സിക്കാര്‍ (രാജസ്ഥാന്‍): ലോകത്തിന്റെ ക്ഷേമം ആഗ്രഹിക്കുന്ന രാജ്യമാണ് ഭാരതമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് . ഋഷിമാരുടെ തപസ് ഈ രാഷ്‌ട്രത്തില്‍ ശക്തിയും വീര്യവും നിറച്ചിട്ടുണ്ട്. ധര്‍മ്മം എന്ന ആദര്‍ശം ലോകജനതയ്‌ക്ക് പകര്‍ന്നത് ഭാരതമാണ്. പ്രതിസന്ധികളുടെ കാലത്തും ഭാരതം ആ ദൗത്യം നിറവേറ്റിയിട്ടുണ്ടെന്ന് സര്‍സംഘചാലക് പറഞ്ഞു.
രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ ശ്രീ ജങ്കിനാഥ് ബഡാ മന്ദിര്‍, രേവാസ ധാമില്‍ രേവാസ പീഠാധീശ്വര്‍ സ്വാമി രാഘവാചാര്യ വേദാന്തി മഹാരാജിന്റെ ഒന്നാം അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രം കണ്ണുതുറക്കുന്നതിനു മുമ്പുതന്നെ, ഭാരതവും ഹിന്ദു സമൂഹവും ലോകത്തിന് സത്യം, ധര്‍മ്മം, ആത്മീയത എന്നിവയുടെ പാത കാണിക്കുകയും മനുഷ്യരാശിയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തുവരുന്നുവെന്ന് സര്‍സംഘചാലക് പറഞ്ഞു. നമുക്ക് നിരവധി ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. ചിലപ്പോള്‍ നമ്മള്‍ സ്വതന്ത്രരായിരുന്നു. ചിലപ്പോള്‍ സമ്പന്നരായിരുന്നു. ചിലപ്പോള്‍ ദരിദ്രരായി. ചിലപ്പോള്‍ നമ്മള്‍ ആശ്രിതരായി, അടിച്ചമര്‍ത്തപ്പെട്ടവരായി. എന്നിട്ടും ഈ പ്രവര്‍ത്തനം തുടര്‍ന്നു. ലോകത്തിന് ആവശ്യമുള്ളപ്പോഴെല്ലാം ഭാരതം ഉയര്‍ന്നുവരുന്നു എന്നതാണ് ചരിത്രം.
സ്വാതന്ത്ര്യാനന്തരമുള്ള നമ്മുടെ ചരിത്രം പരിശോധിച്ചാല്‍, ഭാരതം ഉയരുമെന്ന് ആര്‍ക്കും വാദിക്കാന്‍ കഴിയില്ല. എന്നാല്‍ അത് സംഭവിക്കുന്നു. സ്വാതന്ത്ര്യത്തിനുശേഷം, ജനാധിപത്യം ഇവിടെ തുടരില്ലെന്ന് പ്രവചിച്ചിരുന്നവരുണ്ട്. എന്നാല്‍ ജനാധിപത്യത്തിന് വെല്ലുവിളി നേരിട്ടപ്പോള്‍ ജനങ്ങള്‍ അതിനെ ചെറുത്തുനിന്നു, ജനാധിപത്യത്തെ സജീവമാക്കി. ഇന്ന്, അത്ഭുതകരമായ ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഭാരതം ലോകരാജ്യങ്ങളില്‍ മുന്നിലാണ്, മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.
സത്യം ഒന്നാണ്, അത് വിവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. അസത്യം കുറച്ചു കാലത്തേക്ക് മാത്രമേ നിലനില്‍ക്കൂ, അവശേഷിക്കുന്നത് സത്യം മാത്രമാകും. ശ്രീരാമകൃഷ്ണദേവന്റെ ജീവിതത്തിലെ ഒരു സംഭവമുണ്ട്. അദ്ദേഹം പഞ്ചവടിയില്‍ ഇരുന്ന് ഗംഗയെ നോക്കുകയായിരുന്നു. ഉറ്റുനോക്കുന്നതിനിടയില്‍, അദ്ദേഹം ധ്യാനത്തില്‍ മുഴുകി, ചുറ്റുമുള്ളവയുമായി ലയിച്ചു. മുന്നിലെ പച്ചപ്പിലൂടെ കടന്നുപോയ പശുവിന്റെ കാല്‍പ്പാടുകള്‍ അദ്ദേഹത്തിന്റെ നെഞ്ചില്‍ അവശേഷിച്ചു. മുഴുവന്‍ സൃഷ്ടിയിലും ഇത്തരത്തില്‍ ആഴത്തില്‍ ലയിച്ചു ചേരാനുള്ള അറിവിന്റെ താക്കോലാണ് ഗുരു. ഇത് നമ്മോടൊപ്പമുണ്ട്, ഈ താക്കോല്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. എല്ലാവരും ഒന്നാണെന്ന് ഋഷി മുനിമാര്‍ കരുതി. നമുക്ക് ലഭിച്ച മഹത്തായ ഈ ചിന്ത മുഴുവന്‍ ലോകത്തിനും നല്‍കണം. എന്നാല്‍ അത് ഒരാള്‍ക്ക് ചെയ്യാന്‍ കഴിയില്ല. ഇതിനായി, ഒരു രാഷ്‌ട്രം മുഴുവന്‍ അത് അവരുടെ ജീവിത ലക്ഷ്യമാക്കി ജീവിക്കണം. ഈ ലക്ഷ്യത്തോടെയാണ് ഋഷിമാര്‍ തപസിലൂടെ ഈ രാഷ്‌ട്രത്തെ സൃഷ്ടിച്ചതെന്ന്‌ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു,