ഫോട തത്ത്വത്തിലൂടെ മനസ്സ്, പ്രപഞ്ചം, പ്രപഞ്ചാതീത സത്യം എന്നിവയുമായി ഭാഷയെ ഏകോപിക്കുന്നതാണ് ഈ മഹദ്ഗ്രന്ഥത്തിന്റെ സവിശേഷത.
ആധുനിക യൂറോപ്പില്‍ പ്രചരിച്ച ഘടനാവാദത്തിന് വഴിതെളിച്ചത് വാക്യപദീയത്തിലെ സിദ്ധാന്തമാണ്. വിദേശ സംസ്‌കൃത പണ്ഡിതന്‍ ഫെര്‍ഡിനന്റ് ദെ സൊസൂറാണ് ഘടനാവാദത്തിന്റെ പ്രോക്താവ്. പിന്നീട് അമേരിക്കയില്‍ ലിയോനാര്‍ഡ് ബ്ലൂംഫീല്‍ഡും ഘടനാവാദം പ്രചരിപ്പിക്കുകയുണ്ടായി. ആത്യന്തിക സത്യത്തിന്റെ പ്രകാശനമാണ് ഭാഷ എന്നതാണ് വാക്യപദീയത്തിലെ പ്രധാന ദര്‍ശനം:
അനാദി നിധനം ബ്രഹ്‌മ
ശബ്ദതത്ത്വം യദക്ഷരം
വിവര്‍തതേ?ര്‍ത്ഥ ഭാവേന
പ്രക്രിയാ ജഗതോ യതഃ
(യാതൊന്നാണോ ആദിയും അന്തവുമില്ലാത്തത്, അനശ്വരമായ യാതൊന്നില്‍ നിന്നാണോ പ്രപഞ്ച സൃഷ്ടി സംഭവിച്ചത്, ആ ബ്രഹ്‌മത്തിന്റെ സ്വരൂപം ശബ്ദതത്ത്വമാകുന്നു. ശബ്ദതത്ത്വമാണ് വസ്തുക്കളായി പ്രത്യക്ഷീഭവിക്കുന്നത്)
ആദ്യ കാരികയില്‍ ത്തന്നെ ശബ്ദതത്ത്വത്തെ ബ്രഹ്‌മത്തിന്റെ സ്വരൂപമായി നിര്‍വചിച്ചിരിക്കുന്നു. അതിനാല്‍ ശബ്ദതത്ത്വം അനാദിയും അനന്തവും അനശ്വരവും (അക്ഷരം) ആകുന്നു. പ്രപഞ്ചത്തിനും വസ്തുക്കള്‍ക്കും കാരണം ശബ്ദതത്ത്വമാകുന്നു. വൈദിക ദര്‍ശനത്തിലും ശബ്ദം അഥവാ ‘വാക്ക്’ ആത്യന്തിക സത്യമാകുന്ന ബ്രഹ്‌മത്തോട് സാമ്യമുള്ള തത്ത്വമാണ്. തൈത്തിരീയ ബ്രാഹ്‌മണവും മാണ്ഡൂക്യ ഉപനിഷത്തും വാക്കിനെ ബ്രഹ്‌മമായി കാണുന്നത് ഇതിന് ഉദാഹരണമാണ്. ഇവിടെ ‘വാക്ക്’ ‘ശബ്ദബ്രഹ്‌മം’ എന്നറിയപ്പെടുന്നു. വാക്ക് അതിന്റെ പരമമായ അവസ്ഥയില്‍ ബ്രഹ്‌മം തന്നെയാകുന്നുവെന്നാണ് ഭര്‍ത്തൃഹരിയും സ്ഥാപിക്കുന്നത്. വൈദിക വാഗ്വ്യവഹാരത്തില്‍ ‘ബ്രഹ്‌മ’ ശബ്ദത്തിന് പരബ്രഹ്‌മം എന്ന അര്‍ത്ഥം കൂടാതെ ‘വേദം’, ‘ഓങ്കാരം’ എന്നീ അര്‍ത്ഥങ്ങളുമുണ്ട്.
അപനിര്‍മാണത്തിന്റെ ഭാഷാ ദുര്‍വിനിയോഗം
ഈ ദര്‍ശനത്തിനു നേരെ വിപരീതമാണ് ഉത്തരാധുനിക ഭൗതികവാദത്തിന്റെ ഭാഷാസങ്കല്പം. ഭാഷയില്‍ നിന്ന് അതീന്ദ്രിയ ശക്തികളെ ഉന്മൂലനം ചെയ്യുകയെന്നതാണ് വൈദേശികമായ ഈ പുതിയ ആശയത്തിന്റെ ലക്ഷ്യം. ഇതിനാലാണ് ഭാരതീയരുടെ ഇതിഹാസ രചനകളെ അപനിര്‍മാണ ശൈലി ഉപയോഗിച്ച് ഇക്കൂട്ടര്‍ എതിര്‍ക്കുന്നത്. ഭാരതത്തിലെ പുരാതന ഭാഷാവ്യവഹാര സമ്പ്രദായത്തില്‍ തര്‍ക്കത്തിനും വളരെ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. സന്ദേഹരഹിതമായ അറിവ് ലഭ്യമാക്കാന്‍ തര്‍ക്കം ഉപയോഗപ്രദമാണ്. അതിനാല്‍ വാദം (തര്‍ക്കം), പ്രതിവാദം (ജല്പം) വിതണ്ഡാവാദം (നിഷേധാത്മക വിമര്‍ശനം) എന്നിങ്ങനെയുള്ള രീതികള്‍ ഭാരതീയര്‍ അവലംബിച്ചിരുന്നു. ഇവയില്‍ വിതണ്ഡാവാദത്തെ കുതര്‍ക്കം എന്നും ആക്ഷേപിക്കാറുണ്ട്. കാരണം ഇതില്‍ പലപ്പോഴും സാമാന്യതത്ത്വങ്ങളെ ആശ്രയിച്ചുകൊണ്ടുള്ള സത്യസന്ധമായ തര്‍ക്കത്തിനു പകരം നിഷേധാത്മകതയാണ് മുന്നിട്ടു നില്‍ക്കുന്നത്. ഇവിടെ നിഷേധിക്കുന്നതിലുള്ള അമിത താല്പര്യം കാരണം യഥാര്‍ത്ഥത്തിലുള്ള അറിവു നേടുകയെന്ന ലക്ഷ്യത്തില്‍ നിന്ന് അകന്നു മാറുന്നതു കാണാം. ഉത്തരാധുനികരുടെ അപനിര്‍മാണ ശൈലിയെ കുതര്‍ക്കമായി കരുതുന്നതില്‍ തെറ്റില്ല. കാരണം ആത്മീയമായ എന്തിനെയും എതിര്‍ക്കുകയെന്ന പദ്ധതിയാണ് അവരുടെ പുതിയ ശൈലിക്ക് പിന്നിലുള്ളത്. യഥാര്‍ത്ഥ തര്‍ക്കത്തിലൂടെ അതീന്ദ്രിയ സാന്നിധ്യത്തെ നിഷേധിക്കാന്‍ സാധിക്കാത്തതിനാല്‍ അപനിര്‍മാണം എന്ന പേരില്‍ ആത്മീയ സംസ്‌കാരത്തെ പാര്‍ശ്വവത്കരിക്കുകയും, ഭൗതിക വാദത്തെ കേന്ദ്രീകൃതമാക്കുകയും ചെയ്യുന്നതിലൂടെ കുതര്‍ക്കത്തെയാണ് ഇവര്‍ അവലംബിച്ചിരിക്കുന്നത്. സര്‍വ്വ ശ്രേഷ്ഠനായ രാമനെ ആരോപണ വിധേയനാക്കുകയും, അധര്‍മ്മിയായ രാവണനെ നായകനാക്കുകയും ചെയ്യുന്ന രാമായണ പുനര്‍വായന ഇതിന് ഉദാഹരണമാണ്. ദുഷ്‌ക്കര്‍മികളായ ദുര്യോധനനെയും കര്‍ണനെയും കുറ്റവിമുക്തരാക്കുകയും, ധര്‍മ്മിഷ്ഠരായ കുന്തിയെയും പാണ്ഡവരെയും അധിക്ഷേപ വിധേയരാക്കുകയും ചെയ്യുന്ന മഹാഭാരത പുനര്‍വായനയിലും യഥാര്‍ത്ഥത്തിലുള്ള വാദ-പ്രതിവാദമല്ല കാണാന്‍ സാധിക്കുന്നത്. ആത്മീയതയെ പ്രതിരോധിക്കാനുള്ള കുതര്‍ക്കം മാത്രമാണ്. അപനിര്‍മാണ ശൈലിയുടെ അപകടങ്ങളാണിത്.
താടകയെ വധിച്ചതിനും ശൂര്‍പ്പണഖയെ അംഗഛേദം ചെയ്തതിനും രാമനെ പഴിപറയുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആത്മീയതയില്‍ അധിഷ്ഠിതമായ ഭാരതീയരുടെ ധാര്‍മ്മികതയെ ചോര്‍ത്തിക്കളയാന്‍ വേണ്ടിയുള്ള കുബുദ്ധി മാത്രമാണ്. സ്ത്രീപക്ഷമെന്ന പേരിലാണ് ഈ കുബുദ്ധി പ്രയോഗിക്കുന്നതെന്നു മാത്രം. കാമാന്ധയായ ശൂര്‍പ്പണഖ രാമനെ ലഭിക്കാന്‍ വേണ്ടി സീതയെ പിടിച്ചുതിന്നാന്‍ ഒരുങ്ങിയ രാക്ഷസിയാണെന്നും, മനുഷ്യരെ ഭക്ഷിക്കുന്ന താടകയെന്ന യക്ഷിയെ ജനക്ഷേമത്തിനായി വിശ്വാമിത്രന്റെ ആജ്ഞയാലാണ് രാമന്‍ വധിച്ചതെന്നുമുള്ള വാല്മീകിയുടെ രചനയെ വക്രീകരിക്കുന്നവര്‍ സ്ത്രീപക്ഷത്തല്ല നിലകൊള്ളുന്നത്, മറിച്ച് കാമാസക്തിയുടെയും അക്രമത്തിന്റെയും പക്ഷത്താണ്.
(തുടരും)