• Mon. Sep 8th, 2025

24×7 Live News

Apdin News

ഭാരതം ചൈനയെ ആശ്രയിക്കുന്നോ ?

Byadmin

Sep 7, 2025



ഭാരതവും ചൈനയുീ തമ്മിലുള്ള സഹകരണത്തിന് പിന്നില്‍ അമേരിക്കയുടെ താരിഫ് നയമാണെന്നും അതിനാല്‍ യുഎസിനെ നേരിടാന്‍ ഭാരതം ചൈനയെ ആശ്രയിക്കുന്നുവെന്നാണ് പ്രചാരണീ. ഭാരതവും അമേരിക്കയും തമ്മിലുള്ള ബന്ധം തകര്‍ന്നുവെന്നുള്ള തെറ്റായ ധ്വനിയും ഇതിലൂടെ നല്‍കുന്നുണ്ട്. ഷാഹ്ങായി കോപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ് സിഒ) ചൈനയില്‍ നടന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതായിരുന്നു ഇതിന് തെളിവായി ഉയര്‍ത്തുന്നത്. എസ് സി ഒയുടെ 2025 ലെ സമ്മേളനം 2024 ഒക്ടോബറില്‍ നിശ്ചയിക്കുമ്പോള്‍ ഇന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ പോലും എത്തിയിട്ടില്ലയെന്നുള്ളതാണ് വാസ്തവം. അതുകൊണ്ടു തന്നെ ഒരു തെറ്റായ സന്ദേശമാണ് ഇന്നാകമാനം പടരുന്നത്. രാജ്യ താത് പര്യം അടിയറവ് വെയ്‌ക്കാത്ത ഭാരതം എല്ലാ രാജ്യങ്ങളുമായും ഒരു പോലെ ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് മാത്രമല്ല, ഒരു പക്ഷത്തിന്റെയും ഒരു ശാക്തിക ചേരിയുടെയും ഭാഗമല്ല.

ചൈന സഹകരണം പെട്ടെന്നുണ്ടായതോ?

ഭാരതം- ചൈന പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും സഹകരണം ശക്തിപ്പെടുത്തുവാനുമുള്ള തീരുമാനം പെട്ടെന്നുണ്ടായതല്ല. കഴിഞ്ഞ കുറച്ചു നാളായി നടന്നുവന്നിരുന്നൊരു പ്രക്രിയയുടെ ഭാഗമാണ്. 2024 ഏപ്രിലില്‍ തന്നെ ഭാരതവും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഒരു മാസികയ്‌ക്ക് നല്‍കിയ അഭിമുഖ്യത്തില്‍ പ്രധാനമന്ത്രി ആഗ്രഹം പ്രകടി പ്പിക്കുകയുണ്ടായി. ചൈനയും ഇതേ ആവശ്യം വിവിധ സന്ദര്‍ഭങ്ങളില്‍ ഉയര്‍ത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നീണ്ട പതിനെട്ട് മാസങ്ങള്‍ക്ക് ശേഷം ചൈന തങ്ങളുടെ അംബാസിഡറെ ഭാരതത്തില്‍ നിയമിച്ചു. മാത്രമല്ല കടുത്ത ചൈനീസ് വിരോധിയായ ട്രംപ് തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ഉറപ്പായപ്പോള്‍ തന്നെ തങ്ങള്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് ചൈന ഭാരതത്തെ അറിയിക്കുകയും തത്ഫലമായി 2024 ഒക്ടോബര്‍ 21 ന് ഡെപ്‌സാങ്, ഡെര്‍മ്‌ചോക്ക് പ്രദേശങ്ങളിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) പട്രോളിംഗ് ക്രമീകരണങ്ങള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിലെത്തുകയും ചെയ്തു. ചുരുക്കത്തില്‍ 2020 ല്‍ ചൈന ഉന്നയിച്ച അവകാശ വാദങ്ങളില്‍ നിന്നും പിന്നോട്ട് പോവുകയാണുണ്ടായത്. 2017 ല്‍ ദോക്ലാമില്‍ ഭാരതത്തിന് മുന്നില്‍ സൈനികമായി അടിയറവ് പറഞ്ഞതിന് ശേഷമുണ്ടായ രണ്ടാമത്തെ പിന്മാറ്റമായിരുന്നു ഇത്. തുടര്‍ന്നാണ് 2024 ഒക്ടോബര്‍ 23 ന് റഷ്യയിലെ കസാനില്‍ നടന്ന ഷാഹ്ങായ് കോപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുീ തമ്മില്‍ കൂടികാഴ്ച നടന്നത്.

ഇതിന്റെ ഫലമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല സമ്പര്‍ക്കം ശക്തി പ്രാപിച്ചു. ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഈ സമയങ്ങളില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ്-യി യുമായി വിവിധ സന്ദര്‍ഭങ്ങളില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ടായിരുന്നു. നവംബറില്‍, ലാവോസില്‍ നടന്ന 11-ാമത് ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ ഇരു രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാര്‍ ഔപചാരിക ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. 2024 ഡിസംബര്‍ 18-ന് ഭാരതത്തിന്റെയും ചൈനയുടെയും പ്രത്യേക പ്രതിനിധികളുടെ 23-ാമത് യോഗം ബീയ്ജിംഗില്‍ നടന്നു. അഞ്ച് വര്‍ഷത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചകള്‍ക്കായി 2025 ജനുവരിയില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചൈന സന്ദര്‍ശിച്ചു. തുടര്‍ന്നുള്ള മാസങ്ങളില്‍ ഭാരതത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ ചൈനയുടെ വിദേശകാര്യ ഉപമന്ത്രി സണ്‍ വീഡോംഗുമായി ചര്‍ച്ച നടത്തി.

തുടര്‍ന്ന് 2025 ജൂലൈ പകുതിയോടെ (എസ്സിഒ) സമ്മേളനത്തിന് മുന്നോടിയായുള്ള യോഗത്തില്‍ പങ്കെടുക്കാന്‍ എസ്. ജയശങ്കര്‍ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി ചൈന സന്ദര്‍ശിച്ചു. തുടര്‍ന്ന് ആഗസ്ത് 18-19 തീയതികളില്‍ ചൈനീ
സ് വിദേശകാര്യ മന്ത്രി ഭാരതത്തിലെത്തുകയും വിവിധ ചര്‍ച്ചകള്‍ നടത്തുകയും എസ് സി ഒ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ആഗസ്ത് 31 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനത്തിനായി ചൈനയിലെത്തിയത്. ഇരു രാജ്യങ്ങളിലെയും സൈനിക നേതൃത്വങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പുറമെയാണ് ഭരണ നേതൃത്വങ്ങള്‍ നടത്തിയ കൂടികാഴ്ചകള്‍. ഈ സംഭവ വികസങ്ങള്‍ക്ക് അമേരിക്കന്‍ തീരുവയുമായോ അമേരിക്കയുടെ സമ്മര്‍ദങ്ങളുമായോ യാതൊരു ബന്ധവുമില്ല. പകരം ഭാരതത്തിന്റെ രാഷ്‌ട്രീയ, സാമ്പത്തിക താത്പര്യങ്ങള്‍ മാത്രമാണുള്ളത്. പ്രോട്ടോകോള്‍ മറന്നു കൊണ്ട് പെരുമാറിയ ഷി ജിന്‍ പിങ്ങു ചൈനയും ഗംഭീര സ്വീകരണമാണ് മോദിയ്‌ക്ക് നല്‍കിയത്.

ഭാരതം- അമേരിക്ക ബന്ധം ശക്തം

ഇപ്പോഴും ചൈനയെ പോലെ ഒരു പക്ഷെ അതിനേക്കാള്‍ ശക്തമാണ് ഭാരതവും അമേരിക്കയും തമ്മിലുള്ള ബന്ധം. പ്രസിഡന്റ് ട്രംപിന്റെ പ്രവര്‍ത്തന ശൈലിയും ഇന്നത്തെ തീരുവ യുദ്ധവും ഒഴിച്ചു നിര്‍ത്തിയാല്‍ സൈനിക രംഗത്തുള്‍പ്പടെ ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായ പങ്കാളിത്തം നിലവിലുണ്ട്. അതിന്റ ഏറ്റവും ഒടുവിലത്തെ ഉദാരണമാണ് പ്രൈമറി കൂളന്റ് പമ്പ് (പിസിപി) സാങ്കേതികവിദ്യ ഭാരതത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള കരാറില്‍ യുഎസിലെ ഫ്‌ലോസെര്‍വ് കോര്‍പ്പറേഷനും ഭാരതത്തിലെ കോര്‍ എനര്‍ജി സിസ്റ്റംസ് ലിമിറ്റഡും തമ്മില്‍ ഈ മാസമുണ്ടാക്കിയ കരാര്‍. യുഎസ് ഊര്‍ജ്ജ വകുപ്പിലെയും ഭാരത എംബസിയിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ വെച്ചാണ് കരാര്‍ ഔദ്യോഗികമായി ഒപ്പുവച്ചത്. തീരുവ യുദ്ധം നിലനില്‍ക്കെ യുഎസ് ഊര്‍ജ്ജ വകുപ്പും ഭാരതത്തിലെ ആണവോര്‍ജ്ജ വകുപ്പും (ഡിഎഇ) ഇത് അംഗീകരിച്ചു. മാത്രമല്ല, രണ്ട് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ചൈന സന്ദര്‍ശിച്ചതെന്നുള്ളത് ശ്രദ്ധേയമാണ്. നവംബറില്‍ ഭാരതവും അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയുമടങ്ങുന്ന ക്വാഡ് ചതുര്‍രാഷ്‌ട്ര സഖ്യ സമ്മേളനം ഭാരതത്തില്‍ സംഘടിപ്പിക്കുവാന്‍ പോവുകയാണ്. ഇത് ചൈനയെ അസ്വസ്ഥമാക്കുമെന്നതില്‍ സംശയമില്ല. സാമ്പത്തിക രംഗത്ത് അടുക്കുമ്പോഴും രാഷ്‌ട്രീയ സൈനിക രംഗത്ത് ഭാരതത്തിന് ചൈനയോടുള്ള മുന്‍ നിലപാടുകളില്‍ ഇപ്പോഴും മാറ്റമില്ല. അതിര്‍ത്തിയിലെ ഭൂമി തര്‍ക്കത്തില്‍ ചൈനയുടെ അവകാശ വാദങ്ങള്‍ ഇപ്പോഴും ഭാരതം അംഗീകരിക്കുന്നില്ല. ചൈനയുടെ താക്കീതുകള്‍ തള്ളിക്കൊണ്ട് 2024 ലും 2025 ലും ഫിലിപ്പീന്‍സിന് ബ്രാഹ്‌മോസ് മിസൈലുകള്‍ ഭാരതം നല്‍കി. ദക്ഷിണേഷ്യയിലെയും ദക്ഷിണ ചൈന കടലിലെയും ചൈനീസ് അതിക്രമമങ്ങളെയും തയ്വാന്‍ വിഷയത്തിലും ഭാരതത്തിന്റെ നിലപാടില്‍ ഇപ്പോഴും ഇളവ് വരുത്തിയിട്ടില്ല.

വാസ്തവത്തില്‍ ട്രംപ് അധികാരത്തിലേറിയപ്പോള്‍ ചൈനയാണ് തങ്ങളുടെ നിലപാടില്‍ അയവ് വരുത്തിയത്. കാരണം ഒരേ സമയം ഭാരതത്തെയും അമേരിക്കയേയും നേരിടേണ്ട സാഹചര്യമായിരുന്നു ഉരുത്തിരിഞ്ഞു വന്നത്. ഭാരതത്തിന് ചൈനയുമായുള്ള ബന്ധം തികച്ചും സാമ്പത്തികപരമാണ്. ചൈനയുടെ ആഭ്യന്തര വിപണിയിലെ അമിത ശേഷിയും അമേരിക്കയുമായുള്ള സാമ്പത്തിക യുദ്ധവും കണക്കിലെടുക്കുമ്പോള്‍ വിദേശ വിപണികളില്‍ പര്യവേക്ഷണം നടത്തിയില്ലെങ്കില്‍ തങ്ങള്‍ ആഗോള വാണിജ്യത്തില്‍ നിന്നും പുറത്തു പോകുമെന്ന ആശങ്ക ചൈനീസ് ഭരണകൂടത്തിനും ബിസിനസ്സ് സമൂഹത്തിനുമിടയില്‍ നിലനില്‍ക്കുന്നുണ്ട്. അമേരിക്കയുമായുള്ള മത്സരത്തിന്റെ ആഘാതത്തില്‍ ആഗോള കയറ്റുമതി വിപണികളിലേക്കുള്ള ചൈനയുടെ പ്രവേശനം ചുരുങ്ങുകയാണ്. ഇത് ചൈനയ്‌ക്ക് ഭാരത വിപണിയെ പ്രിയപ്പെട്ടതാക്കി മാറ്റുന്നു. പകരമായി ചൈനയില്‍ നിന്നും മൂലധന നിക്ഷേപമാണ് ഭാരതം പ്രതീക്ഷിക്കുന്നത്. മാത്രമല്ല തീരുവ യുദ്ധം മാറ്റിനിര്‍ത്തിയാല്‍ ഭാരതവും അമേരിക്കയും തമ്മിലുള്ള വാണിജ്യ ബന്ധം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഭാരതത്തിന് ഏറെ ഗുണം ചെയ്യും. ചൈനയേക്കാള്‍ കുറഞ്ഞ ഉത്പാദന ചിലവ്, അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ സാന്നിധ്യം, ജനാധിപത്യം തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഭാരതത്തിന് അനുകൂലമാണ്. 2020 മുതല്‍ 2024 വരെയുള്ള നാല് വര്‍ഷത്തിനുള്ളില്‍ ഭാരതത്തില്‍ നിര്‍മ്മിച്ച ഐഫോണുകളുടെ എണ്ണം 14 മടങ്ങ് വര്‍ദ്ധിച്ചുവെന്നും അതേസമയം ആപ്പിളിന്റെ ആഗോള ഉല്‍പ്പാദനത്തില്‍ ചൈനയുടെ പങ്ക് കുറഞ്ഞുവരികയാണെന്നും ചൈന തന്നെ ആശങ്ക രേഖപ്പെടുത്തിയത് ഇതിനുദാഹരണമാണ്. 2028 ല്‍ ലോകത്തെ മൂന്നാമത്തയും 2038 ല്‍ രണ്ടാമത്തെയും വലിയ സാമ്പത്തിക ശക്തിയായി ഭാരതം മാറുമെന്നാണ് പ്രവചനങ്ങള്‍ വിവിധ മേഖലകളില്‍ ഇതിനാവശ്യമായ സ്വയംപര്യാപ്തതയും വളര്‍ച്ചയും നേടേണ്ടതുണ്ട്. അതിനുള്ള മുന്നൊരുക്കമായി കൂടി കണ്ടുകൊണ്ടാണ് പുതിയ തീരുമാനങ്ങള്‍ ഭാരതമെടുത്തത്. അത് അമേരിക്കയെ ഭയന്നത് കൊണ്ടോ ചൈനയെ ആശ്രയിക്കുന്നതോ അല്ല.

 

By admin