ന്യൂദല്‍ഹി: ഭാരതം ഇന്ന് ആഗോള ഭൂപടത്തില്‍ അവഗണിക്കാന്‍ പോലും കഴിയാത്ത സുപ്രധാന ശക്തിയാണെന്ന് ഇറ്റാലിയന്‍ നയതന്ത്രജ്ഞനും അംബാസഡറുമായ ഫ്രാന്‍സെസ്‌കോ ടാലോ.
ഭാരത-പശ്ചിമേഷ്യ- യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി പദ്ധതി) നിലവിലെ ആഗോള സാഹചര്യത്തില്‍ ഏറെ നിര്‍ണായകമാണ്. ഭാരതമില്ലാതെ ഈ പദ്ധതിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും ഫ്രാന്‍സെസ്‌കോ ടാലോ പറഞ്ഞു.
ഭാരതം, സൗദി അറേബ്യ, യൂറോപ്പ് എന്നിവയെ ഒരു വലിയ റോഡ്, റെയില്‍, ഷിപ്പിങ് ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഭാരത-പശ്ചിമേഷ്യ- യൂറോപ്പ് സാമ്പത്തിക ഇടനാഴി. ഏഷ്യ, പശ്ചിമേഷ്യ, പടിഞ്ഞാറന്‍ രാജ്യങ്ങള്‍ എന്നിവ തമ്മിലുള്ള സംയോജനം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2023 സപ്തംബറില്‍ ദല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയിലാണ് പദ്ധതിക്ക് അന്തിമരൂപം നല്കിയത്. വലിയ പ്രതീക്ഷകളോടെയാണ് ഈ പദ്ധതി ആരംഭിച്ചതെന്ന് ഫ്രാന്‍സെസ്‌കോ ടാലോ പറഞ്ഞു.
ആഗോള സുരക്ഷാ വെല്ലുവിളികള്‍ സൃഷ്ടിച്ച അസ്ഥിരതയ്‌ക്കും അനിശ്ചിതത്വത്തിനും ഇടയില്‍ ഇത്തരമൊരു പദ്ധതി പ്രത്യേകിച്ചും ആവശ്യമാണ്. ഈ പദ്ധതി വ്യാപാരം, ചരക്ക് കൈമാറ്റം, ഊര്‍ജം, ഡാറ്റ എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഈ മൂന്ന് മേഖലകളിലും ഭാരതം ഏറെ മുന്‍പന്തിയിലാണ്. അതിനാല്‍, തീര്‍ച്ചയായും ഭാരതം പ്രധാനമാണ്, ഫ്രാന്‍സെസ്‌കോ ടാലോ പറഞ്ഞു.
മുംബൈയെ മെഡിറ്ററേനിയന്‍ കടലിലെ ഇറ്റാലിയന്‍ തുറമുഖമായ ജെനോവയുമായും പിന്നീട് ജെനോവയില്‍ നിന്ന് മുഴുവന്‍ യൂറോപ്പുമായും ബന്ധിപ്പിക്കുന്ന ബ്ലൂ രാമന്‍ എന്ന കേബിള്‍ പദ്ധതിയും വൈകാതെ തന്നെ നടപ്പിലാകുമെന്നും ഫ്രാന്‍സെസ്‌കോ ടാലോ സൂചിപ്പിച്ചു.